കേരളശ്ശേരി: ഇന്ത്യയുടെ ഭൂട്ടാൻ-നേപ്പാൾ അതിർത്തി കാക്കാൻ മലയാളി യുവതിയും. കേരളശ്ശേരി കിഴക്കുമുറി യക്കിക്കാവ് രാജൻ-ചന്ദ്രൻ ദമ്പതികളുടെ മകൾ രീഷ്മക്കാണ് (26) അർധസൈനിക വിഭാഗമായ സശസ്ത്ര സീമാ ബലിൽ (എസ്.എസ്.ബി) നിയമനം ലഭിച്ചത്. നാല് വർഷം മുമ്പാണ് സേനയിലെ ജോലിക്ക് അപേക്ഷിച്ചിരുന്നത്.
ഒരുവർഷത്തിനകം തന്നെ പരീക്ഷഫലം വന്നു. ഒരുവർഷത്തെ പരിശീലനത്തിന് ശേഷം മാർച്ച് 22ന് പാസിങ് ഔട്ട് പരേഡ് പൂർത്തിയാക്കി. ഏപ്രിൽ 30ന് ജോലിയിൽ പ്രവേശിക്കും. കിഴക്കുമുറി യു.പി സ്കൂൾ, കേരളശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം മങ്കര ജി.വി.എച്ച്.എസിൽ പ്ലസ് ടുവും എ.ജെ.കെ കോളജിൽനിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും നേടി.
ചെറുപ്പത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്ത പരിചയമൊന്നും ഇല്ലെങ്കിലും പരീക്ഷഫലം വന്നതോടെ ദിവസംതോറും ഒന്നര കിലോമീറ്റർ ഓട്ടം തുടങ്ങിയത് കായികക്ഷമത പരീക്ഷക്ക് ഗുണം ചെയ്തതായി രീഷ്മ പറയുന്നു.
ചെറുപ്പത്തിലെ സൈനിക ജോലിയോടുള്ള അഭിനിവേശവും കഠിന പ്രയത്നവുമാണ് തന്റെ ആഗ്രഹം സഫലമാക്കിയതെന്ന് യുവതി പറയുന്നു. കേരളശ്ശേരി പറക്കോട്ടിൽ പി.ആർ. സുനിൽകുമാറാണ് ഭർത്താവ്. ഏഴ് വയസ്സുള്ള നിവേദ്കൃഷ്ണൻ മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.