അരുണ്‍ (പേര് സാങ്കല്‍പികം) റോസ് ലിന്‍ സിസ്റ്ററിനെ ചുറ്റിപ്പിടിക്കും. അവരുടെ സഭാവസ്ത്രത്തില്‍ മുറുകെപ്പിടിച്ച് അവന്‍ ചോദിക്കും. ‘അമ്മേ, ഇനിയെങ്കിലും പറഞ്ഞുതരൂ, എന്‍െറ അച്ഛന്‍ എവിടുണ്ട്. സ്കൂളില്‍ കൂട്ടുകാരും ടീച്ചര്‍മാരുമെല്ലാം എന്നോട് ചോദിക്കുന്നു, അച്ഛനെവിടെയാണെന്ന്. നാളെയെങ്കിലും എനിക്ക് ക്ലാസില്‍ പറയണം അച്ഛനെക്കുറിച്ച്.’ മുതുവിള സ്നേഹതീരത്തിലെ അന്തേവാസിയുടെ മകനായ അരുണ്‍ സിസ്റ്ററോട് ഇടക്ക് ഈ ചോദ്യം ചോദിക്കും. അവനും ബോധനാരുകള്‍ അറ്റുപോയ അവന്‍റെ അമ്മക്കും അച്ഛനും അമ്മയും സിസ്റ്റര്‍ റോസ് ലിനാണ്. അച്ഛനാരാണെന്നറിയാത്ത, ബോധമറ്റ അമ്മമാരുടെ നിരവധി കുഞ്ഞുങ്ങള്‍ സിസ്റ്ററിനൊപ്പം സ്നേഹതീരത്തിലുണ്ട്.
പുനലൂര്‍ മുനിസിപ്പല്‍ വരാന്തയില്‍ നിന്ന് സിസ്റ്ററിന് കിട്ടിയതാണ് അരുണിന്‍െറ അമ്മയെ. മുഷിഞ്ഞ തുണിയില്‍ ചുരുണ്ടുകൂടി മുനിസിപ്പല്‍ വരാന്തയില്‍ അവശയായി കിടന്ന അവരെക്കുറിച്ച് മുനിസിപ്പല്‍ ഓഫിസ് ജീവനക്കാര്‍ തന്നെയാണ് സ്നേഹതീരത്തെ അറിയിച്ചത്. തെരുവില്‍ നിന്നാരോ നല്‍കിയ നിറവയറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗ്യാസാണെന്നായിരുന്നു അവര്‍ സിസ്റ്ററോട് പറഞ്ഞത്. സിസ്റ്റര്‍ അവരെ സ്നേഹതീരത്തില്‍ കൂട്ടിക്കൊണ്ടുവന്നു. അരുണ്‍ ഇന്ന് ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. അവന്‍െറ അമ്മ ഇന്നും രോഗത്തില്‍നിന്ന് മുക്തയായിട്ടില്ല. അവര്‍ക്ക് അരുണ്‍ മകനാണെന്നു പോലും അറിയില്ല.
പത്തനംതിട്ട ജില്ലയിലെ പന്തളം നഗരത്തില്‍നിന്നുള്ള മറ്റൊരു പൊള്ളുന്ന അനുഭവമുണ്ട് സിസ്റ്റര്‍ക്ക്. ബി.ടെക്കിന് പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. ഉന്മാദത്തില്‍പെട്ട് വീട്ടില്‍നിന്ന് ഇറങ്ങിയോടി. കിലോമീറ്ററുകള്‍ താണ്ടി പന്തളത്തെത്തി. ഉടുതുണിയും മുടിയും ശരീരവും എല്ലാം അവള്‍തന്നെ പിച്ചിച്ചീന്തി നഗരത്തിലൂടെ തെറിവാക്കുകള്‍ പറഞ്ഞ് വട്ടംകറങ്ങി. കാണികള്‍ കൂടി. അവര്‍ ആര്‍ത്തുചിരിച്ചു. ചിലര്‍ മൊബൈലില്‍ രംഗങ്ങള്‍ പകര്‍ത്തി. യാത്രക്കാരിയായ ഒരു വീട്ടമ്മ അവരുടെ സാരിത്തലപ്പുകൊണ്ട് മറച്ച് പെണ്‍കുട്ടിയെ സ്നേഹതീരത്തത്തെിച്ചു.
