മല്ലികയുടെ ഏകാംഗ നാടകം

ഓരോ സീസണിലെയും നാടകയാത്രയിൽ ഓണവും വിഷുവും ശിവരാത്രിയും ക്രിസ്മസുമെല്ലാം വന്നു പോകും. നേരമിരുളുമ്പോൾ വേദിയിൽ ഹൃദ്യമായ പ്രമേയങ്ങളുമായി ഒരുക്കുന്ന നാടകമായിരിക്കും ഏറ്റവും വിഭവസമൃദ്ധമായ സദ്യ. ഓരോ രംഗവും പുർത്തിയാക്കുമ്പോൾ, കഥകഴിഞ്ഞ് തിരശ്ശീല വീഴുമ്പോൾ മുന്നിലെ കാണികൾ നൽകുന്ന കൈയടി തന്നെ ഏറ്റവും വലിയ ഓണക്കോടിയും.

ഖത്തറിലെ തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിൽ ദോഹ ജദീദിലെ തമാസസ്ഥലത്തു നിന്നും ഓർമകളുടെ കർട്ടൻ വലിച്ചിടുകയാണ് മല്ലിക ബാബു. ഒരായുസ്സ്കൊണ്ട് തനിച്ചാടിയ ജീവിത​ വേഷം. നാടക ഭാഷയിൽ ഒരു സോളോ ഡ്രാമ. തിരക്കഥയോ, രംഗപടമോ, ചമയങ്ങളോ ഒന്നുമില്ലാതെ ഏത് ക്ലൈമാക്സിൽ അവസാനിക്കുമെന്നറിയാതെ നീങ്ങുന്ന ജീവിത നാടകം. അരങ്ങിലും അണിയറയിലുമായി ആടിത്തിമിർത്ത ജീവിത വേഷങ്ങൾക്കൊടുവിൽ, പ്രവാസത്തിന്റെ മരുഭൂ മണ്ണിലിരുന്ന് വീണ്ടും വേഷം തുന്നിക്കൂട്ടുകയാണ് അവർ. കടങ്ങൾ വീട്ടണം, പേരക്കുട്ടികൾക്ക് നല്ല ജീവിതം നൽകണം, പ്രിയപ്പെട്ടവന് ചികിത്സ നൽകണം...

രംഗം ഒന്ന്: നാടകമേ ജീവിതം

മലയാളത്തിലെ നാടക-സീരിയൽ വേദികളിൽ തിളങ്ങിയ അധികമൊന്നും നിറംമങ്ങാത്തൊരു കാലമുണ്ട് എറണാകുളം വൈറ്റില സ്വദേശിയായ മല്ലിക ബാബുവിന്. നാടകത്തെ പ്രണയിച്ചു തുടങ്ങിയ കുട്ടിക്കാലത്തു നിന്നും അധികം വൈകാതെ നാടകവേഷങ്ങളിലെത്തുകയും അരങ്ങിൽ അഭിനയിച്ചു തകർക്കുകയും ചെയ്ത കാലം. നാടക ജീവിതത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോൾ ഓർമകൾ ഒരു ഫ്ലാഷ് ബാക്ക് പോലെ കുട്ടിക്കാലത്തിലേക്ക് പോകും.

