മലപ്പുറം: ജില്ലയിലെ 30,000 വനിതകളെ ഡിജിറ്റൽ സാക്ഷരരാക്കാൻ പുതിയ പദ്ധതിയുമായി കുടുംബശ്രീ. മലപ്പുറം കുടുംബശ്രീ ജില്ല മിഷൻ പി.എൻ. പണിക്കർ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അടിസ്ഥാന ഐ.ടി പരിജ്ഞാനം, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ, ഇ-മെയിൽ, ഡിജിറ്റൽ ബാങ്കിങ്, ഇ സേവനങ്ങൾ നൽകുന്ന മൊബൈൽ ആപ്പുകളുടെ ഉപയോഗം തുടങ്ങിയവയിലുള്ള പരിശീലനങ്ങളായിരിക്കും പദ്ധതിയുടെ ഭാഗമായി നടക്കുക. പരിശീലനം പൂർത്തിയാക്കിയവർക്ക് പരീക്ഷ നടത്തി സർട്ടിഫിക്കറ്റും നൽകും.
14 വയസ്സ് മുതൽ 60 വയസ്സ് വരെയുള്ള കുടുംബശ്രീ അംഗങ്ങളായ വനിതകൾക്ക് പദ്ധതി പ്രയോജനപ്പെടുത്താം. ഓരോ പഞ്ചായത്തിൽനിന്നുമുള്ള മൂന്ന് വീതം റിസോഴ്സ് പേഴ്സൻമാരെ കണ്ടെത്തി അവർക്ക് പരിശീലനം നൽകി അവർ മുഖാന്തരമായിരിക്കും പഞ്ചായത്തുതലത്തിൽ പദ്ധതി നടപ്പാക്കുക. റിസോഴ്സ്പേഴ്സന്മാർക്കുള്ള ആദ്യഘട്ട ഓറിയന്റേഷൻ പൂർത്തിയാക്കിയതായി കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പി.എൻ. പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാലും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. ഡിജിറ്റൽ സാക്ഷരത യജ്ഞം പദ്ധതി ജില്ല കലക്ടർ വി.ആർ. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. മലപ്പുറം പ്രശാന്ത് ഓഡിറ്റോറിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ജെ.എസ്.എസ് ഡയറക്ടർ ഉമ്മർകോയ, നെഹ്റു യുവ കേന്ദ്ര യൂത്ത് കോഓഡിനേറ്റർ ഉണ്ണികൃഷ്ണൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ സ്റ്റേറ്റ് കോ ഓഡിനേറ്റർ മഹേഷ്, സി.എസ്.സി ജില്ല മാനേജർമാരായ ഷുക്കൂർ, നൗഷാദ്, കുടുംബശ്രീ പ്രോഗ്രാം മാനേജർ കെ.എസ്. ഹസ്കർ തുടങ്ങിയവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.