മാസങ്ങൾക്ക് മുമ്പ് ദുബൈയിലെ എമിറേറ്റ്സ് വിമാനക്കമ്പനി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഒരു വീഡിയോ കണ്ടവരെല്ലാം അൽഭുതപ്പെട്ടു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽ എയർഹോസ്റ്റസിന്റെ വേഷത്തിൽ ഒരു സ്ത്രീ നിൽക്കുന്നതായിരുന്നു വീഡിയോ. നികോൾ സ്മിത്ത് എന്ന സ്കൈഡൈവറായിരുന്നു അതിസാഹസികമായ ആ പ്രകടനം നടത്തിയത്.
ലോകം മുഴുവൻ വൈറലായ വീഡിയോക്ക് പുതിയ പതിപ്പുമായി കഴിഞ്ഞ ആഴ്ച നികോൾ വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇരുവീഡിയോകളും പ്രചരിച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ഇത് യഥാർഥ വീഡിയോ ആണോ എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യത്തിൽ വീഡിയോ നിർമാണ കമ്പനി തന്നെ വിശദീകരണവുമായി രംഗത്തു വന്നു. ഇത് യഥാർത്ഥ വീഡിയോ ആണെന്നും ബുർജിന്റെ ഏറ്റവും മുകളിൽ കയറിയാണിത് ചിത്രീകരിച്ചതെന്നും വെളിപ്പെട്ടു. പിന്നീട് നികോൾ എന്ന ലോകത്തെ ഏറ്റവും സാഹസികയായ സ്റ്റൻഡ്വുമണിന്റെ പിന്നാലെയായിരുന്നു ലോക മാധ്യമങ്ങൾ.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ പുഞ്ചിരിച്ച് നിൽകാൻ ധൈര്യം കാണിച്ച നികോൾ സ്മിത്ത് യു.എസിലെ ജോർജിയിലെ ഒരു കൊച്ചുപട്ടണത്തിലാണ് ജനിച്ചതും വളർന്നതും. 20വയസുകഴിഞ്ഞതോടെ വിവാഹിതയായ ഇവർ ജീവിതത്തിൽ പ്രതിസന്ധികൾ ഏറെ അഭിമുഖീകരിച്ചിട്ടുണ്ട്. 25വയസാകുന്നതിന് മുമ്പ് വിധവയായ ഇവർ ദുഃഖങ്ങളിൽ നിന്ന് ഒളിച്ചോടുന്നതിന് കൂടിയാണ് സ്കൈഡൈവിങ് തെരഞ്ഞെടുത്തത്. എന്നാൽ ദുരന്തങ്ങൾ ഇവരെ വിട്ടില്ല. നികോൾ സഞ്ചരിച്ച കാർ അപകടത്തിൽ പെട്ട് കൂടെയുണ്ടായിരുന്ന ആൾ മരിക്കുകയും അവർക്ക് ഗുരുതര പരിക്കേൽകുകയും ചെയ്തു. ശ്വാസകോശം, വാരിയെല്ലുകൾ, ഇടുപ്പ്, മസ്തിഷ്കം എന്നിവിടങ്ങളിൽ പരിക്കേറ്റ ഇവർ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്നതിൽ ഡോക്ടർമാർ പോലും ഉറപ്പു പറഞ്ഞിരുന്നില്ല. എന്നാൽ മരണത്തെയും അതിജീവിച്ച് സ്കൈഡൈവിങിലേക്ക് അവർ തിരിച്ചുവരികയുമായിരുന്നു.
സ്കൈഡൈവിങ് പരിശീലകയായി തീർന്ന ഇവരുടെ സ്വപ്നമായിരുന്നു 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫയെന്ന അംബരചുംബിയുടെ മുകളിൽ കയറുകയെന്നത്. ലോക സഞ്ചാരി, സ്കൈഡൈവർ, യോഗ പരിശീലകൻ, ഹൈക്കർ, സാഹസിക സഞ്ചാരി എന്നൊക്കെയാണ് നികോൾ സ്വയം പരിചയപ്പെടുത്തുന്നത്. 'ജീവിതം ഒന്നുകിൽ ഒരു ധീരമായ സാഹസികതയാണ്, അല്ലെങ്കിൽ ഒന്നുമില്ല' എന്ന വിഖ്യാത യു.എസ് എഴുത്തുകാരി ഹെലൻ കെല്ലറുടെ വാചകമാണ് നികോളിന്റെ പ്രചോദനം. സ്കൈഡൈവിങ്ങിൽ ലോക ചാമ്പ്യനും പ്രശസ്ത ഫോട്ടോഗ്രാഫറുമൊക്കെയായ ഡേവിഡ് ലുഡ്വികാണ് നികോളിന്റെ ജീവിത പങ്കാളി. ഇരുവരും സാഹസിക പ്രകടനത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്നവരാണ്.
അപകടത്തെ അതിജീവിച്ച ശേഷം ഡേവിഡ് ലുഡ്വികാണ് നികോളിനെ സ്കൈഡൈവിങിലേക്ക് തിരിച്ചെത്താൻ പ്രേരിപ്പിച്ചത്. എന്നാൽ 2016 ആകുമ്പേഴേക്കും തന്നേക്കാൾ മികവുറ്റ സ്കൈഡൈവറായി പങ്കാളി മാറിയെന്ന് ഡേവിഡ് പറയുന്നു.
നികോളിനെ ഡേവിഡ് ജീവിതപങ്കാളിയായി പ്രപോസ് ചെയ്തതും സ്കൈഡൈവിനിടയിലായിരുന്നു. സ്കൈഡൈവിങിൽ ഒന്നിലേറെ ഗിന്നസ് റെക്കോർഡുകൾക്ക് ഉടമയായ ഡേവിഡ് വിവിധ രാജ്യങ്ങളിൽ സൈനികർക്ക് പരിശീലനം നൽകുന്ന വിദഗ്ധനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.