മ​റി​യു​മ്മ

മറിയുമ്മ; ഇംഗ്ലീഷ് 'രുചി'ച്ച തലശ്ശേരിപ്പെരുമ

കണ്ണൂർ: ഭാഷയും രുചിയും കൊണ്ട് തലശ്ശേരി പെരുമയിലേക്ക് വളര്‍ന്ന മറിയുമ്മ ഇനി ഓർമ. മറിയുമ്മ ഇംഗ്ലീഷ് പഠിച്ചത് യാദൃച്ഛികമായിരുന്നില്ല. മറിയുമ്മയുടെ ഇംഗ്ലീഷും രുചിക്കൂട്ടുകളും ഒരുപോലെ ലോകത്തെ മുഴുവനും സ്വാംശീകരിക്കുന്നതായിരുന്നു. പുരാതനവും പ്രശസ്തവുമായ തലശ്ശേരിയിലെ മാളിയേക്കല്‍ തറവാട്ടിലെ മറിയുമ്മ മായനാലി വാർധക്യത്തിലും ഇംഗീഷ് പഠനത്തിന്റെയും തലശ്ശേരിയുടെ രുചി വരുംതലമുറക്ക് പകരുന്നതിന്റെയും തിരക്കിലായിരുന്നു. തലശ്ശേരിയില്‍ ഇംഗ്ലീഷ് പഠനം പൂര്‍ത്തിയാക്കിയ ആദ്യ മുസ്‍ലിം സ്ത്രീകളിലൊരാളായിരുന്നു അവർ.

സമുദായത്തിന്റെയും ബന്ധുക്കളുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് അവർ തലശ്ശേരി കോണ്‍വെന്‍റില്‍നിന്ന് ഇംഗ്ലീഷ് പഠനം ആരംഭിക്കുന്നത്. 1943ല്‍ ഫിഫ്ത്ത് ഫോറം പാസായ മറിയുമ്മക്ക് പക്ഷേ, ബ്രിട്ടീഷ് സര്‍ക്കാറിന്റെ കീഴിലെ ഉദ്യോഗത്തേക്കാള്‍ ആഗ്രഹവും മധുരവും തോന്നിയത് തലശ്ശേരിയുടെ ഭക്ഷണ പെരുമയോടായിരുന്നു.

സഹനത്തിന്റെ കനല്‍വഴി താണ്ടിയാണ് അവർ ഇംഗ്ലീഷ് അക്ഷരങ്ങളോട് കൂട്ടുകൂടിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനായി സഹിച്ച ത്യാഗത്തിന് സമാനതകളില്ലായിരുന്നു. കോണ്‍വെൻറ് സ്കൂളിലേക്കുള്ള യാത്രക്കിടെ യാഥാസ്ഥിതികരുടെ പരിഹാസവും ശകാരവര്‍ഷവും കണ്ടും കേട്ട് കണ്ണീരൊഴുക്കിയിട്ടുണ്ടിവര്‍. ഫിഫ്‌ത്ത്‌ ഫോറത്തിൽ പഠിക്കുമ്പോൾ 1943ലായിരുന്നു വിവാഹം. വിവാഹശേഷം ഉമ്മാമ്മ ബീഗം കുഞ്ഞാച്ചുമ്മ സ്ഥാപിച്ച മഹിള സമാജത്തിന്റെ പ്രവർത്തനത്തിൽ മുഴുകി. സ്‌ത്രീകൾക്കുവേണ്ടി തയ്യൽ ക്ലാസുകളും സാക്ഷരത ക്ലാസുകളും നടത്തി.

കോഴിക്കോട്‌ മാനാഞ്ചിറ മൈതാനിയിലെ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്‌) യോഗത്തിൽ ഷെയ്‌ഖ് അബ്ദുല്ലയുടെ സാന്നിധ്യത്തിൽ ഇംഗ്ലീഷിൽ പ്രസംഗിച്ച്‌ കൈയടി നേടിയതും ചരിത്രപ്രസിദ്ധം. തലശ്ശേരി കലാപകാലത്ത്‌ നിരവധി കുടുംബങ്ങൾക്ക്‌ മാളിയേക്കലിൽ അഭയം നൽകാൻ മുൻകൈയെടുത്തു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലയിലെ നിരവധി പേരുമായും അവർ വ്യക്തിബന്ധം പുലർത്തിയിരുന്നു. ഇംഗ്ലീഷിലൂടെ, രുചികരമായ ഭക്ഷണത്തിലൂടെ, ആതിഥ്യ മര്യാദയിലൂടെ, സംസ്കാരത്തിലൂടെ.....അങ്ങനെ പലതിലൂടെ തലശ്ശേരിയുടെ പെരുമയോടൊപ്പം മറിയുമ്മയും വളരുകയായിരുന്നു.

മുഖ്യമന്ത്രി അനുശോചിച്ചു

തലശ്ശേരിയുടെ ചരിത്രത്തോടൊപ്പം സ്വന്തം കാൽപാടുകൾ പതിപ്പിച്ചുനടന്ന വ്യക്തിയെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. യാഥാസ്ഥിതികരുടെ വിലക്കുകൾ അവഗണിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി മറ്റുള്ളവർക്ക് വഴികാട്ടിയായിരുന്നു അവർ.

സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടിയും അവരുടെ വിദ്യാഭ്യാസ അവകാശങ്ങൾക്കുവേണ്ടിയും പ്രവർത്തിച്ചു. എന്നും പുരോഗമന മനസ്സ് കാണിച്ച മാളിയേക്കൽ മറിയുമ്മ മതസാഹോദര്യത്തിന്റെ പ്രതീകമായി സ്വയം മാറി. അവരുടെ വേർപാട് ഒരു നാടിനെയും പലതലമുറകളെയും ദുഃഖത്തിലാഴ്ത്തുന്നതാണ്. ആ ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Maryumma; Thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.