''പൂർണമായും ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും വേരൂന്നിയതാണ് എന്റെ ജീവിതം. ഈ ശക്തമായ അടിത്തറയിൽ പര്യവേക്ഷണം ചെയ്യാനും പരീക്ഷണം നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്ന് ഞാൻ കരുതുന്നു. എന്റെ കഴിവിൽ വിശ്വാസമുള്ളതിനാൽ അവയുടെ നിർമലത (Purity) നഷ്ടമായെന്ന തോന്നൽ എനിക്കില്ല. ഒരു പരമ്പരാഗത പ്രകടനം നടത്താൻ എനിക്കു കഴിയും, അതോടൊപ്പം കൂടുതൽ ആഴത്തിൽ പരിശീലനം നടത്താനും ആർക്കും സങ്കൽപിക്കാൻ കഴിയാത്ത തരത്തിൽ പുതുമ കൊണ്ടുവരാനും സാധിക്കും'' -നൃത്തത്തിൽ മാത്രമല്ല, രാഷ്ട്രീയ-സാമൂഹിക രംഗത്തും ഉറച്ച നിലപാടുകൾ വിളിച്ചുപറയാൻ മടിയില്ലാത്ത ശക്തമായ സാന്നിധ്യമാണ് മല്ലിക സാരാഭായി.
ഇപ്പോൾ കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലർ സ്ഥാനം കൂടി. ''പണ്ടുമുതലേ അടുപ്പമുള്ള ഒരു സ്ഥാപനമാണ് കേരള കലാമണ്ഡലം. അവിടെ എനിക്കു ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാമല്ലോയെന്നതിൽ സന്തോഷമുണ്ട്. രാഷ്ട്രീയ ഇടപെടലുകളില്ലാത്ത പ്രവർത്തനസ്വാതന്ത്ര്യമാണ് ആവശ്യം'' -മല്ലിക പറയുന്നു.
പ്രശസ്ത ക്ലാസിക്കൽ നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക. അമ്മയിൽനിന്ന് മകളിലേക്ക് നൃത്തം കൈമാറി. അമ്മയെയും മല്ലികയെയും മകൻ രേവന്ത സാരാഭായിയെയും ബന്ധിപ്പിക്കുന്ന പൊതുകാര്യം ഭരതനാട്യമായിരുന്നു. ''ഭരതനാട്യത്തിനു പുറമെ ആഗ്രഹിക്കുന്നതെല്ലാം പഠിപ്പിക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു.'' കവിത, നൃത്തം, നാടകം എന്നിവയെല്ലാം എന്റെ പരിധിയിൽ വന്നത് അങ്ങനെയായിരുന്നു. മകനെ ഭരതനാട്യം മാത്രമല്ല, പാശ്ചാത്യ നൃത്തരൂപങ്ങളും പഠിപ്പിക്കാൻ ശ്രദ്ധിച്ചിരുന്നുവെന്നും മല്ലിക ഓർമിച്ചു. മല്ലിക സാരാഭായിയും അമ്മ മൃണാളിനി സാരാഭായിയും അഹ്മദാബാദിൽ 'ദർപ്പണ അക്കാദമി ഓഫ് പെർഫോർമിങ് ആർട്സ്' എന്ന സ്ഥാപനം രൂപവത്കരിച്ചിരുന്നു.
നൃത്തത്തിനു പുറമെ നാടകം, സിനിമ, ടെലിവിഷൻ മേഖലകളിലും എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും മല്ലിക സാരാഭായി ശ്രദ്ധനേടി. 'ഇൻ ഫ്രീ ഫാൾ: മൈ എക്സ്പിരിമെന്റ്സ് വിത്ത് ലിവിങ്' (In Free Fall: My Experiments With Living) ആണ് അടുത്തിടെ പുറത്തിറക്കിയ പുസ്തകം. വെറും മൂന്നാഴ്ചകൊണ്ടാണ് പുസ്തകത്തിന്റെ ആദ്യ ഡ്രാഫ്റ്റ് തയാറാക്കിയതെന്നും പിന്നീട് സമയമെടുത്തും അവലോകനം ചെയ്തുമാണ് പുസ്തകം പുറത്തിറക്കിയതെന്നും മല്ലിക പറയുന്നു.
ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ എതിർ ചേരിയിലായിരുന്നു എന്നും ഈ നർത്തകിയുടെ സ്ഥാനം. 2002ലെ ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോദി സർക്കാറിന്റെ പങ്കിനെ പരസ്യമായി വിമർശിച്ചിരുന്നു മല്ലിക. അതുകൊണ്ടുതന്നെ നിരവധി ഭീഷണികളും തേടിയെത്തി. ഇതിനു പിന്നാലെ മല്ലിക തന്റെ നിലപാടുകൾ വ്യക്തമാക്കി 2009ലെ പൊതുതെരഞ്ഞെടുപ്പിൽ അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർഥി എൽ.കെ. അദ്വാനിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചു.
തന്റെ സ്ഥാനാർഥിത്വം വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയുള്ള സത്യഗ്രഹമാണെന്ന ഉറച്ച വിശ്വാസം മല്ലികക്കുണ്ടായിരുന്നു. ''ഹൃദയമുള്ള ഓരോ മനുഷ്യനും ബിൽക്കീസിനുവേണ്ടി ശബ്ദിക്കണം, അല്ലാത്തപക്ഷം തിന്മ ശിക്ഷിക്കപ്പെടാതെ ആഘോഷിക്കുന്നത് തുടരും. നമ്മുടെ ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിക്കുകയും അവൾക്കുവേണ്ടി പോരാടുകയും വേണം'' -ബിൽക്കീസ് ബാനു കേസിൽ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്തതിനെതിരെ മല്ലിക പ്രതികരിച്ചു.
രാഷ്ട്രീയരംഗത്തു മാത്രമല്ല, സാമൂഹിക രംഗത്തും സ്ത്രീകൾക്കുവേണ്ടിയും നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും പൊതുബോധത്തെ തച്ചുടക്കുകയും ചെയ്തിരുന്നു. മൃണാളിനി സാരാഭായിയുടെ മരണസമയത്ത് ആദരമർപ്പിച്ച് മൃതദേഹത്തിനു സമീപം ചുവടുവെച്ചത് അതിലൊന്നുമാത്രം. മൃണാളിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ ഇന്ത്യൻ പ്രധാനമന്ത്രി തയാറാകാതിരുന്നതിനെതിരെയും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.