അരൂർ: 80കളിൽ കോഴിക്കോട് മത്സ്യത്തൊഴിലാളി സമരങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സിസ്റ്റര്‍ ആലീസ് ഇന്നും മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യനും സമൂഹവും തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ചും അന്വേഷിക്കുകയാണ്.
മൂല്യബോധത്തിൽ ഊന്നിയ സാമൂഹിക പ്രവർത്തനമാണ് സിസ്റ്റർ ആലീസ് ലൂക്കോസിന്റേത്. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുണ്ട്. കന്യാസ്ത്രീയാവാനുള്ള പഠനവും പരിശീലനവും പുണെയില്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പല സമരങ്ങളിലും പങ്കെടുത്തത്.
സിസ്റ്റര്‍ ആലീസ് ലൂക്കോസ് മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ പ്രവര്‍ത്തിക്കാൻ കോഴിക്കോട്ടെത്തുന്നത് 1978ലാണ്. അന്ന് പ്രായം 29. 1984ൽ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി 15 ദിവസം നിരാഹാരം കിടന്നതോടെ സിസ്റ്റർ പ്രശസ്തയായി. വിപ്ലവകാരിയായ കന്യാസ്ത്രീ, ലിബറേഷൻ തിയോളജിയുടെ വക്താവ് എന്നെല്ലാം പറഞ്ഞ് മാധ്യമങ്ങൾ പിന്തുടർന്നു. പല ജോലികളുടെയും ചുമതലക്കാരിയാക്കിയ സിസ്റ്ററെ സഭ മാറ്റി.
മനംമടുത്ത സിസ്റ്റർ പുതിയ സഭയുണ്ടാക്കി. ആലപ്പുഴ ജില്ലയിലെ എരമല്ലൂർ ആസ്ഥാനമാക്കി മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ പ്രവർത്തിക്കുന്ന വിമന്‍സ് ഇനിഷ്യേറ്റീവ് നെറ്റ്വര്‍ക്ക് (വിന്‍) സെന്റർ രൂപവത്കരിച്ചു. അതിന്‍റെ ഡയറക്ടറാണ് ഇപ്പോൾ സിസ്റ്റർ ആലീസ്.പാലായിലെ സാമാന്യം സാമ്പത്തികസ്ഥിതിയുള്ള കുടുംബത്തിലെ അംഗമായിരുന്നു ആലീസ്. സ്വന്തക്കാരിൽ പലരും കുറേക്കാലമായി അമേരിക്കയിലാണ്.
പഠനം കഴിഞ്ഞ് ആലീസും അമേരിക്കയിൽ ജോലി ചെയ്യുമെന്നൊയിരുന്നു വീട്ടുകാരുടെ കണക്കുകൂട്ടൽ. പക്ഷേ, പാവപ്പെട്ടവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്നായിരുന്നു ചെറുപ്പം മുതലേ ആലീസിന്റെ ആഗ്രഹം. പാലാ കോളജിൽ പഠിക്കുമ്പോൾ ഹോസ്റ്റലിൽ ഫ്രഞ്ച് സിസ്റ്റേഴ്സ് ഉണ്ടായിരുന്നു. അവരുടെ പ്രവർത്തനങ്ങൾ ആലീസിനെ ആകര്‍ഷിച്ചു. 1973ലാണ് മഠത്തിൽ ചേരുന്നത്.
അത് ലിബറേഷൻ തിയോളജിയുടെ കാലഘട്ടമായിരുന്നു. പള്ളി പാവങ്ങളുടെ പക്ഷം പിടിക്കേണ്ടതുണ്ടെന്ന വീക്ഷണം ശക്തമായിരുന്ന കാലഘട്ടം. സിസ്റ്ററിനും ആ കാഴ്ചപ്പാടിനോട് ആഭിമുഖ്യമുണ്ടായിരുന്നു. കോളജിൽ എം.എക്ക് പഠിക്കാനുണ്ടായിരുന്ന മാര്‍ക്സിയൻ തത്ത്വശാസ്ത്രവും ആലീസിനെ ആകർഷിച്ചു. എന്നാലും ദൈവവിശ്വാസത്തിൽ ഉറച്ചുനിന്നുള്ള പ്രവർത്തനത്തിനായിരുന്നു താൽപര്യം.
