ഈ ജന്മദിനത്തിൽ വിജയത്തിലേക്കാണ് കെ. ശരണ്യകുമാരി മിഴിതുറന്നത്. കോയമ്പത്തൂർ ജി ല്ലയിലെ ആനമലൈ യൂനിയനിൽപ്പെട്ട ആതു പൊള്ളാച്ചി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഈ 22കാരി വാർഡ് മെംബറായി വിജയിച്ചത് അന്നാണ്. ഭിന്നശേഷിക്കാരിയാണെന്നത് ഒന്നിനും തടസ്സമ ല്ലെന്ന സന്ദേശം കൂടി നൽകുകയായിരുന്നു ആ വിജയത്തിലൂടെ ശരണ്യ. മൂന്ന് വയസ്സിലുണ്ടായ വൈറൽ പനി ഞരമ്പുകളെ ബാധിച്ചതാണ് ശരണ്യയുടെ കാലുകളുടെ സ്വാധീനശേഷി കുറച്ചത്. മുമ്പ് മറ്റൊരാളുടെ സഹായത്തോടുകൂടിയേ നടക്കാൻ കഴിയുമായിരുന്നുള്ളൂ.
നിരന്തര വ്യായാമത്തിലൂടെ ഇപ്പോൾ തനിയെ നടക്കാനാകുമെങ്കിലും സാധാരണ മനുഷ്യരുടേതുപോലുള്ള ചലനം സാധ്യമല്ല. എങ്കിലും, സ്വതന്ത്ര സ്ഥാനാർഥിയായി നാട്ടുകാർ മത്സരരംഗത്ത് നിർബന്ധിച്ച് നിർത്തിയപ്പോൾ വാർഡിെൻറ മുക്കിലും മൂലയിലും നടന്നെത്തി വോട്ടുചോദിച്ചു ശരണ്യ. ഫലം വന്നപ്പോൾ 37 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ഉദുമൽപേട്ട് ഗവ. ആർട്സ് കോളജിലെ ഈ ഒന്നാം വർഷ എം.എ തമിഴ് സാഹിത്യ വിദ്യാർഥിനി ജയിച്ചത്. സാധാരണക്കാർക്കുവേണ്ടി എന്നും ശബ്ദിക്കുന്നതാണ് ശരണ്യയെ മത്സരിപ്പിക്കാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്.
പ്രദേശത്തെ സർക്കാർ സ്കൂൾ വിദ്യാർഥികളെ സൗജന്യമായി പഠിപ്പിക്കുന്നതും കലക്ടർ വിളിച്ചുചേർക്കുന്ന യോഗങ്ങളിൽ ഗ്രാമത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതുമൊക്കെ ഈ തീരുമാനത്തിന് പിൻബലമേകി. മദ്യപാനികൾ കൈയേറി വൃത്തികേടാക്കിയിരുന്ന ഗ്രാമത്തിലെ വെയ്റ്റിങ് ഷെഡ് കമലം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളെ സംഘടിപ്പിച്ച് വൃത്തിയാക്കിയതൊക്കെ ശരണ്യയുടെ ജനപ്രീതി വർധിപ്പിക്കുകയും ചെയ്തു. വെയ്റ്റിങ് ഷെഡ് പെയിൻറടിച്ച് വൃത്തിയാക്കിയ ശരണ്യയും കൂട്ടരും മദ്യപാനത്തിനെതിരായ സന്ദേശവും അവിടെ കുറിച്ചു.
തെരഞ്ഞെടുപ്പ് വിജയം ഒരു സ്വകാര്യ നേട്ടം കൂടി നൽകി ശരണ്യക്ക്. നാലുവർഷം മുമ്പ് ബന്ധം വേർപെടുത്തിയ മാതാപിതാക്കൾ ശരണ്യയെ പ്രചാരണത്തിന് സഹായിക്കാനായി വീണ്ടും ഒന്നുചേർന്നത് തെരഞ്ഞെടുപ്പ് കാലത്താണ്. ‘എെൻറ വാർഡിലെ 40 വീടുകളിൽ കുടിവെള്ള സൗകര്യമില്ല. ഇത് പരിഹരിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഉപയോഗശൂന്യമായ പൊതുശൗചാലയങ്ങൾ, കേടായ തെരുവുവിളക്കുകൾ എന്നിവ നന്നാക്കാനും നടപടിയെടുത്തു. കൊതുകുകളുടെ പ്രജനനകേന്ദ്രമായ ഓടകൾ ശുചീകരിക്കുന്നുണ്ട്’ -വെറുതെയായില്ല ഗ്രാമവാസികളുടെ തെരഞ്ഞെടുപ്പെന്ന് അടിവരയിടുന്നു ഭാവിയിൽ തമിഴ് അധ്യാപികയാകാൻ ആഗ്രഹിക്കുന്ന ശരണ്യയുടെ പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.