ന്യൂഡൽഹി: ഡിഫൻസ് സർവിസസ് സ്റ്റാഫ് കോഴ്‌സ് (ഡി.എസ്.എസ്.സി), ഡിഫൻസ് സർവിസസ് ടെക്‌നിക്കൽ സ്റ്റാഫ് കോഴ്‌സ് (ഡി.എസ്.ടി.എസ്.സി) പരീക്ഷകളിൽ ആറ് വനിത ഓഫിസർമാർ വിജയിച്ചത് ചരിത്രമായി. ഇവരിൽ നാല് പേർ ഊട്ടി വെല്ലിങ്ടൺ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിൽ ഒരു വർഷത്തെ കോഴ്‌സിന്റെ ഭാഗമായി പരിശീലനം നേടും.
ശേഷിക്കുന്നവരിൽ ഒരാൾ ഡിഫൻസ് സർവിസസ് ടെക്‌നിക്കൽ സ്റ്റാഫ് കോഴ്‌സിന്റെ റിസർവ് ലിസ്റ്റിലും മറ്റൊരാൾ അഡ്മിനിസ്‌ട്രേഷൻ ആൻഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് കോഴ്‌സ് (എ.എൽ.എം.സി)/ഇന്റലിജൻസ് സ്റ്റാഫ് കോഴ്‌സ് (ഐ.എസ്.സി) എന്നിവയുടെ ചുരുക്കപ്പട്ടികയിലുമാണ് ഇടംനേടിയത്. കരസേനയിലെ 1,500ലധികം ഉദ്യോഗസ്ഥർ പ്രതിവർഷം പ്രവേശനപരീക്ഷ എഴുതാറുണ്ട്. എല്ലാ വർഷവും സെപ്റ്റംബറിലാണ് പരീക്ഷ. ഈ വർഷം ആദ്യമായി, സേനയിലെ 22 വനിത ഓഫിസർമാരാണ് പരീക്ഷയെഴുതിയത്.
പ്രവേശനപരീക്ഷ വിജയിച്ചവരുടെ സേവനവും അച്ചടക്കവും പരിശോധിച്ച് കോഴ്‌സിന് ചേരാൻ നാമനിർദേശം ചെയ്യുന്നതാണ് രീതി. പരീക്ഷ ജയിച്ചവരിൽ ഒരാൾ ഡി.എസ്.എസ്.സി പരീക്ഷ വിജയിച്ച ഉദ്യോഗസ്ഥന്റെ ഭാര്യയാണ്. അതുവഴി വെല്ലിങ്ടണിൽ ഒരുമിച്ച് കോഴ്‌സിൽ പങ്കെടുക്കുന്ന ആദ്യ ഉദ്യോഗസ്ഥ ദമ്പതികൾ എന്ന ചരിത്രവും ഇവർക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.