ജീവിതദുരിതങ്ങളോട് പടവെട്ടി മുന്നേറുകയാണ് സിന്ധു. കുടുംബത്തിന്റെ നട്ടെല്ലായിരുന്ന ഭര്‍ത്താവ് മണ്ണടി പുത്തന്‍കാലായില്‍ കെ.ബി. സുധാകരൻ രോഗശയ്യയിലായതാണ് ജീവിതം മാറ്റിമറിച്ചത്. ഇതോടെയാണ് രണ്ട് മക്കളുടെ ഏക ആശ്രയമായ ഇവർ സ്വയംതൊഴില്‍ കണ്ടെത്തി അതിജീവനമാർഗം തുറന്നത്.
ഇപ്പോൾ കടമ്പനാട് പഞ്ചായത്ത് എട്ടാം വാര്‍ഡ് അംഗം കൂടിയാണ്. വിദേശത്ത് ജോലി ചെയ്തിരുന്ന സുധാകരൻ പ്രവാസം അവസാനിപ്പിച്ച് ഏനാത്ത് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായി. സിന്ധു ചൂരക്കോട് സ്വകാര്യ കമ്പനിയില്‍ ജോലിക്കാരിയും. ഇതിനിടെ നാലുവര്‍ഷം മുമ്പ് മസ്തിഷ്കാഘാതം പിടിപെട്ട് സുധാകരന് ഇടതുവശം തളര്‍ന്ന് കിടപ്പായി.
ഭര്‍ത്താവിനെ ശുശ്രൂഷിച്ച് ബാക്കി കിട്ടുന്ന സമയങ്ങളില്‍ ജോലിക്കുപോയിരുന്ന സിന്ധുവിന് സ്വന്തമായി വരുമാനമാര്‍ഗം കണ്ടെത്തേണ്ടിവന്നു. സ്വകാര്യ സ്ഥാപനത്തിലെ പരിചയം ഇതിന് പ്രചോദനമായി.
പഞ്ചായത്തിലെ മിക്ക വീടുകളിലും അവശ്യ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നത് ഇപ്പോൾ സിന്ധുവാണ്. ഒപ്പം കാറ്ററിങ്ങുമുണ്ട്. എട്ട് വിദ്യാലയങ്ങളില്‍ പ്രഭാതഭക്ഷണവും ഉണ്ടാക്കി എത്തിച്ചുകൊടുക്കുന്നു. അരിയും പലചരക്കുസാധനങ്ങളും പച്ചക്കറികളും എല്ലാം വാങ്ങി വീടുകള്‍തോറും എത്തിച്ചുകൊടുക്കുന്ന ഹോം ഡെലിവറി ഏജന്റിനെ നാട്ടുകാർക്കും വിശ്വാസമാണ്.
ബിരുദവിദ്യാര്‍ഥിയായ മകന് സഞ്ജയ്, ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ സായന്ത് എന്നിവരും അമ്മയെ സഹായിക്കാൻ മുന്നിലുണ്ട്. 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മാണ് സിന്ധുവിന് എട്ടാം വാര്‍ഡില്‍ സീറ്റ് നല്‍കിയത്. ഇങ്ങനെയൊരു ജനപ്രതിനിധിയെ ലഭിച്ചതില്‍ വാര്ഡുനിവാസികളും സന്തുഷ്ടരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.