കൊടുവള്ളി: ആഗ്രഹങ്ങളെ പൊതിഞ്ഞുകെട്ടി അടുക്കളയുടെ മൂലയില്‍ ഒതുക്കിവെച്ചവരുള്ള അതേ സമൂഹത്തില്‍ ആഗ്രഹങ്ങള്‍ക്ക് ചിറകുവെച്ച് പതിയെ പറന്നുതുടങ്ങിയവരും ഉണ്ടെന്നുള്ളതിന് ഉദാഹരണമാണ് കൊടുവള്ളി നഗരസഭയിലെ കരുവൻപൊയിൽ സ്വദേശികളായ മുൻ ഗ്രാമപഞ്ചായത്ത് അംഗം കൂടിയായ ജമീല ചെമ്പറ്റേരി, സാബിറ വരുവാല, ഫാത്തിമ പൊൻപാറക്കൽ എന്നിവർ.
പെൺകരുത്തിൽ തനത് രുചിവൈവിധ്യം തയാറാക്കി വിപണിയിലെത്തിച്ചാണ് മൂവർസംഘം അതിജീവനത്തിലൂടെ തങ്ങളുടെ സാന്നിധ്യമറിയിച്ചത്. സ്വന്തമായി ഒരു തൊഴിൽ കണ്ടെത്തി വരുമാനം നേടണമെന്ന ലക്ഷ്യവുമായി 2006ലാണ് സഹായി കുടുംബശ്രീ യൂനിറ്റിലെ അംഗങ്ങളായ ഇവർ കരുവൻപൊയിലിൽ 16ാം ഡിവിഷൻ കേന്ദ്രമാക്കി കിസാൻ സാമ്പാർ മിക്സ് നിർമാണ യൂനിറ്റിന് തുടക്കമിട്ടത്.
സംരംഭത്തിന്റെ പ്രവർത്തനം പഠിക്കാൻ സമീപ പ്രദേശങ്ങളിലെ നിർമാണ കേന്ദ്രങ്ങൾ സന്ദർശിക്കുകയും വിപണന സാധ്യതകൾ മനസ്സിലാക്കുകയും ചെയ്തു. ഇവർ അംഗമായ കുടുംബശ്രീ യൂനിറ്റിൽനിന്ന് ലഭിച്ച ചെറിയ തുക വിനിയോഗിച്ചാണ് സാമ്പാർ മിക്സ് നിർമാണത്തിന് തുടക്കമിട്ടത്. മായമില്ലാത്തവ സ്വന്തമായി കൈകൊണ്ട് വറുത്തെടുത്ത് നാടൻ സ്വാദിന്റെ രുചിക്കൂട്ടിലൂടെ സാമ്പാർ മിക്സ് തയാറാക്കി വിപണിയിലെത്തിക്കുകയായിരുന്നു.
2007ൽ ദാരിദ്ര്യനിർമാർജന മിഷൻ നടത്തിയ കുടുംബശ്രീ സ്കൂൾ പഠന കളരിയിൽ പങ്കെടുത്ത മൂവരും സംരംഭത്തിന്റെ പ്രവർത്തനരീതിയും വിപണന, നിർമാണ പ്രവർത്തനങ്ങളും ആർജിച്ചെടുത്ത് സംരംഭം വിപുലപ്പെടുത്തി. 2010ൽ സൗകര്യങ്ങൾ കൂട്ടി വൈദ്യുതി ഉപകരണങ്ങൾ സ്ഥാപിച്ച് കൂടുതൽ വിപണി പിടിച്ചു.
എന്നാൽ, പ്രളയസമയത്ത് നിർമാണ യൂനിറ്റിൽ വെള്ളം കയറി ഉപകരണങ്ങൾ നശിച്ചു. അതിൽ തോറ്റ് പിന്മാറാതെ പ്രളയ ദുരിതാശ്വാസമായി ലഭിച്ച തുക ഉപയോഗിച്ച് വീണ്ടും പ്രവർത്തനം തുടങ്ങി.
സാമ്പാർ മിക്സിനാവശ്യമായ തേങ്ങ ഇവർ നാട്ടിലെ കർഷകരിൽനിന്ന് നേരിട്ട് വാങ്ങുകയാണ്. മറ്റു വസ്തുക്കളും ഗുണമേന്മ ഉറപ്പുവരുത്തിയാണ് നിർമാണത്തിന് ഉപയോഗിക്കുന്നത്. 25 തേങ്ങ ഉപയോഗിച്ച് 50 പാക്കറ്റ് സാമ്പാർ മിക്സ് ഉണ്ടാക്കാനാവുമെന്നാണ് ഇവർ പറയുന്നത്.
കടകളിൽ വിൽപനക്കെത്തിക്കുന്നതിനു പുറമെ കുടുംബശ്രീ ഉൾപ്പെടെ നടത്തുന്ന പ്രധാന വിൽപന സ്റ്റാളുകളിലും മേളകളിലും ഉൽപന്നം വിപണനത്തിനെത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലേക്കടക്കം ആളുകൾ സാമ്പാർ മിക്സ് വാങ്ങിക്കൊണ്ടുപോകാറുണ്ടെന്നും ഇവർ പറയുന്നു. വിശാല വ്യവസായ യൂനിറ്റ് നിർമിച്ച് വലിയ വിപണി നേടാനാണ് മൂവർ സംഘത്തിന്റെ തീരുമാനം.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.