സ്ത്രീശാക്തീകരണം, കുടുംബശ്രീ എന്നിവയുടെ ചരിത്രം അന്വേഷിച്ചാൽ ചെന്നെത്തുന്നത് സിസ്റ്റർ ആലീസ് ലൂക്കോസിലായിരിക്കും. ആലപ്പുഴ, എറണാകുളം ജില്ലകളിലെ തീരപ്രദേശത്തെ തൊഴിലാളികളുടെ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വിൻ സെന്ററിന്റെ കീഴിൽ സ്ത്രീകളുടെ കൂട്ടായ്മകൾ രൂപവത്കരിച്ചു.
800 വനിത യൂനിറ്റുകൾ വിൻ സെന്ററിന്റെ കീഴിൽ പ്രവർത്തിച്ചുതുടങ്ങി. ഇപ്പോൾ പതിനാറായിരത്തിലധികം അംഗങ്ങളുണ്ട്. തോപ്പുംപടി പടിഞ്ഞാറെ തീരമേഖല മുതൽ തെക്കോട്ട് അർത്തുങ്കൽ തെക്ക് ചേന്നവേലി വരെയാണ് പ്രവർത്തനമേഖല. മറ്റു സ്വാശ്രയസംഘങ്ങൾ സാമ്പത്തിക ഇടപാടുകൾ മാത്രം കൈകാര്യം ചെയ്യുമ്പോൾ വിൻ സെന്ററിന്റെ കീഴിലുള്ള വനിതായ കൂട്ടായ്മകൾ സാമൂഹികപരവും മാനസികവും കുടുംബപരമായ ഒട്ടേറെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നു.
30 വർഷത്തെ സാമൂഹികപ്രവർത്തനത്തിൽ യുവാക്കളുടെ കാര്യത്തിൽ പ്രതീക്ഷയേക്കാൾ ആശങ്കയിലാണ് സിസ്റ്റർ. മദ്യം, മയക്കുമരുന്ന് ഉപയോഗം സ്കൂളുകളിൽപോലും വ്യാപിക്കുന്നത് ആശങ്കയുണ്ട്. മദ്യഷാപ്പുകൾ തുറന്നുവെച്ച് ലഹരിക്കെതിരെ എന്ത് യുദ്ധം നടത്താൻ കഴിയുമെന്ന് സിസ്റ്റർ ചോദിക്കുന്നു.
1984ലാണ് സംഭവം. അഖില കേരള അടിസ്ഥാനത്തിൽ മത്സ്യത്തൊഴിലാളികൾ സമരം പ്രഖ്യാപിച്ചു. കേരളത്തിലെ ജനങ്ങൾക്ക് 80 ശതമാനം പ്രോട്ടീൻ ഫുഡ് നൽകുന്ന മത്സ്യങ്ങളെ പിടിക്കുന്ന മത്സ്യത്തൊഴിലാളിക്ക് ആനുകൂല്യം നൽകാൻ പദ്ധതികൾ ഇല്ലാത്ത സാഹചര്യത്തിലായിരുന്നു സമരം. പല സ്ഥലത്തും നിരാഹാരം ആരംഭിച്ചു. കോഴിക്കോട്ട് നിരാഹാരം കിടക്കാൻ ആളില്ല.
നിരാഹാരം കിടക്കാൻ സിസ്റ്റർ ആലീസ് ലൂക്കോസ് തയാറായി. അത് വാർത്തയായി കന്യാസ്ത്രീ കടപ്പുറത്ത് മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സമരം ചെയ്യുന്നു. നിരാഹാരത്തിന്റെ മൂന്നാം ദിവസം കുട്ടികൾക്ക് ലംപ്സം ഗ്രാന്‍റ് പ്രഖ്യാപിച്ചു. വീടുവെക്കാനും തൊഴിൽ ഉപകരണങ്ങൾ നൽകാനും സർക്കാർ തയാറായി.
ഇതിനൊപ്പം മത്സ്യഫെഡ് രൂപവത്കരിക്കാനും സർക്കാർ മനസ്സുകാട്ടി. 82ലും 83ലും നിരാഹാം നടത്തിയിട്ടുണ്ടെങ്കിലും 84ൽ ആലീസ് ലൂക്കോസ് നടത്തിയ നിരാഹാരത്തിന് ഫലം നിസ്സാരമായിരുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത സമരമായിരുന്നു അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.