മകളെ നെഞ്ചിൽ നിന്നടർത്താതെ പ്രാർഥനയോടെ ഒരമ്മ

അടിമാലി: പരിമിതികളുമായി പിറന്ന മകളുടെ അരികില്‍നിന്ന് ഒരു നിമിഷം പോലും മാറാന്‍ കഴിയാതെ ഒരമ്മ.മാങ്കുളം പാമ്പുങ്കയം വട്ടകുന്നേല്‍ പ്രിന്‍സിയാണ് (33) വീടിന്‍റെ ഇടുങ്ങിയ ചുവരുകള്‍ക്കുള്ളില്‍ മകളോടൊപ്പം ദിനരാത്രങ്ങള്‍ തള്ളിനീക്കുന്നത്. മകളോടുള്ള സ്നേഹവും വാത്സല്യവും കൊണ്ട് ത്യാഗസമാനമായി മാറിയ പ്രിൻസിയുടെ ജീവിതം തോരാത്ത കണ്ണീരിന്‍റേതുകൂടിയാണ്.

ചെറിയൊരു ശബ്ദം കേട്ടാല്‍പോലും മകൾ ആറ് വയസ്സുകാരി ടിംസി അലറിക്കരയും. എല്ലുകളുടെ ബലക്കുറവാണ് ടിംസിയുടെ രോഗമെന്ന് ഡോക്ടർമാര്‍ പറയുന്നു. മകളുടെ ചികിത്സക്ക് കൂലിപ്പണിക്കാരനായ ടോമിസും ഭാര്യ പ്രിൻസിയും കയറിയിറങ്ങാത്ത ആശുപത്രികളില്ല. അടുത്ത നാളില്‍ വീട്ടിലെത്തിയ വൈദ്യന്‍ മകളെ ചികിത്സിച്ച് ഭേദമാക്കാമെന്നറിയിച്ചപ്പോൾ പ്രിൻസിയുടെ സന്തോഷവും പ്രതീക്ഷകളും പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. എന്നാൽ, ചികിത്സക്കൊടുവില്‍ ഉള്ള ചലനശേഷികൂടി നഷ്ടമായി.

കട്ടിലില്‍നിന്ന് അനങ്ങാൻ പോലും കഴിയാത്ത മകളുടെ അരികില്‍നിന്ന് പ്രിൻസിക്ക് മാറാനാവില്ല. ഒരു നിമിഷം അരികിൽ തന്നെ കണ്ടില്ലെങ്കിൽ അലമുറയിട്ട് കരയുന്ന മകളെ നേഞ്ചോട് ചേര്‍ത്ത് ഉള്ളുരുകി പ്രാർഥിക്കാനേ ഈ അമ്മക്ക് കഴിയൂ. മകളെ വിട്ട് ജോലികൾക്കൊന്നും പോകാനാവില്ല.

സ്വന്തമായി അറിയാവുന്ന തയ്യൽ ജോലി വീട്ടിലിരുന്ന് ചെയ്യാമെന്ന് വെച്ചാൽ തയ്യല്‍ മെഷീന്‍റെ ശബ്ദം കേല്‍ക്കുന്നതോടെ ടിംസി കരയാന്‍ തുടങ്ങും. തുണി അലക്കുന്ന ശബ്ദം പോലും അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്.

പഞ്ചായത്ത് നിർമിച്ച് നല്‍കിയ നാല് സെന്‍റിലെ വീട്ടിലാണ് പ്രിന്‍സിയും ഭർത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. വിദ്യാർഥികളായ പ്രിന്‍റോ, ടോം എന്നിവരാണ് മറ്റ് മക്കൾ.

Tags:    
News Summary - Mothers day special story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.