കാട്ടാക്കട (തിരുവനന്തപുരം): കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ പഠിക്കാനായി ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് പോയപ്പോള്‍ കുറ്റിച്ചല്‍ പാണംകുഴി ആകാശ് ഭവനില്‍ ഗിരീഷ് കുമാറിന്റെ മകള്‍ സമുദ്ര അറബി മീഡിയം ക്ലാസിലേക്കാണ് പഠിക്കാനെത്തിയത്. ഒന്നാംതരം മുതല്‍ ബിരുദാനന്തര ബിരുദം വരെ അറബിക് ഐച്ഛിക വിഷയമായി പഠിച്ച ദലിത് വിഭാഗക്കാരിയായ സമുദ്ര രാജ്യത്ത് പുതു ചരിത്രം സൃഷ്ടിച്ചു. സംസ്ഥാനത്ത് ആദ്യമായി മുസ്ലിം വിഭാഗത്തിനുപുറത്ത് അസി. അറബിക് പ്രഫസറാകാനുള്ള യോഗ്യതയും സമുദ്ര നേടി. 35,000 രൂപ സ്റ്റൈപൻഡോടെ അറബി ഭാഷയിൽ ഇനി ഡോക്ടറേറ്റും സ്വന്തമാക്കും.
റബര്‍ടാപ്പിങ് തൊഴിലാളിയായ ഗിരീഷ് കുമാറിന്റെയും തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളി ജയപ്രഭയുടെയും മകളായ സമുദ്ര പേഴുംമൂട് അഹമ്മദ് കുരിക്കൾ മെമ്മോറിയൽ എൽ.പി സ്കൂളിൽ നിന്നാണ് അറബിയുടെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. അഞ്ച് മുതൽ പത്ത് വരെ പരുത്തിപ്പള്ളി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിലും നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടുവും പഠിച്ചു. ബിരുദവും ബിരുദാനന്തര ബിരുദവും യൂനിവേഴ്സിറ്റി കോളജിലായിരുന്നു. അറബി അധ്യാപികയായ റാഹില ബീവിയാണ് തന്നെ അറബിയിലേക്ക് കൈപിടിച്ച് നടത്തിയതെന്ന് സമുദ്ര പറയുന്നു. ഹൈസ്കൂളിലെത്തിയതോടെ അറബി ഭാഷയുടെ ഉച്ചാരണമെന്ന കടമ്പ കടന്ന് മിടുക്കിയായി. അറബിസാഹിത്യത്തിലെ െനാേബൽ സമ്മാന ജേതാവ് നജീബ് മഹ്ഫൂസാണ് സമുദ്രയുടെ ഇഷ്ട എഴുത്തുകാരൻ. പ്ലസ് ടു കഴിഞ്ഞപ്പോൾ അറബിക് ബിരുദത്തിനായി തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലാണ് ചേർന്നത്. എം.എ അവസാന സെമസ്റ്റർ പരീക്ഷയും കഴിഞ്ഞു. ഫസ്റ്റ് ക്ലാസ് പ്രതീക്ഷയിൽ ഫലം കാത്തിരിക്കുകയാണ്. ജെ.ആർ.എഫ് കിട്ടിയ സാഹചര്യത്തിൽ ഇന്ത്യയിലെ ഏത് സർവകലാശാലയിലും ഗവേഷണത്തിന് ചേരാം. ചിത്രരചനയിലും മോഡലിങ്ങിനും വേറിട്ട ചരിത്രം കുറിച്ച ആകാശാണ് സഹോദരന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.