1. അ​ധ്യാ​പ​ക സം​ഗ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ സ്കൂ​ളി​ന്‍റെ മാ​തൃ​ക പു​ന​രാ​വി​ഷ്ക​രി​ച്ച​പ്പോ​ൾ  2. ഫാ​രി​ദ ഹം​സ

ഓർത്തെടുക്കാൻ സ്കൂളിന്‍റെ ചിത്രം പോലുമില്ല, ഓർമകളിൽ മധുരം നിറക്കാൻ അവരിന്ന് ഒത്തുചേരും

ഗുരുവായൂർ: ഗുരുവന്ദനവും പൂർവ വിദ്യാർഥി സംഗമവുമൊക്കെ പതിവ് കാഴ്ചകളെങ്കിലും മുതുവട്ടൂർ രാജ യു.പി സ്കൂളിലെ പൂർവകാല ഗുരുനാഥർ അധ്യാപക ദിനത്തിൽ ഒത്തുചേരുമ്പോൾ ഏറെ സവിശേഷതകളുണ്ടതിന്. മൂന്ന് പതിറ്റാണ്ട് മുമ്പ് ചരിത്രത്തിലേക്ക് മൺമറഞ്ഞ സ്കൂളിൽ അധ്യാപകരായിരുന്നവരാണ് ഇപ്പോൾ ഒത്തുചേരുന്നത്.

ഈ ഒത്തുചേരലിന് വേദിയൊരുങ്ങുന്നത് 1986ൽ ഈ സ്കൂളിൽ ഏഴാം ക്ലാസ് പൂർത്തിയാക്കി, ഇപ്പോൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി ജീവിതം ഉഴിഞ്ഞുവെച്ച അധ്യാപിക ഫാരിദ ഹംസയുടെ ഇൻസൈറ്റ് സ്പെഷൽ സ്കൂൾ മുറ്റത്താണ്.

ഏറെക്കാലം മികച്ച വിദ്യാലമായി ഗുരുവായൂർ-ചാവക്കാട് മേഖലയിൽ തിളങ്ങിനിന്ന സ്കൂളിനാണ് 1980കളുടെ അവസാനത്തിൽ താഴുവീണത്. കല്ലിന്മേൽ കല്ല് ശേഷിക്കാത്ത വിധം സ്കൂൾ ഇല്ലാതായി. നാട്ടിലെ സ്കൂളുകളിലെല്ലാം പൂർവ വിദ്യാർഥി സംഗമം നടക്കുമ്പോൾ ഇവിടത്തെ വിദ്യാർഥികൾക്ക് ഇതെല്ലാം അന്യമായിരുന്നു.

ഈ സാഹചര്യത്തിലാണ് ഫാരിദ ഹംസ ഒത്തുകൂടലിന് മുന്നിട്ടിറങ്ങിയത്. ഒരുമനയൂരിലെ അൽ ഹുദ, നാഷനൽ ഹുദ സ്കൂളുകളിലും കുന്നംകുളം ഗവ. അന്ധ വിദ്യാലയത്തിലും അധ്യാപികയായിട്ടുള്ള ജീവകാരുണ്യ പ്രവർത്തക കൂടിയായ ഫാരിദ ഇപ്പോൾ ഗുരുവായൂരിനടുത്ത് താമരയൂരിൽ ഭിന്നശേഷിക്കാർക്കായി സ്കൂൾ നടത്തിവരുകയാണ്.

പഴയ സ്കൂൾ നിലനിന്ന സ്ഥലത്ത് മറ്റൊരു വീട് ഉയർന്നതിനാൽ തന്‍റെ വിദ്യാലയമുറ്റം തന്നെ വേദിയാക്കി നിശ്ചയിച്ചു. ജീവിച്ചിരിപ്പുള്ള 17 അധ്യാപകരെ സംഗമത്തിന് ക്ഷണിച്ചു. സ്കൂൾ ഇല്ലാതായതിനാൽ പഴയ വിദ്യാർഥികളുമായി കണ്ടുമുട്ടലിന് ഇനിയൊരു വേദിയുണ്ടാവില്ലെന്ന് നിനച്ചിരുന്ന അധ്യാപകർ ഏറെ സന്തോഷപൂർവമാണ് ക്ഷണം സ്വീകരിച്ചതെന്ന് ഫാരിദ പറഞ്ഞു.

അക്ഷരവഴികളിലേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകരെ കാണാൻ പൂർവ വിദ്യാർഥികളും എത്തുന്നുണ്ട്. സൈമൻ, അബ്ദുറഹ്മാൻ, ജേക്കബ്, മുഹമ്മദ്, കൊച്ചന്നം, ലൈല, അംബുജം, ശോഭന, ആനി, ലിസി, ഗ്രേസി, സഹീറ, സഫിയ, നസ്മ എന്നീ അധ്യാപകരെ ചടങ്ങിൽ ആദരിക്കും.

ഇവർക്കൊപ്പം താമരയൂർ പ്രദേശത്തെ റിട്ട. അധ്യാപിക സുബൈദ, ഒരുപാട് തലമുറകൾക്ക് ട്യൂഷനെടുത്ത മനോഹരൻ, ചിത്രം അവശേഷിക്കാത്തതിനാൽ തന്‍റെ ഓർമയിൽനിന്ന് സ്കൂളിന്‍റെ ചെറുമാതൃക മെനഞ്ഞെടുത്ത കലാകാരനായ പൂർവ വിദ്യാർഥി ബൈജു മമ്മിയൂർ എന്നിവരെയും ആദരിക്കും. 

Tags:    
News Summary - Teachers Day-memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.