നൂറ നുജൂം നിയാസിന് മലയാള ഗാനങ്ങളേക്കാൾ പ്രിയമാണ് അറബിയോട്. അറബ് ജനതയുടെ പരമ്പരാഗത ഉല്വസങ്ങളില് അടക്കം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഈ മിടുക്കി കരസ്ഥമാക്കിയ സ്ഥാനങ്ങളും സമ്മാനങ്ങളും നിരവധിയാണ്. അടുത്തിടെ സമാപിച്ച അറബ് പരമ്പരാഗത ഉത്സവമായ അല്‍ ഹുസ്ൻ ഫെസ്റ്റിവലില്‍ ഏറെ തന്മയത്വത്തോടെ അറബി ഗാനങ്ങള്‍ ആലപിച്ചാണ് നൂറ സ്വദേശികളുടെയും വിദേശികളുടെയും മനം കവര്‍ന്നത്.
10 ദിവസം നീണ്ട ഉത്സവത്തില്‍, പങ്കെടുത്ത ആറ് ദിവസവും നൂറ അറബ്, ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഹിന്ദി ഗാനങ്ങള്‍ പാടി കൈയടിനേടി. അല്‍ ഹുസ്ൻ ഉത്സവത്തില്‍ പാടാന്‍ അനുമതി ലഭിച്ച ഏക മലയാളിയായ നൂറ, കൊല്ലം സ്വദേശിയും അബൂദബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്. അഞ്ചുവര്‍ഷമായി കര്‍ണാട്ടിക് സംഗീതം അഭ്യസിക്കുന്നു. സംഗീത സംവിധായകന് എം. ജയചന്ദ്രന്റെ എം.ജെ. മ്യൂസിക്ക് സോണില്‍ നിന്ന് ഓണ്‍ലൈനായി സംഗീതം പഠിക്കുന്നുണ്ട്. അബൂദബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് സംഘടിപ്പിച്ച ടാലന്റ് പ്രോഗ്രാമിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ, സ്കോളര്‍ഷിപ്പിലൂടെ ഓപറ വിഭാഗത്തില്‍ പരിശീലനം നേടിവരികയാണ്.
ഇറ്റലി അടക്കമുള്ള രാജ്യങ്ങളിലെ പ്രസിദ്ധമായ ഓപറ പരിശീലന പരിപാടികളില്‍ പങ്കെടുത്ത് കൂടുതല്‍ അറിവ് നേടാനുള്ള ഒരുക്കത്തിലാണ്. 11ാം വയസ്സില്‍ പാടിത്തുടങ്ങിയതാണ്. 16 വയസ്സിലേക്കെത്തുമ്പോള്‍ കൈപ്പിടിയിലാക്കിയ നേട്ടങ്ങള്‍ നിരവധി. ഇശല്‍ ബാന്‍ഡ് അബൂദബി ഓണ്‍ലൈന്‍ റിയാലിറ്റി ഷോയില്‍ രണ്ടുവര്‍ഷം തുടര്‍ച്ചയായി ടൈറ്റില്‍ വിന്നറായിരുന്നു. 12-15 വയസ്സ് കാറ്റഗറിയില്‍ യു.എ.ഇ. മലയാളി സമാജം സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റിവലില്‍ ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടന്‍ പാട്ട്, സിനിമാ ഗാനം, ഫാന്‍സി ഡ്രസ് എന്നീ ഇനങ്ങളില്‍ വിജയിയായി. യു.എ.ഇ ജീപാസ് യുഫെസ്റ്റില് അബൂദബി സോണില്‍ നിന്ന് മല്‍സരിച്ച നൂറ ലളിത ഗാനം, മാപ്പിളപ്പാട്ട്, സംഘഗാനം, ഒപ്പന ഇനങ്ങളില്‍ സമ്മാനം വാരിക്കൂട്ടി. ഏഷ്യാനെറ്റ് റേഡിയോ മ്യൂസിക് റിയാലിറ്റി ഷോ ഫൈനലിസ്റ്റ്, റേഡിയോ ഏഷ്യ ഇശല്‍ മെഹര്‍ജാന്‍ ടൈറ്റില്‍ വിന്നര്‍, മുഷ്രിഫ് മാള്‍ ടാലന്റോളജി ഫൈനലിസ്റ്റ്, ഇന്ത്യന്‍ പ്രവാസി അസോസിയേഷന് റിയാലിറ്റി ഷോ ഇശല്‍ ഇമാറാത്ത് വിന്നര്‍, അബൂദബി അഡക്ക് ടാലന്റ് ഷോ ടൈറ്റില്‍ വിന്നര്‍ എന്നിങ്ങനെ തുടരുന്നു
നൂറയുടെ നേട്ടങ്ങള്‍. കര്‍ത്താവാം മിശിഹ എന്ന ക്രിസ്ത്യന്‍ ആല്‍ബത്തിലെ സ്വര്‍ഗരാജ്യം സമാഗതമായി എന്ന ഭക്തിഗാനവും പെരുന്നാള്‍ കനവ് എന്ന മാപ്പിളപ്പാട്ട് ആല്‍ബത്തിലും പാടിയിട്ടുണ്ട്. കൈരളി ഗള്‍ഫ് ഫോക്കസ്, എന്‍.ടി.വി കിടു കിഡ്സ്, ഗോള്‍ഡ് എഫ്.എം, ഹിറ്റ് എഫ്.എം 96.7, പ്രവാസി ഭാരതി, ഏഷ്യാനെറ്റ് റേഡിയോ എന്നീ ടെലിവിഷന്‍, റേഡിയോ ഷോകളിലും നൂറ തന്റെ സംഗീത മികവ് തെളിയിച്ചിട്ടുണ്ട്. അബൂദബി സാംസ്കാരിക, വിനോദ സഞ്ചാര വകുപ്പും വിദ്യാഭ്യാസ വിജ്ഞാന വകുപ്പും സ്കൂള്‍ തലത്തില്‍ സംഘടിപ്പിച്ച ടാലന്റ് ഷോയിലൂടെ തിരഞ്ഞെടുക്കപ്പെട്ട നൂറ മൂന്നുവര്‍ഷമായി സ്വദേശി വേദികളില്‍ സ്ഥിരമായി സംഗീത പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്.
അബൂദബി ടാലന്റ് ഷോയില്‍ 14-18 വിഭാഗം ജേതാവുകൂടിയായ നൂറ ഡിസംബറില്‍ അബൂദബി ഖലീഫ പാര്‍ക്കില്‍ നടന്ന ദേശീയ ദിനപരിപാടികളില്‍ പങ്കെടുത്ത് ആസ്വാദകഹൃദയം കീഴടക്കിയിരുന്നു. ലോക സംഗീത ദിനത്തില്‍ ബവാബത് മാളിലും പാടി. ലൂവ്റ് അബൂദബിയിലെ പരിപാടിയില്‍ പാടാനും നൂറ തിരഞ്ഞെടുക്കപ്പെട്ടു. പിതാവ് നുജൂം നിയാസിന്റെയും മാതാവും അധ്യാപികയുമായ സോണിയ നിയാസിന്റെയും സഹോദരി നസ്മയുടെയും പൂര്‍ണ പിന്തുണയോടെ സംഗീതത്തില്‍ വലിയ ലക്ഷ്യങ്ങളോടെ യാത്ര തുടരുകയാണ് നൂറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.