കോഴിക്കോട്: ക്രിസ്മസ് ട്രീയിൽ തൂങ്ങിയാടുന്ന ഈ കുഞ്ഞു പാവകൾ സന്മനസ്സിെൻറ വലിയ അടയാളങ്ങളാണ്. ദരിദ്ര കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളടക്കമുള്ളവർക്ക് സഹായമേകാൻ 'മീഡിയവണി'ലെ മാധ്യമപ്രവർത്തക സഫീറ മഠത്തിലകത്ത് ഒഴിവുസമയത്ത് തുന്നിക്കൂട്ടിയ പാവകളാണിത്. നവംബർ 12ന് ഫേസ്ബുക്കിലൂടെ സഫീറ നടത്തിയ സ്നേഹാഭ്യർഥന സുഹൃത്തുക്കളും കേട്ടറിഞ്ഞവരും വൻവിജയമാക്കി. ക്രിസ്മസ് ട്രീ അലങ്കരിക്കാനും സമ്മാനമായി നൽകാനുമാണ് പാവ വിൽപന ഉദ്ദേശിച്ചത്. 20 രൂപ നിരക്കും നിശ്ചയിച്ചു. 'ചിച്ചു ഡോൾസ്' എന്ന് പേരുമിട്ടു. ഒരാഴ്ചക്ക് ശേഷം പാവക്കുഞ്ഞുങ്ങളുടെ അഞ്ച് രൂപങ്ങൾ ഫേസ്ബുക്കിൽ അവതരിപ്പിച്ചതോടെ ആവശ്യക്കാരുടെ എണ്ണം കൂടി. ജീവിക്കാൻ കൊതിയുള്ള മൂന്ന്, നാല് മനുഷ്യർക്ക് വേണ്ടിയാണെന്ന സഫീറയുടെ അഭ്യർഥനക്ക് മികച്ച പ്രതികരണമായിരുന്നു.
പ്രമുഖരടക്കം നൂറോളം പേർ ആ പോസ്റ്റ് ഷെയർ ചെയ്തു. കുറഞ്ഞത് അഞ്ച് പാവകൾ വാങ്ങി നൂറു രൂപ നൽകണമെന്നായിരുന്നു സഫീറയുടെ നിബന്ധന. ആരോരുമില്ലാത്തവർക്കായുള്ള സഹായത്തിനായതിനാൽ കൂടുതൽ തുക നൽകാനൊരുങ്ങിയവരുമുണ്ട്. ഡിസംബർ15ഓടെ വിൽപന തുടങ്ങി. നിലവിൽ 50,000 രൂപയുടെ പാവകളെ വിറ്റു. സഫീറ ഒറ്റക്ക് തുന്നിയെടുത്തവയാണ് ഇതിൽ ഭൂരിപക്ഷവും. ശ്രീനഗർ, ഡൽഹി, പഞ്ചാബ്, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലേക്കെല്ലാം പാവയെ അയച്ചതായി സഫീറ പറഞ്ഞു. ഇംഗ്ലണ്ടിലേക്ക് വരെ ഓർഡറുകൾ ലഭിച്ചു. അവധിയെടുത്തും ജോലി ഷിഫ്റ്റില്ലാത്ത സമയങ്ങളിലുമായിരുന്നു പാവ നിർമാണം. ഇതിനിടക്ക് പനി പിടിച്ച് നാല് ദിവസം പാവനിർമാണം അൽപം മന്ദഗതിയിലായി. കാശയച്ച് ബുക്ക് ചെയ്തവർക്ക് ക്രിസ്മസിന് മുമ്പ് പാവകൾ എത്തിക്കാനുള്ള ശ്രമത്തിലാണ്. ബാക്കിയുള്ളവ പുതുവത്സരത്തോടനുബന്ധിച്ച് നൽകും. ഭർത്താവ് ഉപേക്ഷിച്ച സ്ത്രീയുടെ കുടുംബത്തിന് വേണ്ടിയാണ് സഫീറയുടെ നന്മയുള്ള പ്രവർത്തനം. വിൽപനയിലൂടെ കിട്ടിയ മുഴുവൻ തുകയും കൈമാറിയിട്ടുണ്ട്. നാല് വർഷമായി ഈ കുടുംബത്തിലെ കുട്ടികൾക്ക് സഹായമേകുന്നുണ്ട്. ഇനിയും ഈ പാവങ്ങൾക്കായി പാവകളെ നിർമിക്കാനാണ് പരിപാടി. തിരൂർ സ്വദേശിയായ സഫീറ മഠത്തിലകത്ത് 'മീഡിയ വൺ' കോഴിക്കോട് ബ്യൂറോയിൽ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.