നാദാപുരം: കുടുംബശ്രീയുടെ 25ാം വാർഷികത്തിൽ കൂട്ടായ്മയുടെ കരുത്തിൽ മികച്ച അംഗീകാരം നേടി വനിത സംരംഭക. നാദാപുരം ആവോലത്തെ നന്ദനത്തിൽ വീട്ടമ്മയായ അജിത മുകുന്ദനാണ് കുടുംബശ്രീയിലൂടെ വേറിട്ട ഉൽപന്നങ്ങൾ നിർമിച്ച് സംസ്ഥാനതലത്തിൽ മികച്ച അംഗീകാരം നേടിയത്.
പഞ്ചായത്ത് 22ാം വാർഡിലെ രത്നാങ്കി കുടുംബശ്രീ അംഗമാണ് അജിത. കോസ്മറ്റിക് ഉൽപന്ന നിർമാണത്തിലെ പുതുപരീക്ഷണം വിജയം നേടിയപ്പോൾ ഇവരുടെ ജീവിതത്തിലും വഴിത്തിരിവായി. വൻകിട കമ്പനികളുടെ ഉൽപന്നങ്ങളുമായി മത്സരിക്കാനുള്ള കഴിവാണ് അജിതയുടെ ഉൽപന്നങ്ങളെ ശ്രദ്ധേയമാക്കുന്നത്.
ഹോം ഷോപ്പിയിലൂടെ വിതരണം നടത്തി മികച്ച ഉപഭോക്തൃ ശൃംഖല സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞു. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രധാന സൂപ്പർ മാർക്കറ്റുകളിലെല്ലാം ഉൽപന്നങ്ങൾ ലഭ്യമാണ്. അഞ്ചു വർഷമായി ഹെർബൽ ഉൽപന്നങ്ങൾ സ്വന്തമായി നിർമിക്കുന്നുണ്ട്. ‘ഗ്രീൻ ലീഫ്’ എന്ന ബ്രാൻഡിലാണ് ഹെന്ന പൗഡർ, ചന്ദനപ്പൊടികൾ, മുൾട്ടാണി മിട്ടി തുടങ്ങിയ സൗന്ദര്യവർധക ഉൽപന്നങ്ങൾ ഹോം ഷോപ്പികളിൽ വിതരണം ചെയ്യുന്നത്.
സീസണിൽ കർക്കടക സുഖ ചികിത്സക്കാവശ്യമായ ഭക്ഷ്യവസ്തുക്കളുടെ നിർമാണവും കുടുംബശ്രീയിലൂടെ നടത്തിവരുന്നുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷൻ വനിത സംരംഭകർക്ക് വേണ്ടി കഴിഞ്ഞ മാസം എറണാകുളത്ത് നടത്തിയ മൈക്രോ എന്റർപ്രൈസസ് കോൺക്ലേവിൽ സംസ്ഥാനത്തെ മികച്ച സംരംഭകക്കുള്ള പുരസ്കാരം അജിതക്കാണ് ലഭിച്ചത്.
വ്യവസായ മന്ത്രി പി. രാജീവിൽനിന്ന് അവാർഡ് ഏറ്റുവാങ്ങിയത് ജീവിതത്തിലെ ധന്യനിമിഷമായി കരുതുകയാണ് അജിത. ജില്ലതല പ്രതിനിധിയായാണ് അജിത പങ്കെടുത്തത്. വൻകിട കമ്പനികളുടെ സൗന്ദര്യവസ്തുക്കളുടെ ഉൽപന്നങ്ങളുമായി കിടപിടിക്കുന്ന പാക്കിങ്ങും ഗുണനിലവാരവും ഉയർത്തിപ്പിടിക്കുന്ന ഹെർബൽ ഉൽപന്നങ്ങളാണ് അജിത വിപണനം നടത്തുന്നത്. കുടുംബശ്രീയിൽനിന്ന് പരിശീലനം ലഭിക്കുകയും ധനസഹായം ലഭിക്കുകയും ചെയ്തിട്ടുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പഠിക്കാൻ കഴിഞ്ഞ മാസം നാദാപുരത്തെത്തിയ കേന്ദ്രസംഘം ഇവരുടെ ഹെർബൽ ഉൽപന്നങ്ങളെക്കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.