ലയണൽ മെസ്സി ലോകകപ്പുയർത്തുന്ന നിമിഷം ലുസൈൽ സ്റ്റേഡിയത്തിൽ അതിന് സാക്ഷിയായി ഉണ്ടായിരുന്നുവെന്നത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. ലോകകപ്പിലെ ആവേശകരമായ കളികളും ലോകമറിയുന്ന മികച്ച കളിക്കാരെയും നേരിട്ട് കാണുകയെന്നത് അവിസ്മരണീയ അനുഭവമായിരുന്നു. ഒരു മലയാളി എന്ന നിലയിൽ ഇതുപോലൊരു അവസരം ജീവിതത്തിൽ ഇനി ഉണ്ടാവാനിടയില്ല. ഖത്തർ, അതുകൊണ്ടുതന്നെ ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങളാണ് ഒരുക്കിത്തന്നത്.
ടെക്നിക്കൽ ഡിപ്പാർട്മെന്റിൽ നെറ്റ്വർക്ക് സെക്ഷനിലായിരുന്നു ലുസൈലിൽ എന്റെ സേവനം. ഞാൻ ജോലി ചെയ്തിരുന്ന ഐ.ടി റൂമിനോട് ചേർന്നായിരുന്നു കളിക്കാരുടെ ഡ്രസിങ് റൂം. കളിക്കാരുടെ വാക്കിങ് ഏരിയയും അതിനടുത്തായിരുന്നു. മെസ്സി ഉൾപ്പെടെയുള്ള താരങ്ങളെ വളരെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞു.
ലുസൈലിൽ നടന്ന എല്ലാ മത്സരങ്ങൾക്കും അവിടെയുണ്ടായിരുന്നു. പിച്ചിൽ ഗ്രൗണ്ടിന് തൊട്ടുപുറത്തുള്ള ഭാഗങ്ങളിൽ പോവാൻ അനുമതിയുണ്ടായിരുന്നു. അവിടെ ആയിരക്കണക്കിന് കാണികൾക്കു നടുവിൽ, കാതടപ്പിക്കുന്ന ആരവങ്ങൾക്ക് നടുവിൽ നിൽക്കുമ്പോൾ ലഭിക്കുന്ന ഫീൽ പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. അർജന്റീന, ബ്രസീൽ കാണികളൊക്കെയാണ് ഏറെ ആവേശമുയർത്തിയത്.
ഫൈനൽ ഏറെ ആവേശം പ്രതിഫലിപ്പിച്ച മത്സരമായിരുന്നുവല്ലോ. എല്ലാ ടെൻഷനുമുണ്ടായിരുന്നു. അർജന്റീന എന്നതിനേക്കാൾ, മെസ്സി ഒരു ലോകകപ്പ് ജയിക്കണമെന്ന് അത്രയേറെ ആഗ്രഹിച്ചിരുന്നു. ടൈബ്രേക്കറിൽ മെസ്സി ജയിക്കണേ എന്ന പ്രാർഥനയിലായിരുന്നു ഞാൻ. കൂടെ ജോലി ചെയ്യുന്നവർ മിക്കവരും അർജന്റീന തോൽക്കുമെന്ന് പ്രവചിച്ചവരായിരുന്നു.
ലുസൈലിലെ ആദ്യ കളിയിൽ അർജന്റീനയെ തോൽപിച്ചപ്പോൾ ലോകകപ്പ് നേടിയ രീതിയിലായിരുന്നു സൗദി അറേബ്യൻ താരങ്ങളുടെ ആഹ്ലാദപ്രകടനം. എന്നാൽ, പിന്നീട് ലുസൈലിൽ നടന്ന എല്ലാ മത്സരങ്ങളും അർജന്റീന ജയിച്ചതോടെ സന്തോഷമായി. ലുസൈലിൽ ജോലി ചെയ്യാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ട്.
അഞ്ചുവർഷമായി ഖത്തറിൽ. ഇവിടെ കുടുംബസമേതം താമസിക്കുന്നതിനിടയിലാണ് ലോകകപ്പിന്റെ താൽക്കാലിക സേവനത്തിന് അവസരം ലഭിച്ചത്. എൻജിനീയറിങ് ബിരുദധാരിയായ എന്റെ ഖത്തറിലെ ആദ്യ ജോലിയായിരുന്നു ഇത്. മകൻ കുഞ്ഞായതിനാൽ ഇതിനുമുമ്പ് ജോലിക്ക് പോവാൻ കഴിഞ്ഞിരുന്നില്ല. ആദ്യ ജോലി തന്നെ ലോകകപ്പിന്റെ വേദിയിലായത് ഏറെ സന്തോഷം നൽകുന്നു. വയനാട് കമ്പളക്കാട് സ്വദേശി പഞ്ചാര ലത്തീഫിന്റെ മകളാണ്. ഭർത്താവ്: ഹസീബ് ദോഹയിൽ ഹമദ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. മൂന്നുവയസ്സുള്ള മകനുണ്ട് -അമ്മാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.