ഫോർബ്സ് പുറത്തുവിട്ട ഇന്ത്യയിലെ ഏറ്റവും ശക്തരായ 21 വനികളുടെ ലിസ്റ്റിൽ ഇടം പിടിച്ച് ഒഡീഷയിൽ നിന്നുള്ള ആശാ വർക്കറായ മറ്റിൽഡ കുളു. ആദിവാസി വിഭാഗക്കാരി കൂടിയായ മറ്റിൽഡ സംസ്ഥാനത്തെ സുന്ദർഗഡ് ജില്ലയിലെ ആശാ വർക്കറാണ്. പ്രമുഖ ബാങ്കറായ അരുന്ദതി ഭട്ടാചാര്യക്കും നടിമാരായ രസിക ദുഗ്ഗലിനും സാനിയ മൽഹോത്രക്കുമൊപ്പമാണ് മറ്റിൽഡയും ലിസ്റ്റിൽ ഇടംപിടിച്ചത്.
15 വർഷം മുമ്പായിരുന്നു ഒഡീഷയിലെ സുന്ദർഗഡ് ജില്ലയിലെ ഗർഗദ്ബഹൽ ഗ്രാമത്തിലേക്ക് അംഗീകൃത സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റായി (ആശ വർക്കർ) മറ്റിൽഡ നിയമിതയാവുന്നത്. എന്നാൽ, അവിടെ അവരെ കാത്തിരുന്ന ജോലി അത്ര എളുപ്പമുള്ളതായിരുന്നില്ല. മറ്റിൽഡ കുളുവിന്റെ ശ്രമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ, അവളുടെ ഗ്രാമത്തിലെ ആളുകൾ ഇപ്പോഴും പ്രാദേശിക ആശുപത്രി സന്ദർശിക്കുന്നതിനുപകരം രോഗ ചികിത്സക്കായി മാന്ത്രികവിദ്യയിൽ ആശ്രയിക്കുമായിരുന്നു.
"ആളുകൾ അസുഖം വന്നപ്പോൾ ആശുപത്രിയിൽ പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. ആശുപത്രിയിൽ പോകാൻ ഞാൻ ആളുകളെ ഉപദേശിക്കുമ്പോൾ അവർ എന്നെ പരിഹസിച്ചു. ജാതീയതയും എനിക്ക് സഹിക്കേണ്ടി വന്നു, "പ്രാദേശിക മന്ത്രവാദിനിയുടെ അടുത്തേക്ക് ഓടുന്നതിന് പകരം ഡോക്ടർമാരെ സന്ദർശിക്കേണ്ടതിന്‍റെ ആവശ്യകത ആളുകളെ മനസ്സിലാക്കാൻ എനിക്ക് വർഷങ്ങളോളം ജോലി ചെയ്യേണ്ടി വന്നു." -അവർ പറയുന്നു.
ഒഡീഷയിലെ 47000 ആശാ വർക്കർമാരിൽ ഒരാൾ മാത്രമായിരുന്നു മറ്റിൽഡ. എന്നാൽ, ആതുരസേവന രംഗത്ത് അവർ എപ്പോഴും കർമനിരതയായിരുന്നു. നവജാതശിശുക്കൾക്കും കൗമാരപ്രായക്കാരായ പെൺകുട്ടികൾക്കുമിടയിൽ പ്രതിരോധ കുത്തിവയ്പ്പിനായി ദൈനംദിനം വീടുകൾ തോറും കയറിയിറങ്ങൽ, മുലയൂട്ടൽ, പൂരക ഭക്ഷണം എന്നിവയെക്കുറിച്ച് സ്ത്രീകൾക്കായുള്ള കൗൺസിലിങ്, പ്രത്യുൽപാദന സംബന്ധമായ അണുബാധ, ലൈംഗികമായി പകരുന്ന അണുബാധ എന്നിവ ഉൾപ്പെടെയുള്ള സാധാരണ അണുബാധകൾ തടയാനായുള്ള പ്രവർത്തനങ്ങൾ, തുടങ്ങി ഗ്രാമത്തിൽ മറ്റിൽഡ ചെയ്തുവന്നിരുന്ന പ്രവർത്തനങ്ങൾ എണ്ണിയാൽ തീരില്ല.
പുലർച്ചെ അഞ്ച് മണിക്കാണ് അവരുടെ ഒരു ദിവസം ആരംഭിക്കുന്നത്. ശേഷം വീട്ടുജോലികൾ പെട്ടന്ന് ചെയ്ത് തീർക്കാനുള്ള തിരക്കിലേക്ക് പോകും. നാല് പേരടങ്ങുന്ന കുടുംബത്തിന് ഉച്ചഭക്ഷണം തയ്യാറാക്കുക, കന്നുകാലികൾക്ക് ഭക്ഷണം നൽകുക തുടങ്ങിയ ജോലികൾ പൂർത്തിയാക്കുന്നതോടെ സൈക്കിളിൽ കയറി വീടുതോറുമുള്ള സന്ദർശനങ്ങൾക്കായി പുറപ്പെടുകയും ചെയ്യും.
കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ, കോവിഡ് ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന ആളുകളെ പരിശോധിക്കാൻ ദിവസവും 50-60 വീടുകളും അവർ സന്ദർശിച്ചിരുന്നു. ആളുകളെ നേരിട്ടിടപഴകുന്ന ജോലിയായിരുന്നെങ്കിലും ഭൂരിഭാഗം ആശാവർക്കർമാർക്കും പി.പി.ഇ കിറ്റുകളോ, മാസ്കുകളോ, കൈയ്യുറകളോ സാനിറ്റൈസറുകളോ ലഭിച്ചിരുന്നില്ല. ആദ്യ തരംഗം കുറയുകയും വാക്സിനേഷൻ ആരംഭിക്കുകയും ചെയ്ത ശേഷം, പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനായി ഗ്രാമവാസികളെ സമ്മതിപ്പിക്കാനായി ഏറെ ബുദ്ധിമുേട്ടണ്ടിവന്നിരുന്നുവെന്നും മറ്റിൽഡ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.