ദുബൈ: എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഇമാറാത്തി വനിതയായി നയ്ല അൽ ബലൂഷി. യു.എ.ഇയിലെ പ്രശസ്ത പർവതാരോഹകൻ സഈദ് അൽ മെമാരിയുടെ ഭാര്യയായ നയ്ല ഭർത്താവിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മല കയറിയത്. മെമാരി രണ്ട് തവണ എവറസ്റ്റിന് മുകളിലെത്തിയിരുന്നു. ഇതോടെ എവറസ്റ്റ് കീഴടക്കുന്ന ആദ്യ അറബ് ദമ്പതികളായി നയ്ലയും മെമാരിയും.
കഴിഞ്ഞ വർഷം പാകിസ്താനിലെ ബ്രോഡ് പീക്ക് കീഴടക്കാൻ നെയ്ല ശ്രമിച്ചിരുന്നു. 7300 മീറ്റർ കയറിയെങ്കിലും പൂർത്തിയാക്കകാൻ കഴിഞ്ഞില്ല. എങ്കിലും, എവറസ്റ്റ് കീഴടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ലഭിച്ചത് ഈ യാത്രയോടെയാണ്. ഇതിൽ നിന്ന് ഊർജം ഉൾക്കൊണ്ട് 8,849 മീറ്റർ ഉയരമുള്ള എവറസ്റ്റ് കീഴടക്കുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് തയാറെടുപ്പ് തുടങ്ങിയത്. എവറസ്റ്റ് കയറൽ അനായാസമാണെന്ന ഭർത്താവിന്‍റെ പ്രചോദനമാണ് തന്നെ പ്രേരിപ്പിച്ചതെന്ന് നയ്ല പറയുന്നു.
മെമാരിയുടെ വാക്ക് പോലെ അനായാസമായിരുന്നു യാത്ര. ക്ഷമയോടെ നടന്നാൽ അത്ര പ്രയാസമേറിയതല്ല എവറസ്റ്റെന്നും കാലാവസ്ഥ അനുകൂലമായിരുന്നെന്നും അവർ ചൂണ്ടിക്കാട്ടി. തന്‍റെ നേട്ടം മറ്റ് ഇമാറാത്തി വനിതകൾക്കും പ്രചോദനമാകുമെന്നാണ് വിശ്വാസമെന്നും അവർ പറഞ്ഞു.
പത്ത് ദിവസം കൊണ്ടാണ് മുകളിൽ എത്തിയത്. നേപ്പാളി ഗൈഡും ഒപ്പമുണ്ടായിരുന്നു. കായിക ജീവിത ശൈലിയിൽ അത്ര സജീവമായിരുന്നില്ല നെയ്ല. എന്നാൽ, അടുത്തിടെയാണ് ഇതിലേക്ക് കൂടുതൽ അടുത്തത്. ഇതോടെ സൈക്കിളിങും ഓട്ടവും ദിനചര്യയായി കൂടെക്കൂട്ടി. രണ്ട് വർഷം മുമ്പാണ് ഉയരങ്ങൾ തേടിയുള്ള യാത്ര തുടങ്ങിയത്. ഭർത്താവിനൊപ്പം ചില മലകൾ കയറിയിരുന്നു.
2020ൽ തുർക്കിയിലെ ഗ്രേറ്റർ അരാരത്ത്, യുക്രെയ്നിലെ മൗണ്ട് കാമറൂൺ, മൗണ്ട് ഹോവർല എന്നിവ കീഴടക്കി. എല്ലാ രാജ്യങ്ങളിലെയും മലകൾ കീഴടക്കണമെന്ന സ്വപ്നവും പേറി നടക്കുന്നയാളാണ് ഭർത്താവ് സഈദ് അൽ മെമാരി. നൂറിലേറെ പർവതങ്ങൾ ഇതിനകം കയറിയിറങ്ങിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.