മേ​രി അ​ല​ക്സാ​ണ്ട​ർ

ട്രാക്കുകൾ കീഴടക്കിയ മേരി അലക്സാണ്ടർ

ദോഹ ഓൾഡ് എയർപോർട്ടിനരികിലെ വീട്ടിലിരുന്ന് ഗതകാല ഓർമകൾ പൊടിതട്ടിയെടുക്കുമ്പോൾ മേരി അലക്സാണ്ടർ എന്ന പഴയകാല ദേശീയ അത്ലറ്റിന്‍റെ ഓർമകൾ സ്പ്രിന്‍റ് വേഗം കൈവരിക്കും. 1999 ഇംഫാൽ ദേശീയ ഗെയിംസിൽ കേരളത്തിനായി നൂറ് മീറ്റർ ട്രാക്കിലും റിലേയിലും ഓടിയെടുത്ത മെഡലുകൾ.

ഇന്‍റർ യൂനിവേഴ്സിറ്റി, നാഷനൽ മീറ്റുകൾ, സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുകൾ... അങ്ങനെ നിരവധി കായിക മാമാങ്കങ്ങളിൽ റിലേയിലും 200, 400 മീറ്റർ മത്സരങ്ങളിലുമായി വാരിക്കൂട്ടിയ സ്വർണവും വെള്ളിയും വെങ്കലവും ഉൾപ്പെടെയുള്ള മെഡലുകൾ, പി.ടി ഉഷയും കൂട്ടരും സ്ഥാപിച്ച റെക്കോഡിനെ 18 വർഷത്തിനുശേഷം ഇളക്കിമാറ്റി കാലിക്കറ്റ് സർവകലാശാലക്ക് പുതിയ റെക്കോഡ് സമ്മാനിച്ച റിലേയിലേ കുതിപ്പ്... അങ്ങനെ ട്രാക്കിൽ തിളങ്ങിയ എത്രയെത്ര നിമിഷങ്ങൾ.

കായിക കേരളത്തിന്‍റെ ഭാവിവാഗ്ദാനങ്ങൾ എന്നായിരുന്നു മേരി അലക്സാണ്ടറെയും കൂട്ടുകാരികളെയും അന്ന് ഇംഗ്ലീഷ്-മലയാള പത്രങ്ങൾ വിശേഷിപ്പിച്ചത്. 1996 മുതൽ 2002 വരെ ഒരു പറ്റം അത്ലറ്റുകൾക്കൊപ്പം കേരളത്തിന്‍റെ ട്രാക്കുകൾ വാണ കാലമുണ്ടായിരുന്നു ഖത്തർ പ്രവാസിയായ ഈ കണ്ണൂർ സ്വദേശിനിക്ക്.

ഇന്ത്യൻ വോളിയുടെ ഇതിഹാസം സാക്ഷാൽ ജിമ്മി ജോർജിന്‍റെയും സഹോദരങ്ങളുടെയും ജന്മംകൊണ്ട് അനുഗൃഹീതമായ പേരാവൂരിൽ നിന്നാണ് മേരിയുടെയും വരവ്. നാടിന്‍റെ പെരുമപോലെ കായികമേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച കൗമാരകാലം. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കേരളത്തിന്‍റെ കായിക നഴ്സറികളിലൊന്നായ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തിയതായിരുന്നു മേരി. പിന്നെ ട്രാക്കിൽ നേട്ടങ്ങൾ വാരിക്കൂട്ടി.

തൃശൂർ വിമലയിൽ പഠിക്കുമ്പോൾ കേരളത്തിന്‍റെ ഭാവിതാരമായി ഉയർന്നു. കേരള അത്ലറ്റിക്സിലെ പ്രശസ്ത പരിശീലകരായ കൈമൾ സാറിനും എം.എ ജോർജിനും കീഴിൽ പരിശീലിച്ച നാളുകൾ. ഇതിനിടയിലെത്തിയ ലിഗ്മെന്‍റ് ഇഞ്ചുറി ട്രാക്ക് തെറ്റിച്ചു. അത്ലറ്റിക്സിൽ നേട്ടങ്ങളിലേക്കുള്ള കുതിപ്പിന് ഗതിമാറ്റവുമായി. അങ്ങനെയാണ് സാമ്പത്തിക ശാസ്ത്രത്തിലെ ബിരുദാനന്തര ബിരുദവും പിന്നെ ബി.എഡും നേടി അധ്യാപന വേഷമണിയുന്നത്.

2009ൽ വിവാഹശേഷമായിരുന്നു ഖത്തറിലേക്കുള്ള വരവ്. ഖത്തർ എയർവേസിൽ ജീവനക്കാരനായ ഭർത്താവ് സഞ്ജു പാറക്കലിനൊപ്പം പ്രവാസവഴിയിലെത്തി അധ്യാപനത്തിൽ സജീവമായെങ്കിലും കുഞ്ഞുനാളിൽ കൂടെക്കൂടിയ കായിക ആവേശത്തെ കൈവിട്ടില്ല. വിവിധ ചാമ്പ്യൻഷിപ്പുകളിലും കായിക മത്സരങ്ങളിലും പങ്കെടുത്ത് നാട്ടിലെ ട്രാക്കിൽ പാതിവഴിയിൽ വീണുപോയ ആവേശത്തിന് വീണ്ടും തിരിതെളിയിച്ചു. എക്സ്പാട്രിയറ്റ് സ്പോർട്ടീവ് മുതൽ ബാഡ്മിന്‍റൺ, ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പുകളിലും സജീവമായി പങ്കെടുത്ത് വീണ്ടും വിജയകിരീടങ്ങൾ ചൂടിക്കൊണ്ടിരുന്നു.

ഇപ്പോൾ ഖത്തറിലെ ഫിൻലൻഡ് ഇൻറർനാഷനൽ സ്കൂളിൽ അധ്യാപികയാണ് മേരി അലക്സാണ്ടർ. സ്കൂളിലെ അധ്യാപന വിഷയം വേറെയാണെങ്കിലും തലമുറകളിലേക്ക് സ്പോർട്സ് ആവേശം പകരുന്നതിൽ മേരി അലക്സാണ്ടർ മുൻനിരയിലുണ്ട്. സ്വന്തം മക്കൾക്കൊപ്പം സ്കൂൾ വിദ്യാർഥികൾക്കും വിവിധ കൂട്ടായ്മകൾക്കു കീഴിലും മികച്ചൊരു അത്ലറ്റിന്‍റെ കൈയൊതുക്കത്തോടെ അറിവുകൾ പകർന്നുനൽകുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഖത്തറിലെ വിവിധ കമ്യൂണിറ്റി സ്പോർട്സ് മീറ്റുകളിലും സജീവ സാന്നിധ്യമാണ് ഈ അധ്യാപിക. വിദ്യാർഥികളായ ടോം സഞ്ജു, മരിയ സഞ്ജു എന്നിവരാണ് മക്കൾ. 

Tags:    
News Summary - Mary Alexander conquering the tracks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.