വൈറ്റിലയിലെ പൊന്നുരുന്നി ക്ഷേത്രമായിരുന്നു നാടകങ്ങളിലേക്കുള്ള ഇഷ്ടമെത്തിച്ചതെന്ന് പറയാം. സഹോദരനെ കൂട്ടുപിടിച്ചായിരുന്നു ഉത്സവ രാത്രിയിൽ അമ്പലത്തിലേക്കുള്ള യാത്ര. രാത്രി വൈകി അവസാനിക്കുന്ന നാടകങ്ങൾ കണ്ണിമ ചിമ്മാതെ കണ്ടിരിക്കും. നാടകം കഴിയുമ്പോഴേക്കും നേരം ഏറെ വൈകുമെന്നതിനാൽ, വീട്ടിലേക്ക് രാവിലെ മാത്രമേ മടങ്ങൂ. സഹോദരനൊപ്പം പുലരും വരെ ഗാനമേളയും ബാലെയും ഉൾപ്പെടെ കലാപരിപാടികൾ കണ്ടും ആസ്വദിച്ചും അമ്പലപ്പറമ്പിൽ തന്നെ ചിലവഴിക്കും. കണ്ടുകഴിയുന്ന നാടകങ്ങൾ വീട്ടിലെത്തി കൂട്ടുകാർക്കൊപ്പം അഭിനയിക്കും. അങ്ങനെ തുടങ്ങിയ നാടക ഭ്രമം എത്തിച്ചത് എട്ടാം ക്ലാസിൽ പഠിക്കു​മ്പോൾ പ്രഫഷണൽ നാടക വേദിയിലേക്കുള്ള ക്ഷണത്തിലായിരുന്നു. ചേർത്തല ആരതിയുടെ ‘കളിവിളക്ക്’ എന്ന നാടകത്തിൽ മാനസിക രോഗിയായ കുട്ടിയുടെ വേഷം അണിഞ്ഞായിരുന്നു തുടക്കം. മലയാള സിനിമാ താരം രാജൻ പി. ദേവ് സംവിധാനം ചെയ്ത നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചുവെന്ന സവിശേഷതയുമുണ്ടായിരുന്നു. പിന്നീട് സിനിമയായി മാറിയ ‘കാട്ടുകുതി​ര’ എന്ന നാടകത്തിലൂടെ രാജൻ ​പി. ദേവ് കേരളത്തിലെ നാടക പ്രേമികളിൽ ഹീറോ ആയി വിലസുന്ന സമയവുമായിരുന്നു അത്.

ആദ്യ നാടകത്തിലേക്കുള്ള ക്ഷണം വന്ന​പ്പോൾ വീട്ടിൽ നിന്ന് പുറപ്പെടും മുമ്പേ വേഷം തരും എന്ന ഉറപ്പും വാങ്ങിയായിരുന്നു മല്ലിക ഇറങ്ങിയത്. ശേഷം, അരങ്ങിലെ യാത്രയിൽ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. കൗമാരക്കാരി വേദികളിൽ സജീവമായി. ഒന്നിനു പിന്നാലെ ഒന്നായി നാടകങ്ങളെത്തി. സഹനടി വേഷങ്ങൾ മുതൽ നായിക വരെയായി അഭിനയിച്ചു തകർത്തു.


ഏതാനും വർഷം പഠനവും അഭിനയവും ഒന്നിച്ചു ​കൊണ്ടുപോകാനും കഴിഞ്ഞു. പ്രീ​ഡിഗ്രി വരെയുള്ള പഠനവും പൂർത്തിയാക്കി, സജീവമായി നാടവേഷങ്ങളിലേക്കിറങ്ങി. ചേർത്തല ആരതി, ചേർത്തല ജൂബിലി, കൊച്ചിൻ അനശ്വര, പിറവം രസ്ന, കൊച്ചിൻ തിയറ്റേഴ്‌സ്, തൃശൂർ സംഗവേദി, അങ്കമാലി ഭരതക്ഷേത്ര, തപസ്യ തുടങ്ങി ഒട്ടേറെ നാടക സമിതികളുടെ അരങ്ങിലൂടെ കാസർകോഡിനും തിരുവനന്തപുരത്തിനുമിടയിൽ ആയിര​ക്കണക്കിന് വേദികളിലൂടെ മല്ലികയുടെ സഞ്ചാരം തുടങ്ങി.

