ചെറുതോണി: ഒരു കാലത്ത് പുരുഷന്മാർ കുത്തകയാക്കിവെച്ച ഓട്ടൻതുള്ളൽ രംഗത്ത് പ്രതിഭയായി വിലസുകയാണ് മൂലമറ്റം അറക്കുളം സ്വദേശിനി സരിത. പതിനാറാം വയസ്സിൽ അരങ്ങേറ്റം കുറിച്ച ഈ കലാകാരി ഇതിനകം ആയിരത്തോളം വേദികളിൽ ഓട്ടൻതുള്ളൽ അവതരിപ്പിച്ചു.
സരിതയുടെ പിതാവ് കലാനിലയം ദിവാകരനും മുത്തച്ഛൻ ഗോപാലനും അറിയപ്പെടുന്ന ഓട്ടൻതുള്ളൽ കലാകാരന്മാരായിരുന്നു. ചെറുപ്പത്തിൽ പിതാവിനൊപ്പം പിന്നണി വായിക്കാൻ പോയാണ് സരിത ഈ കലാരൂപത്തിൽ ആകൃഷ്ടയാകുന്നത്. പിതാവിന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ടപ്പോൾ തനിക്കും തുള്ളൽക്കാരിയാകണമെന്ന് മോഹമായി.
അങ്ങനെ 16 വർഷം മുമ്പ് പത്താം ക്ലാസ് വിദ്യാർഥിനിയായിരിക്കെ മൂലമറ്റം അശോക കവലയിലുള്ള ഗുരുമന്ദിരത്തിൽ അരങ്ങേറ്റം കുറിച്ചു. പിതാവിനൊപ്പം മേളം കലാകാരനായിരുന്ന മൂവാറ്റുപുഴ സൗത്ത് മാറാടി സ്വദേശി തരിശിൽ ബൈജുവിന്റെ ജീവിത സഖിയായതോടെ ഓട്ടൻതുള്ളൽ സരിതയുടെ ജീവിതത്തിന്റെ ഭാഗമായി. ഭർത്താവിന്റെ അകമഴിഞ്ഞ പ്രോത്സാഹനമാണ് ഇത്രയും വേദികളിൽ തുള്ളൽ അവതരിപ്പിക്കാൻ സഹായകമായതെന്ന് സരിത പറയുന്നു.
കിരാതം, കല്യാണസൗഗന്ധികം, സന്താനഗോപാലം, രുക്മിണി സ്വയംവരം, കൃഷ്ണാർജുന വിജയം തുടങ്ങി ഏതുകഥയും തുള്ളൽ രൂപത്തിൽ വേദിയിൽ അവതരിപ്പിക്കാൻ സരിത റെഡി. എല്ലാം മനഃപാഠം. ഉത്സവ സീസണായാൽ ആറു മാസം സരിതക്ക് തിരക്കാണ്. അടുത്ത ഞായറാഴ്ച തൊടുപുഴ കോലാനിയിലാണ് വേദി. ഇതിനിടെ കുട്ടികളെ ഓട്ടൻതുള്ളൽ പഠിപ്പിക്കുന്നുമുണ്ട്.
നിരവധി സ്കൂൾ കലോത്സവങ്ങളിൽ സരിതയുടെ ശിഷ്യർ സംസ്ഥാനതലം വരെ സമ്മാനം നേടിയിട്ടുണ്ട്. ബൈജു-സരിത ദമ്പതികൾക്ക് മൂന്ന് മക്കളാണ്: അസിൻ, അബിൻ, ആരാധ്യ. അമ്മയുടെ പാത പിന്തുടർന്ന് അസിൻ ഓട്ടൻതുള്ളൽ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.