കണ്ണൂർ: കോവിഡ് ഭേദമായിട്ട് കുറച്ചുനാളുകൾ മാത്രമേ ആയുള്ളു. അതുകൊണ്ടുതന്നെ ശ്വാസമെടുക്കാൻ നേരിയ ബുദ്ധിമുട്ടുണ്ട്. എന്നാൽ, അതുമാത്രമല്ല തെൻറ ബാല്യകാലത്തെപ്പറ്റി വിവരിക്കുേമ്പാൾ അവൾക്ക് വാക്കുകൾ മുറിഞ്ഞുപോകുന്നത്. കാരണം അത്രമേൽ കയ്പ്പേറിയതും കലുഷിതവുമായ ബാല്യകാലമായിരുന്നു ദീപ്സിക തള്ളിനീക്കിയത്. അതുകൊണ്ടുതന്നെ അറിവു മാത്രമല്ല, സ്വന്തം ജീവിതം കൂടിയാണ് 19കാരിയായ അവളിപ്പോൾ കുട്ടികൾക്ക് പകർന്നുനൽകുന്നത്. കുട്ടിക്കാലത്തെ ആ അനുഭവങ്ങൾ പകർന്ന ആത്മധൈര്യമാണ്, കണ്ണൂരിൽ പഠിച്ചുവളർന്ന അസം സ്വദേശിനിയായ ദീപ്സിക ദേബിനെ കാലിടറാതെ ഡൽഹി സർവകലാശാലയിലെ ബിരുദ പഠന ക്ലാസിൽ വരെയെത്തിച്ചത്. താൻ പഠിച്ചതും പഠിക്കുന്നതുമായ അറിവുകൾ കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ നിർധനരായ ആയിരക്കണക്കിന് കുട്ടികൾക്കാണ് ഇവർ ഓൺലൈൻ ക്ലാസിലൂടെ പകർന്നുനൽകുന്നത്.
ആറുമാസം പ്രായമുള്ളപ്പോഴാണ് ദീപ്സിക രക്ഷിതാക്കൾക്കൊപ്പം അസമിൽനിന്ന് കേരളത്തിലെത്തുന്നത്. പിതാവ് ദീപുദേബ് ജോലി അന്വേഷിച്ച് കണ്ണൂരിലെത്തിയപ്പോൾ കുടുംബവും ഇങ്ങോട്ട് താമസം മാറി. കുട്ടിക്കാലം മുതലേ പഠനത്തിൽ മിടുക്കിയായിരുന്നു ദീപ്സിക. എന്നാൽ, വീട്ടിലെ സാഹചര്യം അനുകൂലമായിരുന്നില്ല. പിതാവിെൻറ കടുത്ത മദ്യപാനത്തെ തുടർന്ന് വീട്ടിലെന്നും വഴക്കായിരുന്നു. ഇതേത്തുടർന്ന് അമ്മക്ക് നേരിയ മാനസിക വിഭ്രാന്തിയുമുണ്ടായി. വീട്ടിലെ വഴക്കും ദാരിദ്ര്യവുമെല്ലാം തെൻറ പഠനത്തെ തടസ്സപ്പെടുത്താതിരിക്കാൻ ഈ കൊച്ചുമിടുക്കി കഠിനമായി പരിശ്രമിച്ചു. ഏവരും ഉറങ്ങിക്കഴിഞ്ഞാൽ പുലർച്ച മൂന്നുമണി മുതൽ പഠിക്കാനിരിക്കും. അങ്ങനെ എസ്.എസ്.എൽ.സിക്ക് ഉയർന്ന മാർക്ക് ലഭിച്ചു.
തുടർന്ന് ചൊവ്വ എച്ച്.എസ്.എസിൽ പ്ലസ് ടുവിന് ചേർന്നു. തെൻറ വിഷമങ്ങളെല്ലാം, ഒരിക്കൽ സ്കൂളിലെത്തിയ ചൈൽഡ് ലൈൻ അധികൃതരെ ധരിപ്പിച്ചു. ഇതാണ് ജീവിതത്തിൽ വഴിത്തിരിവാകുന്നത്. ദീപ്സികയുടെ സംരക്ഷണവും പഠനവും കാരിത്താസ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കണ്ണൂർ കെയ്റോസ് ഏറ്റെടുത്തു. തുടർന്ന് കണ്ണൂർ സാന്ത്വന ഭവനിലും ഏച്ചൂർ ഹോളിമൗണ്ടിലും താമസിച്ചായിരുന്നു പഠനം. പ്രവേശന പരീക്ഷയെഴുതി ഡൽഹി സർവകലാശാലയിൽ ബി.എ സംസ്കൃതം കോഴ്സിൽ പ്രവേശനം നേടി.
കാരിത്താസ് ഇന്ത്യ, കെയ്റോസ് കണ്ണൂർ എന്നിവരുടെ സംയുക്ത പ്രോജക്ടായ സുധാർ പ്രവാസി ബന്ധുവഴി ഇപ്പോൾ കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ഓൺലൈൻ ക്ലാസെടുക്കുകയാണ് ദീപ്സിക. കുട്ടികൾക്കുള്ള ഹിന്ദി ക്ലാസാണ് കൈകാര്യം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.