അലനല്ലൂർ: 76ാം വയസ്സിൽ പ്ലസ് വൺ പരീക്ഷക്കൊരുങ്ങുകയാണ് അലനല്ലൂരിലെ പുത്തൻവീട്ടിൽ ശ്രീദേവി അമ്മ. പരീക്ഷ ജൂലൈ അഞ്ചിലേക്ക് മാറ്റിയതോടെ പഠിക്കാൻ രണ്ടുമാസം കൂടി കിട്ടിയതിന്റെ സന്തോഷവുമുണ്ട്. മലപ്പുറം പാണ്ടിക്കാട് പയ്യപറമ്പ് ഗവ. ഹൈസ്കൂളിൽ 1968ൽ 254 മാർക്കോടെ എസ്.എസ്.എൽ.സി പാസായി.
19-ാം വയസ്സിൽ അലനല്ലൂരിലേക്ക് വിവാഹം ചെയ്ത ശേഷം പഠിക്കാനുള്ള അവസരം ഇല്ലാതായി. ഇതിനിടെ എസ്.എസ്.എൽ.സി ബുക്ക് ബന്ധുക്കളിൽ ഒരാൾ കത്തിച്ച് കളഞ്ഞു. ഇതോടെ നിരാശയിലായ ശ്രീദേവി അമ്മ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷ നൽകി. പിന്നീട് എൽ.ഡി ക്ലർക്ക് പരീക്ഷ എഴുതി സപ്ലിമെന്ററി ലിസ്റ്റിൽ അഞ്ചാം നമ്പറായെങ്കിലും അപോയ്മെന്റ് ഓർഡർ ലഭിച്ചില്ല.
56 വർഷമായി പൊന്നുപോലെ സൂക്ഷിച്ച എസ്.എസ്.എൽ.സി ബുക്ക് കൊണ്ട് യാതൊരു പ്രയോജനവുമില്ലാതെ ഇരിക്കുബോഴാണ് അലനല്ലൂരിലെ സാക്ഷരത മിഷനിലൂടെ പ്ലസ് ടു പരീക്ഷ എഴുതാൻ അവസരം ലഭിച്ചത്.
അലനല്ലൂരിലെ അഗ്നിരക്ഷാസേനയിലുണ്ടായിരുന്ന നാസറിന്റെ വാക്കുകളാണ് പഠനമെന്ന ആഗ്രഹത്തിലേക്ക് വീണ്ടുമെത്തിയത്. മക്കളും പേരക്കുട്ടികളും അതിനെ പ്രോത്സാഹിപ്പിച്ചു. പിന്നീട് പഞ്ചായത്തിലെ ജീവനക്കാരോടും പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താറിനോടും തന്റെ ആഗ്രഹം അറിയിച്ചു. അപേക്ഷ നൽകാൻ പ്രസിഡന്റ് അറിയിച്ചത് പ്രകാരമാണ് ചെറുപ്പത്തിൽ പഠിക്കാൻ ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പoനം 76-ാം വയസ്സിൽ സാഫല്യമായത്.
പ്രോത്സാഹനവുമായി വി.കെ. ശ്രീകണ്ഠൻ എം.പി.യും എത്തിയതോടെ പഠിക്കാനുള്ള കരുത്ത് വർധിച്ചു. കഥ, കവിത, ഗാനം, എന്നിവ രചിക്കുന്ന ശ്രീദേവി അമ്മക്ക് പത്തോളം ട്രോഫികൾ സമ്മാനമായി കിട്ടിയിട്ടുണ്ട്. ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും നല്ല കഴിവാണ്. പരേതരായ പുത്തൻവീട്ടിൽ വേലു നായരുടേയും ദേവകിയുടേയും മകളാണ്. ഭർത്താവ് രാമചന്ദ്രൻ (അപ്പുണ്ണി) ആറുവർഷം മുമ്പ് മരിച്ചു. സുരേഷ് ബാബു, ജയപ്രകാശ്, ശ്രീലത എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.