പാലേരി: വടക്കുമ്പാട് ഫ്ലോർമിൽ നടത്തുന്ന മന്ദാരം വനിത സംഘത്തിന്റെ പ്രസിഡന്റ് കെ.എം. ബീനക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽനിന്ന് ഒരു ഫോൺ വിളിയെത്തി. നിങ്ങളുടെ സ്വയംതൊഴിൽ സംരംഭം വികസിപ്പിക്കുന്നതിന് വായ്പ തരാമെന്നായിരുന്നു ആ ഫോൺ സന്ദേശം.
സ്വയം തൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ വായ്പക്കുവേണ്ടി ആളുകൾ ബാങ്കുകൾ കയറിയിറങ്ങുമ്പോഴാണ് ഇവിടെ വായ്പ വേണോയെന്ന് ചോദിച്ച് ഇങ്ങോട്ട് വിളിക്കുന്നത്. കൂട്ടു സംരംഭത്തിന്റെ വിശ്വാസ്യതയാണ് മന്ദാരം സംഘത്തെ തേടിയെത്താൻ അധികൃതരെ പ്രേരിപ്പിച്ചത്.
2018ലാണ് ബീനയുടെ നേതൃത്വത്തിൽ നാലു കുടുംബശ്രീ യൂനിറ്റുകളിലെ 10 പേർ ചേർന്ന് മന്ദാരം വനിത സംഘം രൂപവത്കരിച്ചത്. അവരുടെ ആഴ്ച സമ്പാദ്യ തുകയും കൂടാതെ ഓരോ അംഗങ്ങൾ 36,000 രൂപ വീതം സമാഹരിച്ചും വടക്കുമ്പാട് കന്നാട്ടി റോഡിൽ 2019 ഡിസംബർ 24ന് ഫ്ലോർമിൽ ആരംഭിച്ചു.
ടി.പി. രാമകൃഷ്ണൻ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. പൊടിച്ചുകൊടുക്കുന്നതോടൊപ്പം കറി പൗഡറുകൾ വിൽപന നടത്തുന്നുമുണ്ട്. കുടുംബശ്രീയിൽനിന്ന് ഒരു ലക്ഷം രൂപ വായ്പയും ഈ സംരംഭത്തിന് ലഭിച്ചിരുന്നു. മറ്റൊരു സംരംഭത്തിനുകൂടി വായ്പ ലഭിക്കുമെന്നറിഞ്ഞതോടെ ഇവർ ‘സമൃദ്ധി’ എന്ന പേരിൽ മറ്റൊരു വനിത സംഘമുണ്ടാക്കുകയും ഒരു വർഷം മുമ്പ് ഓയിൽ മിൽ തുടങ്ങുകയും ചെയ്തു. ഇവിടെ കൊപ്ര ആട്ടിക്കൊടുക്കുന്നതോടൊപ്പം പച്ച തേങ്ങയുൾ പ്പെടെ സംഭരിക്കുകയും ചെയ്യുന്നു.
വെളിച്ചെണ്ണ വിൽപന നടത്തുന്നുമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് നിർദേശപ്രകാരം പാലേരി സഹകരണ ബാങ്കിൽനിന്ന് ആറു ലക്ഷം രൂപയാണ് ഇവർക്ക് വായ്പ ലഭിച്ചത്. ഇതിൽ മൂന്നു ലക്ഷം രൂപ സബ്സിഡിയുണ്ട്. ഫ്ലോർമില്ലിലും ഓയിൽ മില്ലിലുമായി സംഘത്തിലെ തന്നെ രണ്ടുപേർ വീതമാണ് ജോലിചെയ്യുന്നത്.
ഇവർക്ക് 300 രൂപയാണ് കൂലി. വരവുചെലവ് കണക്കുകൾ എല്ലാ ഞായറാഴ്ചയും കണക്കാക്കും. മിച്ചമുണ്ടെങ്കിൽ ബാങ്കിൽ നിക്ഷേപിക്കും. ധനശ്രീ, വൃന്ദാവനം, പൊലിമ, അഞ്ജലി എന്നീ കുടുംബശ്രീ യൂനിറ്റുകളിൽ അംഗങ്ങളായ കെ.എം. ബീന, എസ്.കെ. സിന്ധു, കെ. ജിഷ, ദേവകി കല്ലോനിരവത്ത്, രാധ കാപ്പുമലയിൽ, റീന കാപ്പുമലയിൽ, പാത്തുട്ടി മുറിച്ചാണ്ടി, നാരായണി കുനിയിൽ, റാബിയ മുറിച്ചാണ്ടി, ഓമന കവറുള്ളകണ്ടി എന്നിവരാണ് മന്ദാരം, സമൃദ്ധി സംഘങ്ങളിൽ പ്രവർത്തിച്ച് കൂട്ടു സംരംഭത്തിന്റെ മാതൃക സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.