മീ​നാ​ക്ഷി സ്വ​കാ​ര്യ ബ​സി​ന്‍റെ ഡ്രൈ​വി​ങ്​ സീ​റ്റി​ൽ

പാട്ടോട്ടം, ബസോട്ടം....ഇത് മീനാക്ഷി സ്പെഷൽ

ആറ്റിങ്ങൽ: പാട്ടുപാടുന്ന പോലെയാണ് മീനാക്ഷി ബസോടിക്കുന്നത്. സംഗീതാധ്യാപികയായിരുന്നു. മ്യൂസിക്കിൽ ബിരുദാനന്തര ബിരുദധാരി, ബി.എ മ്യൂസിക്കിൽ രണ്ടാം റാങ്ക് ജേതാവ്. കോവിഡ് അടച്ചിടൽ സംഗീത പരിശീലന മേഖലയെ നിശ്ചലമാക്കിയപ്പോൾ പാട്ടിന്‍റെ വഴിയിൽ നിന്ന് നഗരത്തിന്‍റെ തിരക്കുപിടിച്ച വഴികളിലേക്ക് ബസ് ഓടിക്കാൻ തീരുമാനിച്ചു.

ആറുമാസം മുമ്പാണ് ഹെവി ഡ്രൈവിങ് ലൈസൻസ് നേടിയത്. ആഴ്ചകൾക്കുള്ളിൽ ആറ്റിങ്ങലിലെ സ്വകാര്യ ബസായ സൂര്യയുടെ വളയം നിയന്ത്രിക്കാൻ അവസരം കിട്ടി. അങ്ങനെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം കൊണ്ട് ജനം പൊറുതിമുട്ടിയ ആറ്റിങ്ങലിൽ സമയനിഷ്ഠയോടെയും സുരക്ഷിതമായും ബസ് ഓടിക്കുകയാണ് ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് സ്വദേശിയായ ഈ 34കാരി. ആറ്റിങ്ങൽ-കല്ലമ്പലം-വർക്കല റൂട്ടിലാണ് സർവിസ്. ആൺ കുത്തകയായിരുന്ന ആറ്റിങ്ങലിലെ സ്വകാര്യ ബസ് മേഖലയിൽ സ്ത്രീസമൂഹത്തിന് പ്രതീക്ഷയും ആവേശവും നൽകുന്നതാണ് മീനാക്ഷിയുടെ സാന്നിധ്യം.

മീനാക്ഷിയുടെ കുടുംബവും സംഗീതലോകത്ത് അറിയപ്പെടുന്നതാണ്. അതിനാൽ സംഗീതമേഖലയിൽ ആണ് ആദ്യം ഉപജീവനം തേടിയത്. എങ്കിലും മീനാക്ഷിക്ക് ഡ്രൈവിങ് വെറുമൊരു ഉപജീവനം അല്ല, കുട്ടിക്കാലം മുതൽ ആവേശം പകർന്നിരുന്ന ഒന്നാണത്. ബസിൽ യാത്ര ചെയ്തിരുന്ന സമയത്ത് ഡ്രൈവിങ് ശ്രദ്ധിക്കുമായിരുന്നു.

പിന്നീട് ആ ആവേശം വളർന്നുകൊണ്ടിരുന്നു. ഡ്രൈവിങ്ങിനൊപ്പം സംഗീതമേഖലയിലും കൂടുതൽ സജീവം ആകണമെന്ന ആഗ്രഹമാണ് മീനാക്ഷിക്ക് ഉള്ളത്. ഇതിന് പിന്തുണയായി സഹപ്രവർത്തകരും യാത്രക്കാരും കുടുംബവും ഇവർക്കൊപ്പമുണ്ടെന്ന സന്തോഷവും മീനാക്ഷി പങ്കുവെക്കുന്നു.ആറ്റിങ്ങൽ അവനവഞ്ചേരി ടോൾമുക്ക് സ്വരലയയിൽ കല്ലറ ബാബു എന്നറിയപ്പെടുന്ന മനോഹരന്‍റെയും ലൈലമണിയുടെയും മകളാണ്. ഭർത്താവ്: രാജീവ്. മകൾ: ജാനകി. സഹോദരൻ: സ്വരാജ്.

Tags:    
News Summary - music teacher meenakshi turned to private bus driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-01 06:20 GMT