മൂവാറ്റുപുഴ: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡലുകൾ അടക്കം വാരിക്കൂട്ടി സുരേഷ് മാധവനും കുടുംബവും. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തിലും വനിത വിഭാഗത്തിലുമാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് മൂവാറ്റുപുഴ മേലേത്തുചാലില് വീട്ടില്‍ സുരേഷ് മാധവന് ഭാര്യ റീജ സുരേഷ്, മക്കളായ ആര്‍ദ്ര, അമേയ, ആരാധ്യ എന്നിവർ മെഡലുകൾ വാരിക്കൂട്ടിയത്. ആറ് സ്വര്‍ണ മെഡലും ആറ് വെള്ളി മെഡലും ഒരു വെങ്കലമെഡലുമാണ് കുടുംബം നേടിയത്.
പഞ്ചഗുസ്തി മത്സരങ്ങളുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണു ഒരു കുടുംബം ഇത്രയും മെഡലുകൾ നേടുന്നത്. സുരേഷ് മാധവൻ 90 കിലോഗ്രാം ഗ്രാൻഡ് മാസ്റ്റർ ഇടതു വലതുകൈ വിഭാഗങ്ങളിൽ സ്വർണമെഡലുകൾ നേടി. സുരേഷ് മാസ്റ്റേഴ്സ് 70 കിലോ വിഭാഗത്തിൽ സ്വർണവും സീനിയർ വിഭാഗത്തിൽ രണ്ട് വെള്ളി മെഡലും നേടി. ആർദ്ര സുരേഷ് ജൂനിയർ 45 കിലോ വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും സീനിയർ 50 കിലോ വിഭാഗത്തിൽ രണ്ടു വെള്ളിയും നേടി. മൂവാറ്റുപുഴ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഉപരി പഠനത്തിന് തയാറെടുക്കുകയാണ് ആർദ്ര.
മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അമേയ സുരേഷ് ജൂനിയർ 45 കിലോ വിഭാഗത്തിൽ ഒരു വെള്ളിയും ഒരു വെങ്കലവും നേടി. മൂവാറ്റുപുഴ ടൗൺ ഗവ. യുപി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയായ ആരാധ്യ സുരേഷ് സബ് ജൂനിയർ 40 കിലോക്ക് താഴെയുള്ള വിഭാഗത്തിൽ രണ്ട് ഗോൾഡ് മെഡൽ നേടി.
ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ കസാഖ്സ്താനിലെ അൽമാട്ടിയിൽ നടക്കുന്ന ലോക പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിലേക്കു അഞ്ചുപേരും യോഗ്യത നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.