നീലയും കറുപ്പും കലർന്ന ആ സ്കൂൾ ബാഗിൽ നിന്ന് ഇടക്കിടെ ഇൻഷ മുഷ്താഖ് പാഠപുസ്തകങ്ങൾ പുറത്തെടുത്ത് താളുകൾ മറിക്കും. ഇരുട്ടിലൂടെ അക്ഷരങ്ങൾ വല്ലതും തെളിഞ്ഞു വരുന്നുണ്ടോ എന്നറിയാൻ അവളുടെ കണ്ണ് ഒന്നുകൂടി പരതും. ഒരിക്കൽ ഉത്തരങ്ങൾ കണ്ടെത്തിയ ആ താളുകളിലെ അക്ഷരങ്ങളുടെ മങ്ങിയ കാഴ്ചകളിലേക്കു പോലും ആ കണ്ണിന് എത്താനാവില്ല. കശ്മീരിൽ സൈന്യം പ്രയോഗിച്ച പെല്ലറ്റുകൾ കെടുത്തിയതാണ് 16കാരിയായ ഇൻഷയുടെ കണ്ണിലെ വെളിച്ചം.
ഡോക്ടറാകണമെന്നായിരുന്നു ഇൻഷയുടെ സ്വപ്നം. സൈന്യം കവർന്നെടുത്ത കാഴ്ച ദൈവം തിരികെത്തരുമെന്ന പ്രതീക്ഷയിലാണവൾ ഇപ്പോഴും. മൃഗവേട്ടക്കായി സാധാരണ ഉപയോഗിക്കുന്ന പെല്ലറ്റ് തോക്കുകൾ 2010ലാണ് കശ്മീരികൾക്കു നേരെ സൈന്യം ഉപയോഗിക്കാൻ തുടങ്ങിയത്. ബുള്ളറ്റിനേക്കാൾ പ്രഹരശക്തി കുറവാണെങ്കിലും പൊട്ടുന്നതോടെ എല്ലാ വശങ്ങളിലേക്കും ചിതറിത്തെറിക്കുന്ന ലോഹച്ചീളുകൾ വൻ പ്രഹരശേഷിയുള്ളതാണ്.
ശ്രീനഗറിലെ ഡോക്ടർമാരാണ് ആദ്യം അവളെ ചികിത്സിച്ചത്. പിന്നീട് ന്യൂഡൽഹിയിലെ ആശുപത്രിയിൽ തലയോട്ടിയുടെ ശസ്ത്രക്രിയക്ക് വിധേയമായി. പിന്നീട് മുംബൈയിലും വിദഗ്ധ ചികിത്സ തേടിപ്പോയി. 13കാരനായ ഇളയ സഹോദരൻ ഇൻഷക്ക് കണ്ണ് നൽകാൻ തയാറായി. ഉത്തരമില്ലെന്ന് അറിയാമെങ്കിലും ഇടക്കിടെ സൈനികർ എത്തുേമ്പാൾ അവൾ ഇപ്പോഴും ഉറക്കെ ചോദിക്കും; ‘‘കാഴ്ച കവർന്നെടുക്കാൻ മാത്രം താൻ ചെയ്ത തെറ്റ് എന്താണ്’’?.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.