പത്തനംതിട്ട: വീടകങ്ങളിൽ വെളിച്ചം വിതറിയ കുടുംബശ്രീ സംരംഭങ്ങൾ നാടിന്റെ ഇരുളും മാറ്റി. സ്ത്രീ കൂട്ടായ്മകളിലൂടെ ഗ്രാമ ഗ്രാമാന്തരങ്ങളിലെ വീട്ടമ്മമാരെ അരങ്ങിലേക്ക് എത്തിച്ച കുടുംബശ്രീ രജത ജൂബിലി നിറവിലൂടെ കടന്നുപോകുമ്പോൾ നാട്ടിടവഴികളിലും വീടുകളിലും രാപ്പകലുകൾ വെളിച്ചമായി തെളിഞ്ഞുകത്തുകയാണ്. എൽ.ഇ.ഡി-ഇൻവെർട്ടർ ലൈറ്റുകൾ, ട്യൂബുകൾ, അലങ്കാര ബൾബുകൾ എന്നിവയുടെ ഉൽപന്ന വിപണന രംഗത്തേക്ക് രാജ്യത്തെ പ്രമുഖ കമ്പനികളോടാണ് കുടുംബശ്രീയുടെ ജില്ലയിലെ രണ്ട് സംരംഭങ്ങൾ പ്രാദേശിക തലത്തിൽ മത്സരിക്കുന്നത്.
ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രിക്കൽ വിദഗ്ധനായ ഭർത്താവ് രാധാകൃഷ്ണൻ വീട്ടിലിരുന്ന് മോട്ടോർ വൈൻഡിങ്ങും മറ്റ് അറ്റകുറ്റപ്പണിയും നടത്തുന്നത് കണ്ടാണ് ഭാര്യ വിജയമ്മയുടെ കൗതുകം താൽപര്യത്തിലേക്ക് മാറുകയായിരുന്നു. ഭർത്താവിൽനിന്ന് ബാലപാഠങ്ങൾ സ്വായത്തമാക്കി വർഷങ്ങൾ പിന്നിട്ടപ്പോൾ കുടുംബശ്രീയുടെ അഭിമാനസംരംഭങ്ങളിലൊന്നിന്റെ തേരാളിയാണവർ. അയിരൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ വെള്ളിയറ ബ്രാഹ്മണയ്യത്ത് വീട്ടിൽ വിജയമ്മ സെവൻസ് എൽ.ഇ.ഡി ബൾബ് ആൻഡ് ട്യൂബ് എന്ന നിർമാണ വിപണന സ്ഥാപനത്തിന്റെ എല്ലാമെല്ലാമാണ്.
എൽ.ഇ.ഡിയിൽ കത്തുന്ന ബൾബ്, ഇൻവെർട്ടർ ബൾബ്, ട്യൂബ് ലൈറ്റുകൾ, സ്ട്രീറ്റ് ലൈറ്റുകൾ, ജങ്ഷൻ ലൈറ്റുകൾ, ഫാൻസി ലൈറ്റുകൾ തുടങ്ങിയവ നിർമിക്കുന്നു. വീടിനു പുറത്ത് സ്ഥാപിക്കുന്ന 30 വാട്സിന്റെ ലൈറ്റുകളും ഹൈമാസ്റ്റ് വിളക്കുകൾക്കായി 150 വാട്സിന്റെ ലൈറ്റുകളും നിർമിച്ച് വിപണനം ചെയ്യുന്നു.
വീടുകളിൽ ഉപയോഗിക്കുന്ന 7, 9, 12 വാട്സുകളിലുള്ള 50 എൽ.ഇ.ഡി ബൾബുകൾവരെ ഈ വീട്ടമ്മ ദിവസം നിർമിക്കാറുണ്ട്. പുറത്തുനിന്ന് ആവശ്യമുള്ള സാധനങ്ങൾ വാങ്ങിക്കൂട്ടിയോജിപ്പിക്കുന്നത് വിജയമ്മയാണ്. സാങ്കേതിക പരിശോധനകൾക്ക് ഭർത്താവ് രാധാകൃഷ്ണൻ സഹായിക്കും. കടകൾ കേന്ദ്രീകരിച്ചാണ് വിപണനമെങ്കിലും വീട്ടിലും ധാരാളം പേരും എത്തുന്നു. ഒരു വർഷത്തെ ഗാരന്റിയും നൽകുന്നു. ഉൽപന്നങ്ങൾ പരമാവധി ഈടുനിൽക്കുന്നതിനാൽ മാർക്കറ്റിൽ ആവശ്യക്കാർ ഏറെയാണ്.
കടകൾ കേന്ദ്രീകരിച്ച വ്യാപാരത്തിൽ കടം ഒരു പ്രശ്നമായി വരുന്നുണ്ട്. സ്വന്തം വാഹനത്തിലാണ് വിതരണം ചെയ്യുന്നത്. വീടിനോട് ചേർന്നൊരു മുറിയാണ് നിർമാണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. കുടുംബശ്രീയിൽ തുടക്കം മുതൽ അംഗമായിരുന്നു വിജയമ്മ. കോവിഡ് പകർച്ചവ്യാധി നമ്മുടെ നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് സംരംഭം തുടങ്ങിയത്.ആവശ്യത്തിന് ഉൽപന്നങ്ങൾ പലപ്പോഴും ഇല്ലാത്തതിനാൽ സർക്കാർ മേളകളിൽ പങ്കെടുത്തിട്ടില്ലെന്ന് ഇവർ പറയുന്നു. മാസം പരമാവധി 20,000 രൂപയുടെ ലാഭം ലഭിക്കുന്നതായി വിജയമ്മ പറയുന്നു. മക്കളായ ചിത്രകൃഷ്ണനും സോനുകൃഷ്ണനും വിവാഹിതരാണ്.
