2011ലെ നോമ്പു കാലത്താണ് 80 വയസ്സുപിന്നിട്ട മലപ്പുറം അരീക്കോടിനടുത്ത കുനിയില്‍ കടവ് എറന്തൊടിയിലെ കദീശുമ്മ ഡല്‍ഹി ചുറ്റിയടിച്ചു കണ്ടത്. കീഴുപറമ്പ് പഞ്ചായത്ത് നടപ്പാക്കിയ അക്ഷരദീപം തുടര്‍സാക്ഷരത പദ്ധതിയുടെ പഠിതാവായ കദീശുമ്മ നാലാംതരം പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന സമയം. അപ്പോഴാണ് രാഷ്ട്രപതി ഭവനില്‍ നവസാക്ഷരര്‍ക്കായി ഒരുക്കുന്ന സ്നേഹവിരുന്നില്‍ പങ്കെടുക്കാന്‍ വിളി വന്നത്.
26 സംസ്ഥാനങ്ങളില്‍നിന്നും ഒമ്പത് കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമായി 103 പേരാണ് ചടങ്ങില്‍ പങ്കെടുക്കാെനത്തിയത്. കേരളത്തില്‍ നിന്നുള്ള മൂന്നുപേരില്‍ ഒരാളായിരുന്നു കദീശുമ്മ. വയനാട് ജില്ലയില്‍ നിന്നുള്ള ബിന്ദു ദാമോദരന്‍, ഉഷ കേളു എന്നിവരായിരുന്നു മറ്റു രണ്ടുപേര്‍. സംസ്ഥാന സാക്ഷരത മിഷന് അസിസ്റ്റൻറ് ഡയറക്ടറായിരുന്ന ശ്രീകുമാരിയും ഒപ്പമുണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുത്തവരില്‍ ഏറ്റവും പ്രായമുള്ള വ്യക്തിയും കദീശുമ്മയായിരുന്നു. അന്നവര്‍ക്ക് 75 വയസ്സുണ്ട്.
നോമ്പ് 28ന് വെള്ളിയാഴ്ച ഷൊര്‍ണൂര്‍ റെയില്‍വേ സ്േറ്റഷനില്‍ നിന്നായിരുന്നു ട്രെയിന്‍ കയറിയത്. ട്രെയിന്‍ കയറിയപ്പോഴേക്കും മഗ്രിബ് ബാങ്ക് വിളിച്ചു. നോമ്പുതുറക്കാനുള്ള വിഭവങ്ങളായ ഇറച്ചിയും പത്തിരിയും കരുതിയിരുന്നു. കൂടെയുള്ള ഉഷ കേളുവിനും ബിന്ദുവിനും ഭക്ഷണം വേണ്ടെന്നു പറഞ്ഞതിനാല്‍ കദീശുമ്മ ഒറ്റക്ക് നോമ്പു തുറന്നു. ഭക്ഷണം കുറച്ച് ബാക്കിവന്നു. നോമ്പുവിഭവം കളയാന്‍ മനസ്സുവന്നില്ല. ട്രെയിനിലുള്ള മറ്റു യാത്രക്കാർക്കു നൽകി. യാത്രക്കാരിയെന്ന ഇളവുള്ളതിനാൽ രണ്ടു ദിവസത്തെ നോമ്പുകള്‍ എടുത്തില്ല. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് ഡല്ഹിയിെലത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് രാഷ്ട്രപതിയുടെ ഓഫിസിെലത്തിയത്. പാട്ടും ഡാന്‍സുമൊക്കെയുണ്ട്. അന്നായിരുന്നു കേരളത്തില്‍ പെരുന്നാള്‍. ഞങ്ങളന്ന് ഡല്‍ഹിയില്‍ പെരുന്നാള്‍ ആഘോഷിച്ചു. ചൊവ്വാഴ്ചയാണ് രാഷ്ട്രപതി ഭവനിലേക്ക് പോയത്. അടിമുടി പരിശോധനയുണ്ട്. മൂന്നുനില ചുറ്റുകോണികള്‍ കയറി. അവിടെയുള്ള ചരിത്രവസ്തുക്കള്‍ മുഴുവന്‍ കണ്ടു. മുകളില്‍നിന്ന് രാഷ്ട്രപതി താഴേെക്കത്തി. രാഷ്ട്രപതിയുടെ ഭര്‍ത്താവും കൂടെയുണ്ടായിരുന്നു. എല്ലാവരുംകൂടി ഞങ്ങള്‍ക്കൊപ്പം ഫോട്ടോയെടുത്തു. പിന്നീട് ഞങ്ങളെ സ്ഥലം കാണിക്കാന്‍ കൊണ്ടുപോയി. ഇന്ത്യാ ഗേറ്റ്, നെഹ്റു പാര്‍ക്ക്, മുഗള്‍ ഗേറ്റ് തുടങ്ങിയവയെല്ലാം കണ്ടു. അതിനുശേഷം രാത്രി രാഷ്ട്രപതിയുടെ വീട്ടിലായിരുന്നു ഞങ്ങള്‍ക്ക് വിരുന്ന്. കൈ കഴുകാന്‍ വെള്ളമൊന്നും കിട്ടിയില്ലെന്ന് കദീശുമ്മ പറഞ്ഞു. കടലാസ് പ്ലേറ്റില്‍നിന്ന് സ്പൂണ്‍ കൊണ്ട് നിന്ന് കോരിക്കഴിക്കണം.
ഇന്ത്യയെ കുറിച്ചുള്ള പുസ്തകങ്ങളടങ്ങിയ സഞ്ചിയായിരുന്നു രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്ന് കദീശുമ്മക്കും സംഘത്തിനും കിട്ടിയ സമ്മാനം. അതിപ്പോഴും സൂക്ഷിച്ചുവെച്ചിട്ടുണ്ട്. വാര്‍ത്ത വന്ന പത്രങ്ങളുടെ കട്ടിങ്ങുകളും ഫോട്ടോകളുമടക്കം ആല്‍ബം തന്നെയുണ്ട് അവരുടെ കൈയില്‍. അഞ്ചു ദിവസത്തെ യാത്രക്കുശേഷം കൂടെയുള്ളവര്‍ ചോദിച്ചു ‘‘ഡല്‍ഹി കണ്ടല്ലോ... കദീശുമ്മക്ക് ഇനിയെന്താണ് ആഗ്രഹം? മക്കയില്‍ പോയി ഹജ്ജ് ചെയ്യണം.
അതാണിനി ജീവിതത്തിലെ ഏക ആഗ്രഹം’’. ആഗ്രഹംപോലെ അതേവര്‍ഷംതന്നെ കദീശുമ്മ ഹജ്ജ് നിര്‍വഹിച്ചു. ഹജ്ജ് കഴിഞ്ഞയുടന്‍ ജിദ്ദയില്‍ മലയാളികളുടെ സ്വീകരണ യോഗങ്ങളിലും പങ്കെടുത്തു. ഡല്‍ഹിയില്‍നിന്ന് വന്നശേഷം നാട്ടിലെ താരമായി മാറി കദീശുമ്മ. ഇപ്പോഴും ഉദ്ഘാടനങ്ങള്‍ക്ക് ക്ഷണിക്കാറുണ്ട്. അക്ഷരങ്ങളാണ് തന്നെ നാലാളറിയാനിടയാക്കിയതെന്ന് കദീശുമ്മ പറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.