ദോഹ: അപൂർവമായൊരു ലോക റെക്കോഡ് ഓട്ടത്തിലേക്കായിരിക്കും വ്യാഴാഴ്ച ഖത്തറിൽ നേരം പുലരുന്നത്. രാജ്യത്തിന്റെ വടക്കെ അറ്റമായ അൽ റുവൈസിൽ നിന്നും തെക്കേ അതിർത്തി പ്രദേശമായ അബു സംറയിലേക്ക് 193 കി.മീ ദൂരത്തിലൊരു മാരത്തൺ ഓട്ടം.
അതിരാവിലെ 5.30ന് അൽ റുവൈസിൽ തുടങ്ങുന്ന ഓട്ടം അടുത്ത ദിവസം അതേ സമയം ലക്ഷ്യസ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോൾ രാജസ്ഥാനിലെ അജ്മീറിൽനിന്നുള്ള ഓട്ടക്കാരി സൂഫിയ സൂഫിയുടെ ലക്ഷ്യം അതിവേഗത്തിൽ രാജ്യത്തിന്റെ രണ്ടറ്റങ്ങങ്ങൾ സ്പർശിച്ച് ലോക റെക്കോഡ് കുറിക്കുകയെന്നതാണ്. അനുകൂലമാവുന്ന കാലാവസ്ഥയിൽ റെക്കോഡ് നേട്ടത്തിലേക്ക് ഓടിക്കയറാൻ എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായി ഒരുക്കങ്ങൾ വിവരിച്ചുകൊണ്ട് സൂഫിയ സൂഫി ദോഹയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഓടുകയെന്ന ലക്ഷ്യവുമായി ഫെബ്രുവരി ഒമ്പതിനാണ് ഭർത്താവും മാനേജറുമായ ഹരിയാന സ്വദേശി വികാസിനൊപ്പം സൂഫിയ ദോഹയിലെത്തുന്നത്. തൊട്ടുപിന്നാലെ കായിക ദിനത്തലേന്ന് അൽ റുവൈസിൽ നിന്നും അബു സംറയിലേക്ക് ഓടിത്തുടങ്ങിയെങ്കിലും മുക്കാൽ ദൂരം പിന്നിട്ട ശേഷം അവിചാരിതമായി ഓട്ടം അവസാനിപ്പിക്കേണ്ടിവന്നു.
തുടർന്ന് ആരോഗ്യ പരിശോധനകൾ പൂർത്തിയാക്കിയ ശേഷം, വ്യാഴാഴ്ച പുലർച്ച വീണ്ടും ഓടാൻ ഒരുങ്ങുകയാണ് ഇവർ. തീരുമാനിച്ചിറങ്ങിയ ദൗത്യത്തിൽ പിൻവാങ്ങില്ലെന്നുറപ്പിച്ചാണ് സൂഫിയ വീണ്ടും ഓടാൻ ഒരുങ്ങുന്നത്. 2023 ജനുവരിയിൽ അബു സംറയിൽനിന്നും അൽ റുവൈസിലേക്ക് 193 കി.മീ ദൂരം 30 മണിക്കൂർ 31 മിനിറ്റിൽ ഓടി ഒരു വർഷം മുമ്പ് സൂഫിയ തന്നെ റെക്കോഡ് കുറിച്ചിരുന്നു.
എന്നാൽ, ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഫിലിപ്പീനോ ഓട്ടക്കാരി, മിനിറ്റുകളുടെ വ്യത്യാസത്തിൽ തിരുത്തിയതിനുപിന്നാലെയാണ് സൂഫിയ 24 മണിക്കൂറിൽ ഓടിത്തീർത്ത് പുതിയ റെക്കോഡ് കുറിക്കാനായി ഖത്തറിൽ തിരികെയെത്തിയത്.
പത്തുവർഷത്തോളമായി വ്യോമയാന മേഖലയിൽ ജോലി ചെയ്തിരുന്ന സൂഫിയ, ഫിറ്റ്നസിനുവേണ്ടി ഓടിത്തുടങ്ങിയ ശേഷം, 2017 മുതലാണ് ഓട്ടം ഗൗരവത്തിലെടുക്കുന്നത്. ഇതിനകം നിരവധി ലോകറെക്കോഡുകളും അവർ കുറിച്ചുകഴിഞ്ഞു. കശ്മീരിൽ നിന്നും കന്യകുമാരിവരെ നീണ്ടുനിന്ന 2019ലെ ട്രാൻസ് ഇന്ത്യ റണ്ണിലൂടെയാണ് ഈ അജ്മീറുകാരി ശ്രദ്ധ നേടുന്നത്. 4000 കി.മീ ദൂരം 87 ദിവസം കൊണ്ട് ഓടിയ ഇവർ ഇന്ത്യയുടെ രണ്ടറ്റങ്ങൾ സ്പർശിച്ചുകൊണ്ട് ഓടിയ ആദ്യ വനിതാ ഓട്ടക്കാരിയായി. ഈ നേട്ടം ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡിലും ഇടംനേടിയിരുന്നു.
2021ൽ ഇന്ത്യയുടെ നാലുഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലൂടെ 6000ത്തിലേറെ കിലോമീറ്റർ ഓടുന്ന ‘ഗോൾഡൻ ക്വാഡ്രിലാറ്ററൽ ഹൈവേ റൺ’ അതിവേഗത്തിൽ ഓടിത്തീർത്തും ഇവർ റെക്കോഡ് കുറിച്ചു. 110 ദിവസം എന്ന മുൻ റെക്കോഡിനെ 82 ദിവസത്തിനുള്ളിൽ പൂർത്തിയാക്കിക്കൊണ്ടാണ് സൂഫി റെക്കോഡ് കുറിച്ചത്. മണാലിയിൽ നിന്നും ലേയിലേക്കുള്ള ദുർഘടമായ ഹിമാലയൻ അൾട്രാ റൺ 152 മണിക്കൂറിൽ പൂർത്തിയാക്കി ആദ്യ വനിത അത്ലറ്റായി ഗിന്നസ് റെക്കോഡ് ബുക്കിൽ ഇടംനേടി.
ഈ നേട്ടം കഴിഞ്ഞ വർഷം ആഗസ്റ്റിൽ മറികടന്നാണ് സൂഫിയ ഇത്തവണ ഖത്തറിലെത്തുന്നത്. മണാലിയിൽനിന്നും ലേയിലേക്ക് അഞ്ച് ഉയർന്ന മലമ്പാതകൾ താണ്ടി 98.27 മിനിറ്റിലാണ് റെക്കോഡ് തിരുത്തിയത്. പുരുഷ വനിത വിഭാഗങ്ങളിൽ അതിവേഗത്തിലെ റെക്കോഡായും ഇതുമാറി. ഇന്ത്യൻ ആർമിയുമായി സഹകരിച്ച് സിയാച്ചിനിലെ ബേസ് ക്യാമ്പിൽ നിന്നും കാർഗിൽ യുദ്ധ സ്മാരകത്തിലേക്കും ഓടി നേട്ടം തുടർന്നു. 2022ലായിരുന്നു ഈ ദൗത്യം.
ഏഴു വർഷം നീണ്ട അൾട്രാ റൺ കരിയറിനിടയിൽ അഞ്ചു ഗിന്നസ് ലോക റെക്കോഡുകളാണ് ഈ അജ്മീറുകാരി സ്വന്തം പേരിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.