എം.കോം വിജയിച്ച് അക്കൗണ്ടന്റായി ഔദ്യോഗിക ജീവിതം കുടുംബശ്രീയിൽ തുടങ്ങിയ നിരണം പേരൂപ്പറമ്പിൽ സി.എൽ. രഞ്ജിനി സംരംഭകയായി മാറിയതിൽ അത്ഭുതമില്ല. ഇലക്ട്രോണിക്സിൽ ഒരു പിടിത്തവുമില്ലെങ്കിലും വ്യത്യസ്ത സംരംഭമെന്ന ആശയമാണ് ജ്യേഷ്ഠഭാര്യയുടെ സഹായത്തോടെ മുന്നോട്ടുപോകുന്നത്.
ഇലക്ട്രീഷനായ ഭർത്താവാണ് ഇവിടെയും പ്രചോദനമായത്. മിഥുൻ, മഹിൻ എന്നീ മക്കളുടെ പേര് ചേർത്താണ് മിഡ്മ എൽ.ഇ.ഡി ലൈറ്റ്സ് ആൻഡ് ട്യൂബ്സ് എന്ന പേരിലേക്ക് എത്തിയത്. ഇത്തരം സാധനങ്ങളായതിനാൽ വ്യത്യസ്തമായൊരു പേരും വേണം. ഒമ്പത് വാട്സിന്റെ എൽ.ഇ.ഡി ബൾബാണ് പ്രധാനമായും നിർമിക്കുന്നത്. ട്യൂബും വിൽക്കുന്നുണ്ട്.
അടുത്തിടെയാണ് ഇൻവെർട്ടർ ബൾബുകൾ നിർമിക്കാൻ തുടങ്ങിയത്. ഇതിന് ആവശ്യക്കാർ ഏറെയാണ്. വീട്ടിലെ മുറി തന്നെയാണ് ഉപയോഗിക്കുന്നത്. നിർമാണ-വിപണന രംഗത്ത് ജ്യേഷ്ഠന്റെ ഭാര്യയായ ദിവ്യ പ്രദീപും ഒപ്പമുണ്ട്. എൽ.ഇ.ഡി ബൾബുകൾ നിർമിക്കാൻ അഞ്ച് അസംസ്കൃത സാധനങ്ങളാണ് വേണ്ടത്.
ശ്രദ്ധയോടെ കൂട്ടുയോജിപ്പിക്കുന്നതിലാണ് കാര്യം. വീട്ടിലെ മറ്റ് ജോലികൾ കഴിഞ്ഞതിനുശേഷം 10 എൽ.ഇ.ഡി ബൾബുകൾവരെ നിർമിക്കാറുണ്ട്. സാധനങ്ങൾ ഡൽഹിയിൽനിന്നാണ് വരുത്തുന്നത്. പ്രമുഖ കമ്പനികളെക്കാളും വില കുറച്ചാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. മാർക്കറ്റിൽ 300 രൂപ വിലയുള്ള 12 വാട്സിന്റെ ഇൻവെർട്ടർ ബൾബിന് 200-220 രൂപക്കാണ് വിൽക്കുന്നത്. കടകളിൽ വിതരണം ചെയ്യുന്നു. ആവശ്യക്കാർ വീട്ടിലും എത്തുന്നു. ഇവരും ഉൽപന്നങ്ങൾക്ക് ഒരുവർഷത്തെ ഗാരന്റി നൽകുന്നു.
‘‘ലൈറ്റുകളുടെ വാട്സിൽ പല കബളിപ്പിക്കലും നടക്കുന്നുണ്ട്. കവറിൽ രേഖപ്പെടുത്തിയതിൽനിന്ന് വാട്സ് കുറച്ച് കൃത്രിമം കാണിക്കുന്ന കമ്പനികളും മാർക്കറ്റിലുണ്ട്.’’രഞ്ജിനി പറയുന്നു. നിരണം പഞ്ചായത്തിലെ ഏഴാം വാർഡ് പന്ന്യത്തുപടിയിലെ വീട്ടിൽ സംരംഭം തുടങ്ങിയിട്ട് രണ്ട് വർഷമായി.
എം.കോം വിജയിച്ച് രഞ്ജിനി ആദ്യജോലി നോക്കിയത് കുടുംബശ്രീ ആലപ്പുഴ ഓഫിസിൽ അക്കൗണ്ടന്റായാണ്. ഇവിടെ രണ്ട് വർഷം സേവനം അനുഷ്ഠിച്ചു. പിന്നീട് പെരിങ്ങര പഞ്ചായത്തിൽ നാലുവർഷം അക്കൗണ്ടന്റായി. മൂത്ത മകൻ ജനിച്ചപ്പോൾ ജോലി ഉപേക്ഷിച്ച് വീട്ടിലിരുന്നപ്പോഴാണ് സംരംഭത്തെ കുറിച്ച് ആലോചിച്ചത്. നിലവിൽ കുടുംബശ്രീ റിസോഴ്സ് പേഴ്സണാണ്. ഭർത്താവ് മനോജ് സി. കുമാർ ഇലക്ട്രീഷനാണ്. കുവൈത്തിൽ ജോലി നോക്കുന്നു. മക്കൾ ഇരുവരും സ്കൂൾ വിദ്യാർഥികളാണ്.
(സമാപിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.