കുറ്റിപ്പുറം: പ്രയത്നിച്ചാൽ സഫലമാകാത്ത ആഗ്രഹങ്ങളില്ലെന്ന വാചകത്തെ അന്വർഥമാക്കുകയാണ് കുറ്റിപ്പുറം മർക്കസ് മൂടാൽ സ്വദേശിനിയായ കള്ളിയിൽ സാക്കിറയും രണ്ട് മക്കളും. ജീവിതവഴികളിലെ പ്രതിസന്ധികളിൽ തളരാത്ത സാക്കിറക്ക് അധ്വാനത്തിലൂടെ ജലം ലഭ്യമാക്കിയ കഥയാണ് പറയാനുള്ളത്.
പണമില്ലാത്തതിനെ തുടർന്ന് വിദ്യാർഥികളായ മക്കളെ കൂട്ടുപിടിച്ച് കിണർ കുഴിച്ച് വെള്ളം കണ്ടെത്തിയ സന്തോഷത്തിലാണ് ഈ വനിത. 20 ദിവസത്തെ അധ്വാനത്തിലാണ് ഉമ്മയും മക്കളും കിണർ കുഴിച്ച് വെള്ളം കണ്ടെത്തിയത്.രണ്ടാമത്തെ മകന് രണ്ട് വയസ്സുള്ളപ്പോഴാണ് ഭർത്താവ് സാക്കിറയെ ഉപേക്ഷിച്ച് പോയത്. അവിടെയൊന്നും തളരാൻ ഇവർ തയാറായില്ല.
കൂലിപ്പണിയും വീട്ടുജോലിയും ചെയ്ത് ജീവിതത്തോട് പൊരുതി മക്കളെ വളർത്തി. ഇതിനിടെ സ്വന്തമായി വീടു പണിയണമെന്ന ആഗ്രഹത്തോടെ വിവിധ ജോലികളിൽനിന്ന് ലഭിച്ച പണം സ്വരൂപിച്ച് രണ്ട് സെന്റ് ഭൂമി സ്വന്തമാക്കി. വീടുപണി തുടങ്ങണമെങ്കിൽ ആദ്യം വെള്ളം വേണം. അതിന് കിണർ കുഴിക്കണം. പക്ഷേ കിണർ കുഴിക്കാൻ പണമില്ല. ഒന്നും നോക്കിയില്ല, ഒരു ദിവസം രാവിലെ കൈക്കോട്ടും പിക്കാസും കൈയിലേന്തി സാക്കിറ കിണർ കുത്താൻ തുടങ്ങി.
കണ്ടുനിന്നവർക്ക് ആദ്യം സംശയമായിരുന്നു. ഇത് എവിടെയും എത്തില്ലെന്ന് ഉപദേശം വന്നു. അതൊന്നും സാക്കിറ ചെവിക്കൊണ്ടില്ല. ക്രിസ്മസ് അവധിക്ക് സ്കൂൾ പൂട്ടിയതോടെ മക്കളായ മുഹമ്മദ് നിയാസും മുഹമ്മദ് സിനാനും ഉമ്മക്കൊപ്പം കൂടി. 20 ദിവസംകൊണ്ട് ഒമ്പത് കോൽ കുഴിച്ചതോടെ വെള്ളം കണ്ടു. ഈ വിജയത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തിലാണ് സാക്കിറ.
ഇനിയൊരു വീടു പണിയാനുള്ള നെട്ടോട്ടത്തിലാണ് ഈ കുടുംബം. അതിനൊരു കൈ സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ. തോൽവികളിൽ തളരാതെ, ഓരോ പുലരികളും പ്രത്യാശകളുടേതാണെന്ന് വിശ്വസിക്കുന്നവർക്ക് സാക്കിറ ഒരു പ്രചോദനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.