‘ചുണ്ടിലൂറുന്ന ചിരിയുമായ്
കളിയ്ക്കുമെന്നോമലെ കണ്ടു-
കൊതിയടങ്ങുന്നില്ലീയമ്മയ്ക്കു..
ഒരു മാത്ര കൂടി
ഞാനൊന്നെടുത്തോട്ടെ...
ഒരു വേള കൂടി ഞാനൊന്നുമ്മ
വെയ്ക്കട്ടെ....
(അമ്മതൻ രോദനം: -സ്മിത അനിൽ)
ഇതൊരു അമ്മയെഴുതിയ വരികളാണ്. മുപ്പത് ദിവസം മാത്രം പ്രായമുള്ള മകളെ പിരിഞ്ഞ് സൗദി അറേബ്യയിലെ ആശുപത്രിയിലേക്ക് മാലാഖക്കുപ്പായമണിഞ്ഞ് പോകേണ്ടി വന്ന ഒരമ്മ. ഹൃദയരക്തം പേനയിൽ നിറച്ചെഴുതിയ വരികൾക്ക് സമൂഹമാധ്യമത്തിൽ ഏറെ ആരാധകരുണ്ടായി. ജീവിതം കരുപ്പിടിപ്പിക്കാനായി നിർബന്ധ പ്രവാസ ജീവിതം ഏറ്റുവാങ്ങിയ നിരവധി സ്ത്രീകൾ കവയിത്രിയെ അന്വേഷിച്ചു.
പത്തനംതിട്ട ജില്ലയിലെ തിരുവല്ല അപ്പർ കുട്ടനാട്ടിൽ മണിമലയാറ്റിൻ തീരത്തെ വീട്ടിൽനിന്ന് കടലിനക്കരെയുള്ള രാജ്യത്തേക്ക് പോകേണ്ടിവന്ന സ്മിത അനിലാണ് ഈ അമ്മ. സൗദി മന്ത്രാലയത്തിന് കീഴിലെ റിയാദ് ദവാദ്മിയിലെ തിരക്കേറിയ ആശുപത്രിയിൽ ആതുരസേവനം നടത്തുകയാണിവർ. വീതിയേറിയ പാതകളിൽ മരണപ്പാച്ചിൽ നടത്തി അപകടത്തിൽപ്പെടുന്നവർ ഏറെെയത്തുന്ന ആശുപത്രിയാണിത്. ചോരയും കണ്ണീരും നിലവിളികളും കൂട്ടിനുള്ള ഇൻറൻസീവ് കെയർ യൂനിറ്റിലാണ് സ്മിതയുടെ ജോലി. രാപ്പകൽ വേദനയുമായി കൂട്ടിരിക്കേണ്ടി വന്നപ്പോൾ സ്വന്തം വേദനകൾ വരികളിലൂടെ പകർത്താൻ തുടങ്ങി.
‘അർബുദ വിലാപം’, ‘ഒരു മഴക്കാലത്തിന്റെ ഓർമയ്ക്ക് ‘, ‘കണിയൊരുക്കുന്ന കർണികാരം’, ‘രാധതൻ പരിഭവം’ എന്നിങ്ങനെ നിരവധി കവിതകളും ഭക്തിഗാനങ്ങളും സ്മിതയുടെ തൂലികയിൽ നിന്നു പിറന്നു. മലയാളി സഹപ്രവർത്തകരുടെയും ഫേസ്ബുക്ക്സുഹൃത്തുക്കളുടെയും പ്രോത്സാഹനം കൂടിയായപ്പോൾ സ്മിതയിലെ എഴുത്തുകാരി ഉണരുകയായിരുന്നു. ഫേസ്ബുക്ക് കൂട്ടായ്മയായ ദിശ കലാസാഹിത്യവേദിയിലാണ് തെൻറ കവിതകൾ പ്രസിദ്ധീകരിച്ചു പോന്നത് കർഷകനായ പുരുഷോത്തമന്റെയും സുലോചനയുടെയും മൂത്ത മകളാണ് സ്മിത.
സ്കൂൾ കാലത്തുതന്നെ രചനാ മത്സരങ്ങളിൽ മിടുക്കിയായിരുന്നു. ഹൈദരാബാദിൽ നിന്ന് നഴ്സിങ് ഡിപ്ലോമ പൂർത്തിയാക്കി. 2007ലാണ് ആദ്യമായി ജോലി തേടി ഗൾഫിൽ പോയത്. അതിന് മുമ്പ് ഡൽഹിയിലും മുംബൈയിലും ജോലി നോക്കിയിരുന്നു. ഗൾഫിൽ തന്നെ ജോലിയുണ്ടായിരുന്ന ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി അനിൽകുമാറിനെ വിവാഹം കഴിച്ചു. 2009ലാണ് ആദ്യത്തെ കൺമണി പിറന്നത്. മകൾ നിവേദ്യക്ക് മുപ്പത് ദിവസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ സ്മിതക്ക് വീണ്ടും ആശുപത്രിയിലേക്ക് പോകേണ്ടി വന്നു.
കുഞ്ഞിന് 11 മാസം പ്രായമുള്ളപ്പോഴാണ് പിന്നീട് തിരിച്ചെത്തുന്നത്. സൗദിയിലെ ആശുപത്രിയിൽ പത്ത് വർഷം പൂർത്തിയാക്കിയതിന് അധികൃതർ പ്രത്യേകം ഉപഹാരം നൽകി ആദരിച്ചു. ഭർത്താവ് അനിൽകുമാർ ഇപ്പോൾ നാട്ടിൽ ജോലി ചെയ്യുകയാണ്. നിവേദ്യയെക്കൂടാതെ അനന്തു അനിൽ എന്നൊരു മകനും ഇവർക്കുണ്ട്. മകൾ തിരുവല്ല അമൃത വിദ്യാലയത്തിൽ നാലാം ക്ലാസിലാണ്. അനന്തു ബിലീവേഴ്സ് ചർച്ച് സ്കൂളിലെ യു.കെ.ജി വിദ്യാർഥിയും.
കഴിഞ്ഞ ഒരു വർഷത്തിനിടെ മുപ്പതോളം കവിതകളെഴുതിയിട്ടുണ്ട് സ്മിത. ജോലിക്കിടെ വീണു കിട്ടുന്ന ഒഴിവു സമയങ്ങളിലാണ് രചന. ഇതുവരെ എഴുതിയവ അമ്പതോളം വരും. സമൂഹ മാധ്യമങ്ങളിലാണ് സ്മിത കവിതകൾ ആഘോഷിച്ചത്. നാട്ടിൽ വരുമ്പോൾ ഇതെല്ലാം സമാഹരിച്ച് പുസ്തക രൂപത്തിലാക്കാനുള്ള ശ്രമത്തിലാണ്. സാമ്പത്തിക പ്രതിസന്ധികളെല്ലാം അവസാനിച്ചാൽ മക്കളെ മാറോട് ചേർക്കുന്ന ഒരമ്മയായി നാട്ടിൽ തന്നെ കഴിയണമെന്നാണ് സ്മിതയുടെ ആഗ്രഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.