രുചിക്കൂട്ടൊരുക്കിയും അന്നമൂട്ടിയും നാടിനൊപ്പം നിന്ന കുടുംബശ്രീ സ്വപ്നഭവനമൊരുക്കാനും കൂടെയുണ്ട്. സേവന മേഖലയിൽ ഏറ്റവും വ്യത്യസ്തമായി കുടുംബശ്രീ അവതരിപ്പിച്ച ഭവന നിർമാണ ഗ്രൂപ്പുകൾ വഴിയാണ് പാവപ്പെട്ട കുടുംബങ്ങൾക്ക് മേൽക്കൂരയൊരുക്കുന്നത്.
കണ്ണൂർ ജില്ലയിൽ 18 കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതുവരെ 30 വീടുകൾ പൂർത്തിയാക്കിയതിന്റെ സംതൃപ്തി. അതിലേറെ വീടുകളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്. നിര്‍മാണക്കരാർ ലഭിച്ചവ നിരവധി. 150 വനിതകളാണ് ഭവന നിർമാണ ഗ്രൂപ്പിന്റെ ഭാഗമായുള്ളത്. ഒരു ഗ്രൂപ്പില്‍ ചുരുങ്ങിയത് അഞ്ചുപേരുണ്ടാകും.
പെരിങ്ങോം വയക്കര, ആറളം, മട്ടന്നൂർ, പേരാവൂർ, പടിയൂർ, പാനൂർ, ശ്രീകണ്ഠപുരം എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത്. ലൈഫ് മിഷന്, പ്രധാനമന്ത്രി ആവാസ് യോജന, ആശ്രയ-അഗതി ഭവനങ്ങള്‍, സ്വപ്നക്കൂട്, കെയര്‍ കേരള, പട്ടികവർഗ വിഭാഗത്തിന്റെ ഭവനങ്ങള്‍ എന്നിവയാണ് നിര്‍മിക്കുന്നത്. അടിത്തറ കെട്ടൽ മുതൽ വിദഗ്ധ പ്രവൃത്തികൾ വരെ കുടുംബശ്രീയുടെ കൈയിൽ ഭദ്രം.
നിർമാണ മേഖലയിൽ താൽപര്യമുള്ള അയൽക്കൂട്ടം അംഗങ്ങളെ കണ്ടെത്തിയാണ് കുടുംബശ്രീ പരിശീലനം നൽകിയത്. അംഗീകൃത പരിശീലന ഏജൻസികളുടെ നേതൃത്വത്തിൽ സർക്കാർ ഭവന പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമിച്ചാണ് പരിശീലനം. നിർമാണ പ്രവൃത്തിക്കിടെ നിർദേശങ്ങൾ നൽകാനും മറ്റുമായി സ്ട്രക്ചറൽ എൻജിനീയർ എ. നിതിഷയുടെ മുഴുവൻ സമയ സേവനവും ലഭ്യമാണ്.
15 വര്‍ഷത്തിലേറെ തൊഴില്‍ പരിചയമുള്ള മേസ്തിരിയുടെ മേൽനോട്ടത്തിലാണ് നിര്‍മാണം. ഭിത്തി നിർമാണവും കോൺക്രീറ്റും പ്ലാസ്റ്ററിങ്ങുമെല്ലാം വനിതകളുടെ നേതൃത്വത്തിൽ അനായാസം പൂർത്തിയാക്കും. 700ൽ കുറയാത്ത കൂലിയും ലഭിക്കും. പെരിങ്ങോം പഞ്ചായത്തിലാണ് ആദ്യമായി ഭവന നിർമാണ ഗ്രൂപ്പുകൾ രൂപവത്കരിച്ചത്. 30 വനിതകളാണ് ഗ്രൂപ്പില്‍ അംഗമായത്.
53 ദിവസത്തെ പരിശീലനത്തിനിടയിൽ തന്നെ രണ്ടു വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് വലിയ നേട്ടമാണ്. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിർമാണ പ്രവർത്തനങ്ങളിലും മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ ഉൾപ്പെട്ട പ്രവർത്തനങ്ങളിലും കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകൾ സജീവമാണ്. ആറളം പട്ടികവർഗ മേഖലയിൽ 10 വീടുകൾ പൂർത്തിയാക്കി കൈമാറാനായി.
മുൻവർഷങ്ങളിൽ ഇവിടെ നിർമിച്ചതിനേക്കാൾ ഗുണമേന്മയും ഉറപ്പുമുള്ള വീടുകളാണ് കുടുംബശ്രീ ഒരുക്കിയത്. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട ഭവനങ്ങൾ നിർമിക്കുന്നതിനുള്ള അംഗീകൃത ഏജൻസിയായി കുടുംബശ്രീ ഭവന നിർമാണ ഗ്രൂപ്പുകൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സ്വന്തമായൊരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നം സഫലമാക്കാൻ നിർമാണ മേഖലയിൽ കുടുംബശ്രീയുടെ ചുവടുവെപ്പ് ഉറച്ചതായിരുന്നുവെന്ന് തെളിയിക്കുന്നതാണ് ഭവനനിർമാണ ഗ്രൂപ്പുകളുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.