തന്‍റെ വൈകുന്നേരങ്ങളിൽ ഒരു കപ്പ് ചായക്കുമേൽ അനുഭവങ്ങൾ കുറിച്ചിടുന്ന ഒരു യാത്രാപ്രേമിയുടെ കഥയാണിത്​... ഗുജറാത്തിലെ കച്ചിമേമൻ പരമ്പരയിൽപ്പെട്ട്, കൊച്ചിയിൽ ജനിച്ചുവളർന്ന സഫിയ മൻസൂർ വ്യത്യസ്തയാകുന്നത് ഒരായിരം അനുഭവ കഥകളിലൂടെയാണ്. യാത്ര, പാചകം, ഫോട്ടോഗ്രഫി, ഗ്രാഫിക്സ്​, ഇന്‍റീരിയർ ഡിസൈനിങ്​, ബേക്കിങ്​, ക്രാഫ്​റ്റിങ്​ തുടങ്ങി കലാസൃഷ്ടികളുടെ ഒരു നീണ്ടനിര തന്നെയുണ്ട് സഫിയയുടെ പക്കൽ.

കൈവെച്ച സകല മേഖലകളിലും സർഗാത്മകതയുടെ വിത്ത് പാകാൻ ശ്രമിക്കുന്ന സഫിയയുടെ കാഴ്ചപ്പാട് പ്രശംസനീയമാണ്. യാത്രികനായ ഉപ്പ എസ്.എം. മൻസൂറിന്‍റെ സഞ്ചാരഗാഥകൾ കേട്ടാണ് സഫിയ വളർന്നത്. യാത്രക്കിടയിലെ അപരിചിത മുഖങ്ങളും സ്ഥലങ്ങളും ഉപ്പ പങ്കുവെക്കുമ്പോൾ സഫിയ കാതോർത്തിരിക്കും. ഉപ്പ കണ്ട ഇടങ്ങളിലെല്ലാം കിനാവിലൂടെ സഫിയയും ചെന്നെത്തും.

കൊച്ചി നേവൽ സ്കൂളിലെ പഠനം സഫിയക്ക് സമ്മാനിച്ചത് തികച്ചും വേറിട്ട ഇടപഴക്കങ്ങളായിരുന്നു. വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യത്യസ്തങ്ങളായ കൂട്ടുകെട്ടുകൾ സഫിയയുടെ കാഴ്ചപ്പാടിൽ അഭിവൃദ്ധിയുണ്ടാക്കി. ഭിന്ന ദേശങ്ങളോടും ആചാരാനുഷ്ഠാനങ്ങളോടും സഫിയ വളരെയധികം കൂറു പുലർത്തി. സഫിയയുടെ ഭക്ഷണ പ്രിയവും ഇതിന് ആക്കം കൂട്ടി. ഈ ഭക്ഷണ ഭ്രമം ഡി​ഗ്രി പഠനത്തിനുശേഷം ഒരു ബേക്കിങ്​ ഹോം തുടങ്ങാൻ പ്രേരിപ്പിച്ചു. ക്രിയേറ്റിവിറ്റി ആവശ്യപ്പെടുന്ന മേഖലകളെല്ലാം സഫിയ മനോഹരമായി കൈകാര്യം ചെയ്തു. വിട്ടുവീഴ്ചയില്ലാത്ത രുചിയും ആകർഷകമായ ഡിസൈനിങും സഫിയക്ക് ഒരുപാട് കസ്റ്റമേസിനെ ലഭ്യമാക്കി.

പക്ഷേ ബംഗളൂരുവിൽ മാസ്റ്റേഴ്​സിനു ചേർന്നതോടെ ഈ കുഞ്ഞു പദ്ധതി താളംതെറ്റി. ഇൻറീരിയർ ഡിസൈനിങിൽ മാസ്റ്റേഴ്സ് പൂർത്തികരിച്ച് ആറുമാസത്തെ ജോലിയും പിന്നിട്ട് സഫിയ കൊച്ചിയിൽ തിരിച്ചെത്തി. ആർജിച്ചെടുത്ത ഊർജം കെടുംമുമ്പേ സഫിയ സ്വന്തമായി ഒരു സ്റ്റേഷനറി ബിസിനസ് പ്ലാറ്റ്ഫോമിനു ആരംഭം കുറിച്ചു. ചെറിയ പദ്ധതിയായിരുന്നെങ്കിലും അവയെല്ലാം സഫിയയുടെ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

അങ്ങനെയിരിക്കെയാണ് വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നതും ജീവിത പങ്കാളി ഫയിസ് അഹമ്മദിനൊപ്പം ദുബൈയിലേക്ക് ചേക്കേറുന്നതും. അക്ഷരാർഥത്തിൽ സഫിയയെ കൈ നീട്ടി സ്വീകരിക്കുകയായിരുന്നു ഈ നഗരം. യഥേഷ്ടം യാത്രകൾ ചെയ്ത്​, ഇൻസ്റ്റഗ്രാമിൽ റീൽസായി അപ്ലോഡു ചെയ്ത്​ യുവഹൃദയങ്ങൾ കീഴടക്കുകയാണ് ഇന്ന് സഫിയ. സ്പെയിൻ, ജോർജിയ, ഫ്രാൻസ്​, ഗ്രീസ് തുടങ്ങി 17 രാജ്യങ്ങൾ സഫിയ സന്ദർശിച്ചു.

യാത്രയോളം താൻ തന്നെ ഇൻവെസ്റ്റ് ചെയ്യുന്ന മറ്റൊന്നില്ലെന്ന് സഫിയ തുറന്നു പറയുന്നു. ജി.ഡി.ആർ.എഫ്​.എ (GDRFA fedaral govt. of dubai) മീഡിയ ടീമിൽ പ്രവർത്തിച്ചു വരുന്ന സഫിയ തനിക്ക്​ ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഈ തൊഴിലിനെ കണക്കാകുന്നു. ഈയിടെ എമിറേറ്റ്സ് കമ്പനിയുടെ mock created flight campaignൽ ദുബൈയിൽ നിന്നും ക്ഷണിക്കപ്പെട്ട ഇൻഫ്ലുവൻസേസിൽ ഒരാളായിരുന്നു സഫിയ. ദൂരദേശങ്ങളും അവിടുത്തെ രുചി വിശേഷങ്ങളും ക്യാമറക്കണ്ണിലൂടെ ഒപ്പിയെടുത്തു cup tales with safiaയി ലൂടെ തന്‍റെ പ്രിയപ്പെട്ട പ്രേക്ഷകർക്കു മുന്നിൽ നിരത്തുകയാണ് ഈ 27കാരി. ഓരോ യാത്രയും വിജയകരമാകാൻ ഉമ്മ അഫ്റോസ് മൻസൂറിന്‍റെ പ്രാർഥനയും പിന്തുണയും ഭർത്താവ് ഫയിസ് അഹമ്മദിന്‍റെ സാന്നിധ്യവും സഫിയയോടൊപ്പമുണ്ട്​.

Tags:    
News Summary - Safia's travel tales

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.