ജുബൈൽ: ജുബൈൽ ഇന്ത്യൻ സ്കൂളിലെ സ്പെഷ്യൽ എജൂക്കേറ്ററായി 19 വർഷം സേവനം അനുഷ്ഠിച്ചതിനു ശേഷം ഏവർക്കും പ്രിയങ്കരിയായ അധ്യാപിക സൈറ ഉമ്മൻ നാട്ടിലേക്ക്. അറ്റൻഷൻ ഡെഫിസിറ്റ് ഡിസോഡർ, ഓട്ടിസം, ഡൗൺസ് സിൻഡ്രോം, ആസ്പർജേസ് സിൻഡ്രോം, മൈൽഡ് മെന്റൽ റിട്ടാഡേഷൻ, ലേണിങ് ഡിസെബിലിറ്റി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന ഹൈസ്കൂൾ തലം വരെയുള്ള കുട്ടികൾക്കായി പ്രവർത്തിക്കാൻ കഴിഞ്ഞ ചാരിതാർഥ്യവുമായാണ് അവർ പ്രവാസത്തോട് വിട പറയുന്നത്.
ഇത്തരത്തിൽ പ്രയാസങ്ങൾ നേരിടുന്ന കുട്ടികൾക്കായി സമഗ്രമായ പരിശീലനം വഴി മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വികാസം നേടിക്കൊടുക്കുന്നതിലൂടെ ആത്മവിശ്വാസമുള്ള പൗരന്മാരായി വളർത്തിയെടുക്കുക എന്ന വലിയ ദൗത്യമാണ് ഏറ്റെടുത്തിരുന്നത്. കുട്ടികൾക്കും രക്ഷിതാക്കൾക്കും നന്മയുടെയും സ്നേഹത്തിന്റെയും ആൾരൂപമായ സൈറയുടെ മടക്കം സ്കൂളിനും ജുബൈൽ സമൂഹത്തിനും ഏറെ പ്രയാസം സൃഷ്ടിക്കും.
എം.എസ്.ഡബ്ല്യൂ ബിരുദം നേടിയ ശേഷമാണ് തന്റെ ജീവിത ദൗത്യം സൈറ തിരിച്ചറിഞ്ഞത്. ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്ന നിരവധി കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാനായത് ജീവിത സാഫല്യമായി അവർ കരുതുന്നു. തുടർന്നും ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള സന്നദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കുട്ടികളുടെ ആത്മവിശ്വാസവും സാമൂഹിക കഴിവുകളും പോഷിപ്പിക്കാൻ സ്കൂളിൽ നടക്കാറുള്ള പല പരിപാടികളിലും സൈറ ഉമ്മൻ നിറസാന്നിധ്യമായിരുന്നു.
നല്ല പുസ്തകങ്ങൾ വായിക്കാനും ആരോഗ്യകരമായ ചർച്ചകളിൽ പങ്കെടുക്കാനും താൽപര്യമുള്ള സൈറ ടോസ്റ്റ്മാസ്റ്റർ, മലർവാടി എന്നിവ സംഘടിപ്പിക്കാറുള്ള വിവിധ പരിപാടികളിൽ ഭാഗമാകാറുണ്ട്. ജുബൈലിലെ മലയാളി പ്രഫഷനൽസിന്റെ കൂട്ടായ്മയായ ആംപ്സിന്റെ സജീവ പ്രവർത്തകയായിരുന്നു. സമൂഹത്തിന് നൽകിയ സ്തുത്യർഹമായ സേവനങ്ങളെ മുൻനിർത്തി ന്യൂഡൽഹി ആസ്ഥാനമായ നോളഡ്ജ് റിസോർസ് ഡെവലപ്മെൻറ് ആൻഡ് വെൽഫെയർ ഗ്രൂപ്പ് (കെ.ആർ.ഡി.ഡബ്ല്യു.ജി) സൈറയെ ആദരിച്ചിട്ടുണ്ട്.
എറണാകുളത്ത് കടവന്ത്രയിലാണ് താമസം. ജുബൈലിലെ മറാഫിക് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഭർത്താവ് ഉമ്മൻ തോമസ്, സൈറയുടെ എല്ലാ പ്രവർത്തനങ്ങളിലും പൂർണ പിന്തുണ നൽകുന്നു. ഇരട്ട മക്കളായ ശരത്തും (സീനിയർ സോഫ്റ്റ്വെയർ എൻജിനീയർ) ശരണും (പ്രോഡക്റ്റ് മാനേജർ, വാൾമാർട്ട്) കുടുംബത്തോടൊപ്പം ബംഗളുരുവിലാണ് സ്ഥിര താമസം.
സൈറ ഉമ്മൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.