മൂവാറ്റുപുഴ: സ്വന്തം മാതാവിന്റെ പേരിൽ ക്ഷേത്രം നിർമിച്ച ഒരു ഡോക്ടറുണ്ട് മൂവാറ്റുപുഴയിൽ. മരിച്ചുപോയ മാതാവാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. പേഴക്കാപ്പിള്ളി സബയ്ൻസ് ആശുപത്രിയിലെ കുട്ടികളുടെ ഡോക്ടർ ജയന്ത് ജയരാജാണ് ജന്മനാടായ തമിഴ്നാട് കമ്പത്ത് മാതാവിന്റെ പേരിൽ ക്ഷേത്രം പണികഴിപ്പിച്ചത്.
13 വർഷമായി ഇവിടെ പീഡിയാട്രീഷ്യനാണ് ജയന്ത്. ഭാര്യ മഹാലക്ഷ്മിയും ഇവിടെ ഡോക്ടറാണ്. കമ്പം സുരുളി മലയിലെ വെള്ളച്ചാട്ടത്തിനു സമീപം ഒരേക്കറിലാണ് 85 അടി ഉയരമുള്ള ക്ഷേത്രം. ശക്തി മിഹ അന്നൈ ശ്രീജയമീന ക്ഷേത്രം എന്നാണ് ഇതിനു പേര് നൽകിയിരിക്കുന്നത്. വനിത ദിനത്തിൽ പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ മാതൃദിനത്തിൽ പ്രത്യേക പൂജകൾ നടക്കും.
ഡോ. ജയന്തും ഭാര്യയും ജഗന്തിന്റെ സഹോദരി ഡോ. ജെനിത ജയരാജും ചേർന്നാണ് ക്ഷേത്ര നിർമാണത്തിന് പണം കണ്ടെത്തിയത്. അർബുധ ബാധിതയായി ജയമീന 2013ലാണ് മരിച്ചത്. 2015ലാണ് ക്ഷേത്ര നിർമാണം ആരംഭിച്ചത്. ഈ വർഷമാണ് പൂർത്തിയായത്.
ശിവൻ, മഹാലക്ഷ്മി, മുരുകൻ, ഗണപതി എന്നീ ദേവതകളുടെ പ്രതിഷ്ഠയും ക്ഷേത്രത്തിലുണ്ട്. സിനിമാ താരങ്ങളുടെയും രാഷ്ട്രീയ നേതാക്കളുടെയുമെല്ലാം പേരിൽ ക്ഷേത്രങ്ങളുള്ള തമിഴ്നാട്ടിൽ മാതാവിന്റെ പേരിൽ മകൻ ക്ഷേത്രം നിർമിച്ചിരിക്കുന്നത് ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.