കൊണ്ടോട്ടി: കരുതലിലൂടെയും ചേര്ത്തുപിടിക്കലിലൂടെയും നിരവധി കുടുംബങ്ങളില്‍ സ്വപ്നങ്ങള്‍ വിരിയിച്ച് വളര്‍ത്തിയെടുക്കുകയാണ് കൊണ്ടോട്ടി പത്താം വാര്‍ഡിലെ ‘മലര്’ കുടുംബശ്രീ അയല്‍ക്കൂട്ടം. അയല്‍ക്കൂട്ടത്തിന് കീഴില്‍ ഖാസിയാരകം പള്ളിക്കുസമീപം കൃഷിഭവനോട് ചെര്‍ന്ന പുത്തന്‍വീട്ടിലെ പീവീസ് ചിക്കന്‍ ഫാം വനിതകള്‍ക്ക് തൊഴിലുറപ്പും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കി സംസ്ഥാനത്തിനുതന്നെ മാതൃകയാകുകയാണ്.
അലങ്കാര കോഴികള്‍, മുട്ടക്കോഴികള്‍, നാടന്‍കോഴികള്‍, താറാവുകള്‍ എന്നുവേണ്ട, ആടുകളെവരെ വളര്‍ത്തുന്ന ഫാമില്‍ കുടുംബശ്രീ പ്രവര്‍ത്തകരായ 10 വനിതകളാണ് തൊഴിലെടുക്കുന്നത്. പി.വി.എ. ലത്തീഫിന്റെ ഭാര്യയും അയല്‍ക്കൂട്ടം അംഗവുമായ ഫാത്തിമയുടെ ആശയമാണ് പദ്ധതി. ഇന്‍കുബേറ്റര്‍ ഉപയോഗിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് വളര്‍ത്തിയെടുത്ത് വില്‍പ്പന നടത്തുകയാണ് ഇവിടുത്തെ രീതി. ഇതിനൊപ്പം ഫാം നടത്തിപ്പിനും പരിപാലനത്തിനുമായി വിവിധ വാര്‍ഡുകളില്‍ നിന്നായെത്തുന്ന പത്തോളം വനിതകളും കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നു.
അമേരിക്കന്‍ സില്‍ക്കി, കൊച്ചിന് ബാന്റം തുടങ്ങിയ ഇനങ്ങളില്‍പ്പെട്ട അലങ്കാര കോഴികള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ. ഇവയെ മാംസാവശ്യത്തിനായി ഇവര്‍ പുറത്തേക്ക് വില്‍ക്കാറില്ല. കോഴികളെ വളര്‍ത്താന്‍ താൽപര്യമുള്ളവര്ക്ക് കുഞ്ഞുങ്ങളെ നല്‍കുന്നതിനൊപ്പം കോഴിമുട്ട, താറാവ് മുട്ട എന്നിവയുടെ വില്‍പ്പനയും സജീവമാണ്. അവശ്യക്കാര്‍ ഫാമിലെത്തി കോഴികളും മുട്ടകളും വാങ്ങുന്നതിനൊപ്പം കുടുംബശ്രീയുടെ നഗരസഭ നാനോ മാര്‍ക്കറ്റ് വഴിയും പ്രത്യേക ചന്തകള്‍ വഴിയും വില്‍പ്പന നടക്കുന്നു.
ഇപ്പോള്‍ പൊതുവിപണിയിലും ഫാമിലെ ഉൽപന്നങ്ങള് ലഭ്യമാണ്. ആട്ടിന്‍പാലിനും ആവശ്യക്കാര്‍ ഏറെയുണ്ട്. ചിരോയി, വീറ്റല്, ക്രോസ് കംന പ്യാരി ഇനങ്ങളിലുള്ള ആടുകളെയാണ് വളര്‍ത്തുന്നത്. ഇവയെ മാംസാവശ്യത്തിനും വില്‍പ്പന നടത്തുന്നു. ഇതിലൂടെ മികച്ച വരുമാനമാണ് ഓരോദിവസവും ഫാത്തിമയും സംഘവും നേടുന്നത്. നഗരസഭ കുടുംബശ്രീ സി.ഡി.എസ് ഒന്നില്‍ 2022ല്‍ രജിസ്റ്റര്‍ ചെയ്ത ഫാമില്‍ നൂറുകണക്കിന് വിവിധതരം കോഴികളും 50ല്‍പരം ആടുകളും 15 താറാവുകളുമാണ് നിലവിലുള്ളത്.
വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഫാമില്‍ ശാസ്ത്രീയമായി കൂടുകളും ഒരുക്കിയിട്ടുണ്ട്. കോഴികള്‍ക്കുള്ള തീറ്റ പുറത്തുനിന്ന് വാങ്ങുമ്പോള്‍ ആടുകള്‍ക്കുള്ള തീറ്റ ഫാത്തിമയും മരുമക്കളും അയല്‍ക്കൂട്ടം അംഗങ്ങളുമായ അജ്നയും ഷഹാന ഷെറിനും ജോലിക്കായെത്തുന്ന കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്നാണ് കണ്ടെത്തുന്നത്.
നഗരസഭ പരിധിയില്‍ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും അഭിമാനകരമായ പദ്ധതിയാണ് പീവീസ് ഫാമെന്ന് സി.ഡി.എസ് അധ്യക്ഷ ഫാത്തിമ ബീവി പറഞ്ഞു. സംസ്ഥാനത്തുതന്നെ ഇത്തരത്തിലുള്ള പദ്ധതികള്‍ വിരളമാണ്. രജിസ്റ്റര്‍ ചെയ്ത ആദ്യവര്‍ഷം തന്നെ കുടുംബശ്രീ ജില്ല മിഷന് ഫണ്ടില്‍നിന്നും തിരിച്ചടവില്ലാത്ത 25,000 രൂപയുടെ സഹായം ഇവര്‍ക്ക് ലഭ്യമാക്കാന്‍ സി.ഡി.എസിനായെന്നും അധ്യക്ഷ പറഞ്ഞു.
വീട്ടില്‍ വെറുതെയിരുന്നപ്പോള്‍ തോന്നിയ ആശയമാണ് ഫാം നടത്തിപ്പിലേക്ക് നയിച്ചതെന്ന് ഫാത്തിമ പറയുന്നു. കുടുംബശ്രീയുടെ ഭാഗമായതോടെ വിവിധ പദ്ധതികളെ കുറിച്ച് അറിയാന്‍ കഴിഞ്ഞു. വീട്ടുകാരുമായും ‘മലര്’ അയല്‍ക്കൂട്ടത്തിലെ അംഗങ്ങളുമായും തന്റെ ആശയം ചര്‍ച്ചചെയ്തപ്പോള്‍ ലഭിച്ച പിന്തുണയാണ് കരുത്തായത്. ഭര്‍ത്താവും മക്കളും മരുമക്കളും പേരമക്കള്‍ പോലും സഹായത്തിനായി കൂടെയുണ്ട്. നഗരസഭ സി.ഡി.എസിന്റെ സഹായവും പിന്തുണയുമാണ് വിപണി കണ്ടെത്തുന്നതിന് ഏറെ സഹായിച്ചതെന്നും ഫാത്തിമ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.