സ്ത്രീത്വത്തിന്റെ ഭാവനകൾക്ക് ചിറക് നൽകുന്ന വുമൺസ് വിങ്സ് എന്ന സ്ത്രീ കൂട്ടായ്മ സംസ്ഥാന തലത്തിൽ ശ്രദ്ധ നേടുന്നു. 2019 മുതലാണ് ചിത്രകാരികളുടെ മാത്രമായ ഈ സംഘടന പ്രവർത്തനം ആരംഭിക്കുന്നത്. അക്കാദമിക് ആയി ചിത്രകല അഭ്യസിച്ചവരോ ജന്മനാതന്നെ കലാസിദ്ധികൾ ഉള്ളവരോ ആയ സ്ത്രീകൾ പിന്നീട് ജോലിഭാരവും കുടുംബ ജീവിതവും എല്ലാം തലയിലാവുമ്പോൾ സമൂഹത്തിൽ അവരുടെ കലാസിദ്ധികൾ പ്രകടമാക്കാൻ അവസരമില്ലാതെ നഷ്ടപ്പെട്ട് പോകുകയാണ് പതിവ്.
ഇത്തരത്തിലുള്ള സ്ത്രീകളെ കണ്ടെത്തുകയും അവരുടെ സിദ്ധികളെ വളർത്തിയെടുക്കുകയും ചെയ്യാനാണ് വുമൺസ് വിങ്സ് ശ്രമിക്കുന്നത്. കോവിഡ് കാലത്ത് ഓൺലൈനിലൂടെ ഇതിന്റെ പ്രവർത്തനം സജീവമായി. ചിത്രകാരിയായ ഫോറിന്റോ ദീപ്തിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.
കെ.വി. അജിത, ഗ്രേസി ഫിലിപ്പ്, സുനിത നൗഷാദ്, ഹസിത ഹരിദാസ്, സുമി ജോമോൻ, സി.ജി. മീന എന്നിവർ ഒപ്പമുണ്ട്. ഇപ്പോൾ എല്ലാ ജില്ലകളിലുമായി 500ൽപരം അംഗങ്ങളുണ്ട്. ചിത്രകാരികൾക്ക് അവരുടെ രചനകൾ സ്വതന്ത്രമായി പങ്കുവെക്കാനും അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനും ഉള്ള പൂർണ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുന്ന ചിത്രകാരികളുടേത് മാത്രമായ ഒരിടമാണ് വുമൺസ് വിങ്സ്.
വീട്ടമ്മമാരും വിദ്യാർഥികളും ജോലിയിൽനിന്ന് വിരമിച്ചവരും വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരും ഇതിലുണ്ട്. സാമൂഹിക പ്രവർത്തനം എന്ന നിലയിൽകൂടിയാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.
പലവിധ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് ചിത്രരചന പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നവർക്കും ചിത്രരചന ഒരു ജീവിതചര്യ പോലെ കൂടെ കൊണ്ടുപോകുന്നവർക്കും കൂടുതൽ അവസരങ്ങളും പ്രോത്സാഹനങ്ങളും നൽകാൻ കഴിഞ്ഞു. 100ൽപരം ചിത്രകാരികളെ അണിനിരത്തി അവരുടെ ആദ്യ പ്രദർശനം ബുധനാഴ്ച മുതൽ ചാലക്കുടിയിലെ ചോല ആർട്ട് ഗാലറിയിൽ സംഘടിപ്പിക്കുന്ന തിരക്കിലാണ് പ്രവർത്തകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.