ചേർത്തല : പ്രായത്തെ തോൽപ്പിച്ച് കായിക മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടുകയാണ് തണ്ണീർമുക്കം പഞ്ചായത്ത് രണ്ടാം വാർഡിൽ തെക്കെ വെളിയിൽ 74 കാരിയായ കെ.വാസന്തി. 32 വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ കായികപ്രേമം ഇന്ത്യക്ക് അകത്തും പുറത്തുമായി ധാരാളം മത്സരങ്ങളിൽ പങ്കെടുത്തു വിജയങ്ങൾ നേടി.
32 വർഷം മുമ്പ് ചേർത്തല വാരനാട് മാക്ഡൗൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഓട്ട മത്സരത്തിൽ ആദ്യമായി പങ്കെടുത്തത്. തുടർന്ന് നാഷനൽ മീറ്റിൽ ഹരിയാനയിലും പങ്കെടുത്തതോടെ നാട്ടിലെ താരമായി വാസന്തി മാറി. ഇതെ തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥലത്തും നാട്ടിലെ പ്രാദേശിക ക്ലബ്ബുകളിലും സ്വീകരണങ്ങൾ കിട്ടിയതോടെ കായിക പ്രേമം ജീവിതത്തിന്റ ഭാഗമായി മാറ്റാൻ തീരുമാനിച്ചു. 2006 ൽ ബംഗളൂരുവിൽ െവച്ച് നടന്ന ഏഷ്യൻ മീറ്റിൽ 5000 മീറ്റർ നടത്തത്തിൽ സ്വർണ മെഡൽ, 1500 ൽ വെള്ളി മെഡൽ, 3000 മീറ്റർ ഹർഡിൽസിൽ വെങ്കലവും കരസ്ഥമാക്കിയാണ് വാസന്തി നാട്ടിലേക്ക് മടങ്ങിയത്.
2016 ൽ സിങ്കപ്പൂരിൽ നടന്ന മത്സരത്തിൽ പങ്കെടുക്കുവാനായി പോകാൻ പണമില്ലാതിരുന്നപ്പോൾ നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഒരു ലക്ഷം രൂപ സ്വരൂപിച്ച് നൽകി. അന്ന് അഞ്ചു കിലോമീറ്റർ നടത്തം, 2000 മീറ്റർ സ്റ്റിപ്പിൾ ചെയ്സ് എന്നിവയിൽ വെള്ളി മെഡൽ വാങ്ങി.
2017ൽ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ഒന്നേകാൽ ലക്ഷം രൂപ സ്വരൂപിച്ച് ചൈനയിലും മത്സരത്തിനായി പോയി. 2023 ഫെബ്രുവരിയിൽ കൽക്കട്ട, മാർച്ചിൽ എറണാകുളത്തും, ഏപ്രിൽ തലശ്ശേരി, മേയിൽ തൃശൂരിലുമായി 12 ഇനങ്ങളിൽ പങ്കെടുത്തു. ഇതിൽ 8 സ്വർണ്ണ മെഡലും, 3 വെള്ളിമെഡലും നേടി.
ഭർത്താവ് വിജയൻ നാല് വർഷം മുമ്പ് മരിച്ചു. ദിവസവും പുലർച്ച നാല് മണിക്ക് എഴുന്നേറ്റ് പരിശീലനം നടത്തും. ഇതുവരെ ആരും വാസന്തിക്ക് പരിശീലകരില്ല. ഈ മാസം 27 മുതൽ 29 വരെ ദുൈബയിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ വാസന്തി.
ദുൈബയിലെ മത്സരത്തിൽ പങ്കെടുക്കാനായി 85000 രൂപയോളം ആവശ്യമുണ്ട്. നാട്ടുകാരും കൂടാതെ കോക്കോതമംഗലം സെന്റ് ആന്റണീസ് സ്കൂളിലെ 86-87 പഠന കൂട്ടായ്മയുടെ നേതൃത്വത്തിൽ 50,000 രൂപ നൽകി. ബാക്കി തുകയ്ക്കായി കാത്തിരിക്കുകയാണ് വാസന്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.