രാജൻ പി. ദേവ്​ സംവിധാനം ചെയ്ത ചേർത്തല ആരതിയുടെയും ജൂബിലിയുടെയും നാടകങ്ങൾ, കൊച്ചിൻ അനശ്വരയിൽ സിനിമ നടൻ റിസബാവക്കൊപ്പം, പിറവം രസ്ന, ചേർത്തല സരിഗ, തപസ്യ, ആലപ്പുഴ മലയാള കലാഭവൻ, കൊച്ചിൻ നാടകവേദി, തീയറ്റേഴ്​സ്​, സനാതന, നടൻ തിലകന്‍റെ അങ്കമാലി ഭരതക്ഷേത്ര അങ്ങനെ മലയാള നാടകവേദിയുടെ സുവർണ നാളുകളിൽ മധ്യകേരളത്തിൽ പ്രമുഖ തീയറ്റർ ഗ്രൂപ്പുകളുടെയെല്ലാം തിരക്കുള്ള അഭിനേത്രിയായി കലാജീവിതം. കേരളത്തിലങ്ങോളമിങ്ങോളമായി 1500ലേറെ നാടകങ്ങളിൽ വേഷങ്ങളിൽ കെട്ടിയാടിയപ്പോൾ നാടകം തന്നെയായിരുന്നു ജീവിതം.

നാടകവേദികളിലെ ഓണങ്ങൾ

ഓരോ സീസണിലെയും നാടകയാത്രയിൽ ഓണവും വിഷുവും ശിവരാത്രിയും ക്രിസ്മസുമെല്ലാം വന്നു പോകും. ആഘോഷങ്ങളിലൊന്നും വീട്ടിൽ സ്വന്തക്കാർക്കൊപ്പം കൂടിയ ഓർമകളില്ല. ഏതെങ്കിലും നാട്ടിലെ സ്റ്റേജിലും റിഹേഴ്സലിലും ചമയമുറിയിലുമായിരിക്കും ഓണവും ക്രിസ്മസുമെല്ലാം. ആഘോഷവേളകളാണല്ലോ നാടകക്കാരുടെ തിരക്കേറിയ സീസൺ. അതിനാൽ ആഘോഷവും നാടകത്തിനൊപ്പം തന്നെ. വേദികെട്ടുന്ന ഇടങ്ങളിൽ നിന്നും ലഭിക്കുന്ന ചോറും കറിയും സദ്യയായി മാറും. നാടക സംഘാടകർ ഒരുക്കുന്ന വീടുകളിൽ വിളമ്പുന്ന സദ്യയിൽ എത്രയെത്ര ഓണക്കാലം കഴിഞ്ഞു പോയെന്ന് മല്ലിക ഓർക്കുന്നു. എങ്കിലും, നേരമിരുളുമ്പോൾ വേദിയിൽ ഹൃദ്യമായ പ്രമേയങ്ങളുമായി ഒരുക്കുന്ന നാടകമായിരിക്കും ആ നാട്ടുകാർക്ക് ലഭിക്കുന്ന ഏറ്റവും വിഭവസമൃദ്ധമായ സദ്യ. ഓരോ രംഗവും പുർത്തിയാക്കുമ്പോൾ, കഥകഴിഞ്ഞ് തിരശ്ശീല വീഴുമ്പോൾ മുന്നിലെ കാണികൾ നൽകുന്ന കൈയടി തന്നെ ഏറ്റവും വലിയ ഓണക്കോടിയും.

രംഗം രണ്ട്: നാടകം തന്ന ജീവിതം

നാടകത്തെ ജീവിതമാക്കി മാറ്റിയ മല്ലികക്ക് നാടകത്തിൽ നിന്നു തന്നെ ജീവിത പങ്കാളിയെയും ലഭിച്ചു. പിറവം രസ്നയിൽ നിന്ന് കൂട്ടുകൂടിയ പോഞ്ഞിക്കര ബാബുവായിരുന്നു ജീവിതയാത്രയിൽ കൈപിടിച്ചത്. അരങ്ങുകളിൽ തളിർത്ത പ്രണയം വിവാഹത്തിലെത്തിയ​തോടെ, ശേഷമുള്ള യാത്രയും ഒപ്പത്തിനൊപ്പമായി. വലിയൊരു കലാകുടുംബത്തിന്റെ പിൻഗാമിയായിരുന്നു പോഞ്ഞിക്കര ബാബു. മധ്യകേരളത്തിൽ ഒരുകാലത്ത് അഭിന​യ വേദികളിൽ നിറഞ്ഞു നിന്ന പോഞ്ഞിക്കര കല്യാണിക്കുട്ടിയമ്മയുടെ മകൻ. അച്ഛൻ ഗംഗാധരനും അഭിനയ വേദികളിൽ ശ്രദ്ധേയനായിരുന്നു.

