മുക്കം: ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകർമസേന ശേഖരിച്ച മാലിന്യത്തിൽനിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ചെരിപ്പ് തരംതിരിച്ചു വിൽപന നടത്തി കാരശ്ശേരി പഞ്ചായത്ത്. നവകേരളം മിഷന്റെ ഇടപെടൽവഴി പഞ്ചായത്തുകളുടെ പിന്തുണയോടെ ജില്ലയിലാദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം.
പഞ്ചായത്തുകളിൽ പാഴ്വസ്തുക്കൾ ശേഖരിക്കുന്നതോടൊപ്പം ചെരിപ്പുകളും ശേഖരിച്ച് റിജക്ട് കാറ്റഗറിയിൽ പഞ്ചായത്തുകൾ പണം ചെലവഴിച്ച് കയറ്റിയയക്കുന്ന രീതിയാണ് നിലവിലുണ്ടായിരുന്നത്. പുതിയരീതിയിൽ 100 കിലോ ശേഖരിക്കുന്ന ചെരിപ്പിൽനിന്ന് 20 കിലോ വരെ പണം ലഭിക്കുന്നവയാണ്. ഈ തുക ഹരിതകർമസേന അംഗങ്ങൾക്ക് ലഭിക്കും.
ബാക്കി 80 കിലോ മാത്രമേ പഞ്ചായത്ത് പണം കൊടുത്ത് സംസ്കരിക്കേണ്ടതുള്ളൂ. മാലിന്യങ്ങളിൽനിന്ന് പരമാവധി വരുമാനം ലഭ്യമാക്കുക, മാലിന്യം പണം ചെലവഴിച്ച് കയറ്റിയയക്കുന്ന രീതി കുറക്കുക എന്നീ ലക്ഷ്യത്തോടെ ഹരിതകേരളം മിഷന്റെയും ഹരിതകർമസേന അംഗങ്ങളുടെയും തീരുമാനത്തിൽ നേരത്തെതന്നെ കുപ്പി-ചില്ല് എന്നിവ വിൽപന നടത്തിയും തുണിമാലിന്യം ചെലവില്ലാതെ കയറ്റിയയക്കുകയും ചെയ്തിരുന്നു.
ഇതോടൊപ്പം 1148 കിലോ ചെരിപ്പാണ് പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചായത്തിൽനിന്ന് കൈമാറിയത്. ഇത്തരത്തിൽ കയറ്റിയയക്കുന്ന ചെരിപ്പുകൾ പുനർനിർമിക്കുകയാണ് ചെയ്യുന്നത്. ചെരിപ്പുകൾ തരംതിരിച്ച് കയറ്റിയയക്കുന്നത് ഏറെ ലാഭകരമാണെന്ന് ഹരിതകർമസേന അംഗങ്ങൾ പറഞ്ഞു. ഹരിതകർമസേനക്ക് കൂടുതൽ വരുമാനം ലഭിക്കുന്നരീതിയിൽ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.