മസ്കത്ത്: ഖത്തറിലെ വിദ്യാഭ്യാസ അധിഷ്ഠിത ടി.വി റിയാലിറ്റി ഷോയായ സ്റ്റാർസ് ഓഫ് സയൻസിന്റെ ഗ്രാൻഡ് ഫിനാലെയിൽ വിജയിച്ച് നാട്ടിലെത്തിയ സുമയ്യ സിയാബിക്ക് ഊഷ്മള വരവേൽപ് നൽകി.
ഒമാൻ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ അമർ അൽ ഷതാനി സുമയ്യ സിയാബിയെ ആദരിച്ചു. സ്റ്റാർസ് ഓഫ് സയൻസിൽ വിജയിക്കുന്ന ആദ്യ അറബ് വനിതയാണ് സുമയ്യ.
വിദ്യാഭ്യാസ മന്ത്രാലയം, സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി (എസ്.ക്യു), ഒമാൻ ടെലികമ്യൂണിക്കേഷൻസ് കമ്പനി (ഒമാൻടെൽ), അക്കാദമി ഓഫ് പ്രോഗ്രാമിങ് എന്നിവയുടെ സഹകരണത്തോടെ ഒമാൻ സയൻസ് ഫെസ്റ്റിവലിലായിരുന്നു ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി പേരാണ് സുമയ്യക്ക് ആശംസയുമായെത്തിയത്.
മൂന്നു കുട്ടികളുടെ മാതാവായ സുമയ്യ, സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകയും അധ്യാപികയുമാണ്. വിവിധ ഘട്ടങ്ങൾക്കുശേഷം നടന്ന ഗ്രാൻഡ് ഫിനാലെയിൽ ലിബിയയുടെ ഷാദ ബെൻബായ, ജോർഡനിലെ നോറാൾഡിൻ അൽ ദേരി എന്നിവരും ഉണ്ടായിരുന്നു.
ലോകസമുദ്രങ്ങളെ ബാധിക്കുന്ന പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെയുള്ള കണ്ടുപിടിത്തമാണ് സുമയ്യയെ അവാർഡിന് അർഹയാക്കിയത്. വിവിധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും ഒമാനി ജനതയും ഗൾഫ്, അറബ് രാജ്യങ്ങളിൽ നിന്നുള്ളവരും വോട്ടിങ്ങിലൂടെ നൽകിയ വലിയ പിന്തുണയുടെ ഫലമായാണ് വിജയമെന്ന് സുമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.