ഉത്സവ പറമ്പുകളിലും ക്ലബ് ആഘോഷങ്ങളിലുമായി കേരളത്തിന്റെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലുമെല്ലാം വിവിധ നാടക ഗ്രൂപ്പുകൾക്കൊപ്പം മല്ലികയും ബാബുവും പിന്നെയും ഏറെകാലം അഭിനയിച്ചു. നിരവധി അവാർഡുകളും തേടിയെത്തി. 2002ൽ സംസ്ഥാന സർക്കാറിന്റെ മികച്ച നാടക നടിക്കുള്ള പുരസ്കാരം ചേർത്തല തപസ്യയുടെ ‘തമ്പുരാനേ നീയാണ് വലിയവൻ’ എന്ന നാടകത്തിലൂടെ മല്ലികയെ തേടിയെത്തി. മൂന്ന് വേഷങ്ങൾ കെട്ടിയാടിയ ദാക്ഷായണിയെന്ന കഥാപാത്രത്തിനുള്ള പുരസ്കാരം, അരങ്ങിലെ സമർപ്പിത ജീവിതത്തിനുള്ള അംഗീകാരം കൂടിയായിരുന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ടു നീണ്ടു നിന്ന യാത്രക്കൊടുവിൽ, നാടക വേദികൾക്ക് മുന്നിൽ കാഴ്ചക്കാർ കുറയുകയും സിനിമയും സീരിയലും പ്രേക്ഷകരെ പിടിച്ചെടുക്കുകയും ചെയ്തതോടെയാണ് മല്ലികയും ജീവിത വേഷം മാറ്റിപ്പിടിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ 16ഓളം സീരിയലുകളിലും വേഷമണിഞ്ഞുവെങ്കിലും മിനി സ്ക്രീനിലേക്കുള്ള കൂടുമാറ്റം എളുപ്പമായില്ല.

രംഗം മൂന്ന്: ജീവിതമേ നാടകം

രംഗാവിഷ്‌കാരങ്ങൾക്ക് ആസ്വാദകർ കുറഞ്ഞതോടെ നാടക വേദികൾ വേരറ്റു തുടങ്ങി. ഇതോടെ ജീവിക്കാൻ ബദൽ മാർഗങ്ങൾ തേടുകയല്ലാതെ നിർവാഹമില്ലാതായി. ചെറിയൊരു വീട്, മകളുടെ പഠനം, വിവാഹം ഉൾപ്പെടെ ആവശ്യങ്ങൾക്ക് പണം വേണ്ടിവന്നതോടെയാണ് യു.എ.ഇയിലേക്ക് അവസരം ലഭിക്കുന്നത്. ഒരു മലയാളിയുടെ വീട്ടുജോലിയും ​മെയിൽ ഡ്രാഫ്റ്റിങ്ങും ഉൾപ്പെടെ രണ്ടു വർഷം നീണ്ട പ്രവാസം. തുച്ഛമായ വരുമാനത്തിൽ നിന്നും കൂട്ടിവെച്ച കാശുമായി തിരികെ നാട്ടിലെത്തി മകൾ മഞ്ജുവിന്റെ വിവാഹം നടത്തി. ശേഷം, നാട്ടിൽ സെക്യൂരിറ്റി ജോലികളുമായി മല്ലിക വീണ്ടും ജീവിത വേഷങ്ങൾ മാറാൻ തുടങ്ങി. വൈറ്റിലയിലെ ഗോൾഡ് സൂക്കിലും എറണാകുളത്തു തന്നെയുള്ള ക്ലിനിക്കിലുമെല്ലാം സുരക്ഷാ ജീവനക്കാരിയും ക്ലീനിങ് സ്റ്റാഫുമായി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടമായിരുന്നു. ഇതിനിടയിലാണ്, ഖത്തറിലേക്ക് ഒരു വിസ സ്വന്തമാക്കി പത്തു വർഷം മുമ്പ് വീണ്ടും പ്രവാസത്തിലേക്ക് പറക്കുന്നത്. ഖത്തറിൽ പ്രസവരക്ഷാ ശു​ശ്രൂഷകളും വീട്ടുജോലികളും ചെയ്തുകൊണ്ട് നേടുന്ന വരുമാനത്തിൽ കുടുംബത്തെ കരകയറ്റാൻ പെടാപാട് പെടുകയാണ് ഈ വീട്ടമ്മ. ഇതിനിടയിൽ വിധി വില്ലൻ വേഷങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്നു. ഭർത്താവ് ബാബു കരൾ രോഗം പിടിപെട്ട് ചികിത്സയിലായി. മകൾ മഞ്ജുവും രണ്ട് മക്കളും അടങ്ങിയ കുടുംബം സന്തോഷത്തോടെ നീങ്ങവെ, കോവിഡ് മഹാമാരി മരുമകൻ ശിവദാസിനെയും കവർന്ന് പോയതോടെ മല്ലികയുടെ ജീവിതം വീണ്ടും പ്രതിസന്ധികളിൽ തന്നെയായി.


