പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് ചുമതലയൊഴിയുന്നത് ഭൂമി തരംമാറ്റലടക്കം കെട്ടിക്കിടക്കുന്ന പതിനായിരത്തിന് മുകളിൽ ഫയലുകൾ തീർപ്പാക്കിയ ശേഷം. പെരിന്തൽമണ്ണ, ഏറനാട്, കൊണ്ടോട്ടി, നിലമ്പൂർ താലൂക്കുകളിൽ 76 വില്ലേജുകൾ ഉൾപ്പെടുന്നതാണ് പെരിന്തൽമണ്ണ ഡിവിഷൻ.
നേരേത്ത ഓൺലൈനിലല്ലാതെ ഭൂമി തരംമാറ്റൽ നടപടികൾ ആർ.ഡി.ഒ ഓഫിസുകളിൽ കെട്ടിക്കിടക്കുന്ന സ്ഥിതിയായിരുന്നു. ഒന്നര വർഷത്തോളം മുമ്പ് ഇത് ഓൺലൈനിലായി. പിന്നീട് 25 സെന്റ് വരെ നികത്താൻ ഫീസില്ലാതെ ഇളവും നൽകി. ഇതോടെ ആവശ്യക്കാരും അല്ലാത്തവരും ഭൂമി തരംമാറ്റാൻ അപേക്ഷകളുമായി എത്തി.
റവന്യൂ മന്ത്രി കെ. രാജൻ സംസ്ഥാനത്തെ മുഴുവൻ ഡിവിഷനുകളിലും ഭൂമി തരംമാറ്റൽ അടക്കം ഫയൽ തീർപ്പാക്കാൻ അദാലത്ത് നിശ്ചയിച്ചു. ആ ഘട്ടത്തിൽ പരമാവധി ഫയലുകൾ തീർപ്പാക്കാനായതാണ് ശ്രീധന്യയുടെ മികവ്. അതിനിടെ, നിലമ്പൂർ താലൂക്കിൽ പട്ടികവർഗക്കാരുടെ ഭൂമിക്ക് പട്ടയം നൽകുന്നതിലും പെരിന്തൽമണ്ണ താലൂക്കിൽ പട്ടികജാതി കോളനികളിലെ ഭൂമിക്ക് പട്ടയം നൽകുന്നതിലും പ്രത്യേക ചുമതലകൾ ഏറ്റെടുത്ത് നടപ്പാക്കി.
കിർത്താഡ്സ് ഡയറക്ടറായി അധിക ചുമതല വഹിച്ചുകൊണ്ടായിരുന്നു പെരിന്തൽമണ്ണയിലെ സേവനം. ആദിവാസി വിഭാഗത്തിൽനിന്ന് സിവിൽ സർവിസ് പൂർത്തിയാക്കി സബ് കലക്ടറായി എത്തിയ ഉദ്യോഗസ്ഥയായി ശ്രദ്ധേയയായിരുന്നു വയനാട് സ്വദേശിനിയായ ശ്രീധന്യ. അസി. കലക്ടറുടെ ഏതാനും മാസത്തെ സേവനം കഴിഞ്ഞ് സ്വതന്ത്രചുമതലയിൽ 2021 ജൂലൈ അഞ്ചിനാണ് പെരിന്തൽമണ്ണയിൽ ചുമതലയേറ്റത്.
മുന്നിലെത്തിയ ഫയലുകൾ പരമാവധി വേഗത്തിൽ തീർപ്പാക്കിയായിരുന്നു സേവനമെന്ന് സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. പെരിന്തൽമണ്ണയിലെ തപാൽവോട്ട് വിവാദവും ഹൈകോടതി ഇടപെടലുകളും ഈ കാലയളവിലാണ് നടന്നത്.
വോട്ടെടുപ്പ് വേളയിലും വോട്ടെണ്ണൽ വേളയിലും മുൻ സബ് കലക്ടർ കെ.എസ്. അഞ്ജുവായിരുന്നു വരണാധികാരിയെങ്കിലും വോട്ടുപെട്ടി നഷ്ടപ്പെട്ടപ്പോഴും സംഭവം സംബന്ധിച്ച അന്വേഷണവും കേസും നടന്നപ്പോഴും ശ്രീധന്യ സുരേഷായിരുന്നു വരണാധികാരി. വരണാധികാരിയടക്കമുള്ളവരെ ഹൈകോടതി കേസിൽ കക്ഷിചേർത്തിട്ടുണ്ട്. സഹപ്രവർത്തകരുടെ നേതൃത്വത്തിൽ ബുധനാഴ്ച ഡിവിഷൻ ഓഫിസിൽ ഊഷ്മളമായ യാത്രയയപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.