പുനലൂര്‍ തൂക്കുപാലത്തിനു സമീപത്തു നിന്നാണ് ഇരുപതു വയസ്സ് തികയാത്ത രജനിയെ സിസ്റ്റര്‍ റോസ് ലിന് കിട്ടുന്നത്. തൂക്കുപാലത്തിനു കീഴിലെ പിഞ്ഞിക്കീറിയ തുണിക്കെട്ടിനിടെ അവള്‍ പൊതിഞ്ഞുസൂക്ഷിച്ച ആറു മാസമുള്ള കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടവരാണ് പൊലീസിനെ വിവരമറിയിച്ചത്. സിസ്റ്റര്‍ റോസ്ലിനും പൊലീസും സ്ഥലത്തത്തെുമ്പോള്‍ തീര്‍ത്തും അവശയായിരുന്നു രജനി. ഉന്മാദത്തില്‍ തെരുവില്‍ അലഞ്ഞ രജനി നിരന്തര ലൈംഗിക അതിക്രമത്തിനിരയായിരുന്നുവെന്ന് പിന്നീട് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. ഇന്ന് സ്നേഹതീരത്തിന്‍െറ തണലില്‍ ഒരു കൊല്ലമാകുന്നു. ഇപ്പോഴും രജനിക്കറിയില്ല, താനാരാണെന്നും തന്‍െറ കുഞ്ഞിന്‍െറ അച്ഛനാരാണെന്നും.
സിസ്റ്റര്‍ റോസ് ലിനെക്കുറിച്ച്...
നിലമ്പൂര്‍ കരുനെച്ചി സ്വദേശിനിയാണ് സിസ്റ്റര്‍ റോസ് ലിന്‍. തമിഴ്നാട് മാര്‍ത്താണ്ഡത്തുള്ള ഡോട്ടര്‍ ഓഫ് മേരി കോണ്‍വെന്‍റില്‍ ചേര്‍ന്ന് പഠിച്ചു. നഴ്സിങ് പഠനത്തിനുശേഷം കുതിരവട്ടം, പേരൂര്‍ക്കട എന്നിവിടങ്ങളിലെ മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ സേവനം ചെയ്തു. 1988ലാണ് സിസ്റ്റര്‍ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലത്തെുന്നത്. അവിടത്തെ കാഴ്ചകള്‍ ആരെയും ഞെട്ടിക്കുന്നതായിരുന്നു. തൊട്ടടുത്ത പൊലീസ് ക്യാമ്പിലെ പൊലീസുകാര്‍ വരെ രാത്രിയുടെ മറവുപറ്റിയെത്തി പലരെയും ഉപദ്രവിച്ചു. ചികിത്സക്കിടെതന്നെ പലരും ഗര്‍ഭിണികളായി. ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയ ബന്ധുക്കള്‍ ഉപേക്ഷിച്ചവര്‍ വീണ്ടും തെരുവിലത്തെി. ബോധം മരിച്ച അവരെയും ചില സാമൂഹിക വിരുദ്ധര്‍ വെറുതെവിട്ടില്ല. പലരുടെയും കഥകള്‍ നേരിട്ടുകണ്ട സിസ്റ്റര്‍ അന്ന് മനസ്സിലുറപ്പിച്ചു. ഇനി ഒരു സ്ത്രീക്കും തെരുവില്‍ ഈയവസ്ഥ ഉണ്ടാകരുത്. കോണ്‍വെന്‍റിലെ അധികാരികളുമായും സഭയുമായും സിസ്റ്റര്‍ വിഷയം ചര്‍ച്ചചെയ്തു. സ്വതന്ത്ര പ്രവര്‍ത്തനത്തിന് സഭാവസ്ത്രം തടസ്സമാണെന്നറിഞ്ഞ് അന്ന് അവര്‍ കോണ്‍വെന്‍റിന്‍റെ പടിയിറങ്ങി. ഇളയ സഹോദരന്‍ പുനലൂര്‍ വിളക്കുടിയില്‍ വാങ്ങിക്കൊടുത്ത 14 സെന്‍റ് സ്ഥലത്ത് 2002 സെപ്റ്റംബര്‍ 24ന് സ്നേഹതീരം എന്നപേരില്‍ സ്ഥാപനം തുടങ്ങി. കൊല്ലം എസ്.പി ഓഫിസിനു സമീപത്ത് അലഞ്ഞ സ്ത്രീയായിരുന്നു ആദ്യ അന്തേവാസി. ഇന്ന് വിളക്കുടി സ്നേഹതീരത്തില്‍ മാത്രം 210 സ്ത്രീകള്‍ അന്തേവാസികളായുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒമ്പതു കുട്ടികളും. എല്ലാവരും തെരുവില്‍ അലഞ്ഞുനടന്ന മനോരോഗികളായ സ്ത്രീകള്‍.