തിരക്കഥയില്ലാത്ത രംഗാവിഷ്കാരങ്ങളുമായി വിധി തകർത്താടുമ്പോഴും മല്ലിക വിജയം വരിക്കുന്ന നായികയെ പോലെ പോരാട്ടം തുടരുകയാണ്. ഇതിനിടയിൽ ഒരു വർഷം മുമ്പ് വൈറ്റിലയിൽ സ്വന്തമായി വീടുവെച്ചതാണ് ഏറ്റവും വലിയ സന്തോഷവും പ്രവാസിയായതിലെ നേട്ടവുമെന്ന് മല്ലിക പറയുന്നു. നീറുന്ന വേദനകൾക്കിടയിലും ദോഹയിലെ നാടക വേദികളിലൂടെ തന്റെ അഭിനയ ജീവിതം നിലനിർത്തുന്നതിന്റെ ​സന്തോഷവും അവർക്കുണ്ട്. സംസ്കൃതി, കൾച്ചറൽ ഫോറം, നാടക സൗഹൃദം ദോഹ, ക്യു മലയാളം തുടങ്ങിയ കൂട്ടായ്മകളുടെ നാടകങ്ങൾക്ക് ഇന്ന് പൂർണത നൽകുന്നത് മൂന്നു പതിറ്റാണ്ടിലേറെ കേരളത്തിലെ പ്രഫഷണൽ നാടക വേദികളിൽ നിറഞ്ഞു നിന്ന മല്ലികയുടെ സാന്നിധ്യമാണ്.

അഭിനയ വേദികളിൽ പല വേഷങ്ങൾ കെട്ടിയാടിയ മല്ലികക്ക് ജീവിതത്തിലെ വിധിയുടെ വേഷക്കെട്ടുകളും ഇപ്പോൾ ഒരു നാടകം ​മാത്രമാണ്. ദുരിതങ്ങളെല്ലാം മാറും, വീടുനിർമിച്ചതിന്റെ പേരിൽ ബാക്കിയുള്ള കടങ്ങളും വീടും, മകൾക്കും പേരക്കുട്ടികൾക്കും നല്ലൊരു ജീവിതം നൽകും.. എല്ലാം കലങ്ങിത്തെളിഞ്ഞ ശേഷം നാട് പിടിച്ച് വീണ്ടും അഭിനയത്തിന്റെ അരങ്ങിൽ തിരികെയെത്തണം.

Tags:    
News Summary - One Man Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.