നേരം വെളുക്കുന്നേയുള്ളൂ, തലയില്‍ തട്ടവുമിട്ട് സ്വപ്നങ്ങൾ നിറച്ച ബാഗും തോളിലേറ്റി കാമറയുമായി ഊരുചുറ്റാൻ ഒരു പെണ്‍കുട്ടി ദിവസവും ആലുവയിൽ നിന്ന് കൊച്ചിയിലേക്ക് ബസ് കയറുമായിരുന്നു. വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ ആദ്യം അവളൊരു ചോദ്യ ചിഹ്നമായിരുന്നു. എവിടെ പോകുന്നുവെന്നു ചോദിച്ചവരോട് അവള്‍ക്ക് മറുപടിയായി പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കടലും കായലും നിറഞ്ഞുനിൽക്കുന്ന മട്ടാഞ്ചേരിയുടെ ദയനീയമുഖം കറുപ്പിലും വെളുപ്പിലുമായുള്ള ഫ്രെയിമുകളിലൂടെ ലോകത്തിനു മുന്നിൽ തുറന്നുകാട്ടുകയായിരുന്നു ഷബാന ബഷീർ എന്ന 21കാരിയുടെ യാത്ര ലക്ഷ്യം.
വ്യത്യസ്തമായ സംസ്‌കാരങ്ങളുടെ കഥപറയുന്ന വര്‍ണങ്ങളുടെ ലോകമാണ് മട്ടാഞ്ചേരി ഉൾപ്പെടെ കൊച്ചിയുടെ മുക്കുംമൂലയും. ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുന്ന നിറങ്ങള്‍ മാത്രമുള്ള ലോകം. പക്ഷേ, ഷബാന ബഷീര്‍ എന്ന പെണ്‍കുട്ടി മട്ടാഞ്ചേരിയിലെത്തി പകര്‍ത്തിയ ഫോട്ടോകളെല്ലാം ‘ബ്ലാക്ക് ആൻഡ് വൈറ്റി’ലായിരുന്നു. വര്‍ണങ്ങള്‍ക്കപ്പുറത്തുള്ള ലോകത്തേക്ക് ഷബാന കാമറ ഫോക്കസ് ചെയ്തപ്പോള്‍ ആഘോഷിക്കപ്പെടാത്ത, ആരും കാണാത്ത മട്ടാഞ്ചേരിയുടെ മറ്റൊരു മുഖം നമുക്കു മുന്നിൽ തെളിഞ്ഞുനിന്നു.
ബ്ലാക്ക് ആൻഡ് വൈറ്റ്
സ്വപ്നങ്ങളുമായുള്ള അതിരാവിലെയുള്ള ഊരുചുറ്റൽ വെറുതെ നേരേമ്പാക്ക് അല്ലായിരുന്നു. കൊച്ചിക്കാരുടെ ജീവിതം നിറക്കൂട്ടുകളേക്കാൾ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളിലൂടെ സംസാരിച്ചപ്പോൾ നാട്ടുകാരുടെയും വീട്ടുകാരുടെയും ചോദ്യങ്ങൾ പതിയെ കെട്ടടങ്ങി. പരിമിതികൾ എന്നു കരുതിയവയെ ശക്തിയാക്കി മാറ്റി ഷബാന തെൻറ സ്വപ്നങ്ങൾ യാഥാർഥ്യമാക്കി. ബ്ലാക്ക് ആൻഡ് വൈറ്റ് മട്ടാഞ്ചേരിയുടെ ജീവിതത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ബ്ലാക്ക് ആൻഡ് വൈറ്റില്‍ ബ്ലാക്കും വൈറ്റും അല്ലാതെ വേറെയും ഒരുപാട് വര്‍ണങ്ങളുണ്ട്. മട്ടാഞ്ചേരിയുടെ ജീവിതത്തെ വ്യത്യസ്തമായൊരു തലത്തിലേക്ക് കൊണ്ടു പോകാനാണ് ബ്ലാക്ക് ആൻഡ് വൈറ്റ് തെരഞ്ഞെടുത്തതെന്ന് ഷബാന പറയുന്നു.
നിറങ്ങളിലുള്ള മനോഹരമായ ഫോട്ടോകള്‍ക്ക് സാധ്യതയുണ്ടായിരുന്നിട്ടും ഷബാന ഈയൊരു ആശയത്തിലേക്ക് തിരിയുകയായിരുന്നു. കറുപ്പിനും വെളുപ്പിനുമിടയിലായാണ് നിറക്കൂട്ടുകളുടെ സംഗമമെന്നും ചിത്രങ്ങൾക്ക് ആസ്വാദകരോട് സംവദിക്കാൻ കറുപ്പിനും വെളുപ്പിനും മുകളിലായി മറ്റൊരു വർണമില്ലെന്നും ഷബാന വിശ്വസിക്കുന്നു. 1970കളിൽ ഡോ. ഉസ്മാൻ എടുത്ത ഫോട്ടോകൾ കാണാനിടയായതാണ് ഷബാനയെ ഫോട്ടോഗ്രഫി എന്ന ഇഷ്ടത്തിലേക്ക് നയിച്ചത്. ഇതിനുപുറമെ ചിത്രരചനയും വായനയും യാത്രയുമാണ് ഷബാനയുടെ ഇഷ്ട വിഷയങ്ങൾ.
അവിടെ കണ്ട കാഴ്ചകള്‍ അവൾക്ക് മറക്കാനായില്ല. വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സ്വയം കുടിയൊഴിഞ്ഞു നരകതുല്യമായ ജീവിതം നയിക്കുന്നവരുടെ ഇടത്താവളമായി കൊച്ചി മാറിക്കഴിഞ്ഞു. പല വ്യക്തികളും സംഘടനകളും പത്ര-ദൃശ്യ മാധ്യമങ്ങളും ഇവരുടെ ദുരിതങ്ങള്‍ പുറംലോകത്തെത്തിച്ചെങ്കിലും തീര്‍ത്തും അവഗണിക്കപ്പെട്ട വിഭാഗമായി ഇവരുടെ ജീവിതം കാനയിലും പലകയടിച്ച തട്ടിക്കൂട്ട് മുറികളിലുമായി തുടരുകയാണ്. ഈ പ്രദര്‍ശനത്തിലൂടെ എന്തെകിലും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ട്.
പിന്തുണ നൽകി കുടുംബവും സുഹൃത്തുക്കളും
വായനയും വരയും ഏറെ ഇഷ്ടപ്പെടുന്ന ഷബാനക്ക് പിന്തുണനൽകി എന്നും കൂടെ നിന്നത് കുടുംബവും സുഹൃത്തുക്കളും ആയിരുന്നു. അതിരാവിലെ വീട്ടിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കുകയും രാത്രി വൈകി വീട്ടിലെത്തുേമ്പാഴും പിന്തുണയും പ്രോത്സാഹനവുമായി മാതാവ് കൂടെയുണ്ടാകും. ഫാറൂഖ് കോളജ് ബി.എസ്‌സി സുവോളജി അവസാനവർഷ വിദ്യാർഥിനിയാണ് ഷബാന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.