നേമം: കുട്ടിക്കാലത്ത് പോളിയോ രോഗം വില്ലനായെത്തിയെങ്കിലും ആത്മവിശ്വാസത്തിന്റെ മാതൃകയായി മാറിയിരിക്കുകയാണ് തിരുമല വലിയവിള മൈത്രി നഗറിൽ വാടകക്ക് താമസിക്കുന്ന 31 വയസ്സുകാരി സുമ. കുണ്ടമൺകടവ് പൈതൃക പാലത്തിന് സമീപം പാതയോരത്തെ മത്സ്യവിൽപനയാണ് സുമയുടെ നിലവിലെ ജീവിതമാർഗം.
ത്രിഡി ആനിമേഷനിൽ ഡിപ്ലോമ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുണ്ട്. ജോലിക്ക് ശ്രമിച്ചെങ്കിലും കാലിന്റെ വൈകല്യം തടസ്സമായി. ഭർത്താവ് ശങ്കറിന് സ്വകാര്യസ്ഥാപനത്തിൽ ജോലിയുണ്ടെങ്കിലും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അദ്ദേഹത്തിന്റെ കുറഞ്ഞ ശമ്പളം തികയാതെ വന്നു. ഒടുവിൽ സർട്ടിഫിക്കറ്റുകളെല്ലാം പെട്ടിയിൽവെച്ച് മത്സ്യവിൽപനക്കിറങ്ങുകയായിരുന്നു സുമ. വായ്പയിലെടുത്ത ഒമ്നി വാനിൽ പുലർച്ചെ അഞ്ചിന് സുമ പൂന്തുറ കടപ്പുറത്തെത്തും.
മീനുമെടുത്ത് കുണ്ടമൺകടവിലേക്ക്. രാവിലെ ഏഴിന് കച്ചവടം തുടങ്ങും. ഉച്ചവെയിൽ കടുത്ത് ചക്രക്കസേരയുടെ ലോഹഭാഗങ്ങൾ ചുട്ടുപൊള്ളിയാലും സുമ എല്ലാം വിറ്റുതീർത്തുമാത്രമേ വീട്ടിലേക്ക് മടങ്ങൂ. വീൽച്ചെയറിന്റെ സഹായത്തോടെ ജീവിക്കുന്നവരുടെ സംഘടനയായ എ.കെ.ഡബ്ല്യു.ആർ.എഫിൽ അംഗമാണ്. മകൻ എയ്ഡൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.