അന്തേവാസികളുടെ ആധിക്യം കൂടിയപ്പോള്‍ രണ്ടാമത്തെ കേന്ദ്രം ചങ്ങനാശ്ശേരിയിലെ കറുകച്ചാലില്‍ ആരംഭിച്ചു. ഇവിടെ 40 അന്തേവാസികളുണ്ട്. മൂന്നാമത്തെ കേന്ദ്രം തിരുവനന്തപുരത്തെ മിതൃമ്മലയിലാണ്. ജനുവരിയില്‍ തുടങ്ങിയ ഇവിടെ 82 അന്തേവാസികളും അവരുടെ കുരുന്നുകളും ഉണ്ട്. പലരെയും രോഗം ഭേദമാകുമ്പോള്‍ ബന്ധുക്കള്‍ കൂട്ടിക്കൊണ്ടു പോകും. ഇങ്ങനെ കൊണ്ടുപോയ പലരെയും പിന്നെയും തെരുവില്‍നിന്ന് കിട്ടിയിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു. സ്നേഹതീരം തുടങ്ങാന്‍ സിസ്റ്റര്‍ അനുഭവിച്ച പ്രയാസങ്ങള്‍ ചെറുതല്ല. മനോരോഗികളെ താമസിപ്പിച്ച് അവയവക്കച്ചവടമാണ് നടക്കുന്നതെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ചാരിറ്റി പ്രവര്‍ത്തനത്തിന്‍റെ മറവില്‍ മാംസക്കച്ചവടമാണ് നടക്കുന്നതെന്ന് പ്രദേശവാസികള്‍തന്നെ പറഞ്ഞുപരത്തി. രോഗികള്‍ മതിലുചാടാതിരിക്കാന്‍ ഉയര്‍ത്തിക്കെട്ടിയ മതില്‍ ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. ബോധം മറഞ്ഞ തന്നെക്കാള്‍ മുതിര്‍ന്ന സ്ത്രീകളും മക്കളും തന്നെ അമ്മേയെന്ന് വിളിക്കുമ്പോള്‍ സിസ്റ്റര്‍ അതെല്ലാം മറക്കും. അന്ന് കല്ലെറിഞ്ഞവര്‍ ഇന്ന് അവരോടൊപ്പം എല്ലാറ്റിനും കൂട്ടുണ്ട്. സഭയും പിന്നീട് സിസ്റ്ററെ അംഗീകരിച്ചു.
നടന്‍ ദിലീപിനെ കരയിച്ച സ്നേഹതീരം
മിതൃമ്മല സ്നേഹതീരത്തിന്‍െറ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു നടന്‍ ദിലീപ്. സിനിമയില്‍ മാത്രമല്ല, വിവിധ സദസ്സുകളിലും ചിരിയുടെ അമിട്ടുപൊട്ടിച്ചാണ് ദിലീപ് സംസാരിക്കാറുള്ളത്. അന്നത്തെ പരിപാടിയില്‍ ദിലീപിന് പക്ഷേ, ചിരിക്കാനായില്ല. തെരുവിലലയുന്ന മാനസിക ബുദ്ധിമുട്ടനുഭവിക്കുന്ന സ്ത്രീകള്‍ ശാരീരിക പീഡനത്തിനിരയാകുന്നതിന്‍റെ ഉദാഹരണങ്ങള്‍ സിസ്റ്റര്‍ റോസ് ലിന്‍ പറഞ്ഞപ്പോള്‍ ദിലീപ് പോലും സദസ്സിലിരുന്ന് വിതുമ്പി. ആ സദസ്സിലുണ്ടായിരുന്ന അതിഥികള്‍ക്ക് ഒരു പുതിയ അറിവായിരുന്നു കേരളത്തിന്‍െറ തെരുവില്‍ അലയുന്ന സ്ത്രീകള്‍ ഇത്രയേറെ ലൈംഗിക അതിക്രമത്തിനിരയാകുന്നുണ്ട് എന്നത്. എന്നാല്‍, കണക്കുകളും സംഭവങ്ങളും ഇതിനെക്കാള്‍ ഞെട്ടിക്കുന്നതാണെന്ന് സിസ്റ്റര്‍ പറയും. തങ്ങള്‍ ലൈംഗിക പീഡനത്തിന്‍െറ ഇരകളാണെന്നു തിരിച്ചറിയാനുള്ള മാനസികാരോഗ്യം പോലും ഇവര്‍ക്കില്ല. സ്വന്തം കുഞ്ഞുങ്ങളെപ്പോലും അവര്‍ തിരിച്ചറിയുന്നില്ല.
സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഈ കണക്ക് ഞെട്ടിക്കുന്നതാണ്. പത്തു വര്‍ഷത്തിനിടെ 32,044 പീഡനങ്ങള്‍. 8512 ബലാത്സംഗങ്ങള്‍. സ്ത്രീകള്‍ക്കെതിരെ ആകെ 40,556 ലൈംഗിക അതിക്രമങ്ങള്‍. 2007 മുതല്‍ 2016 മേയ് വരെയുള്ള സംഭവങ്ങളാണിത്. അതില്‍ ചെറിയ ഒരു കൂട്ടരെ മാത്രമേ സിസ്റ്റര്‍ റോസ് ലിന് രക്ഷിക്കാനായുള്ളൂ. സമൂഹം മുഴുവന്‍ വിചാരിച്ചാല്‍ മാത്രമേ ബാക്കിയുള്ളവരെ കരകയറ്റാനാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.