ആ കാവൽവിളക്ക് ചന്ദ്രമതിയുടേതല്ല

കായംകുളത്തെ കായൽതീരത്ത് കണ്ണുചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്ക് ചന്ദ്രമതിയുടേതല്ല. അങ്ങനെയാണെന്ന് അവരും കരുതുന്നില്ല. മറ്റാരും അങ്ങനെ വിശ്വസിക്കുന്നുമില്ല. എങ്കിലും ഒരുകാര്യം ഉറപ്പ്. കുഞ്ഞോളപ്പരപ്പുകളെയും തെങ്ങോലകളെയും തട്ടിത്തഴുകി തകൃതിയായി കാറ്റടിച്ചാലും ആ വിളക്ക് കണ്ണടക്കില്ല. അത്രക്കു സുരക്ഷിതമാണ് തോട്ടുമുഖപ്പിൽ ചന്ദ്രമതി എന്ന എഴുപത്തഞ്ചുകാരിയുടെ കൈകളിൽ ആ മണ്ണെണ്ണ വിളക്ക് ഇന്നും. അതുകണ്ട് ദിശ അറിഞ്ഞുവേണം മാർക്കറ്റിലേക്കുള്ള വള്ളങ്ങളും മറ്റും കടന്നുവരാൻ. തൊട്ടടുത്ത് പ്രകാശം ചൊരിഞ്ഞ് ഉയരങ്ങളിൽ നിൽക്കുന്ന വൈദ്യുതി വിളക്കുകളും വീടുകളും ധാരാളമുണ്ടെങ്കിലും ആ തിരിതെളിക്കൽ പതിറ്റാണ്ടുകൾ പിന്നിട്ട് ഇന്നും തുടരുന്നു.

വിളക്ക് ചന്ദ്രമതിയിൽ

പ്രത്യേകതരം ലോഹത്തിൽ നിർമിച്ച വിളക്കുകാലിൽ രാജഭരണകാലത്ത് സാർവത്രികമായി കണ്ടുവന്നിരുന്ന ട്രാവൻകൂർ മുദ്രയുള്ളതിനാൽ അക്കാലം മുതലായിരിക്കണം ഇതിനു തുടക്കമിട്ടതെന്നും കരുതാം. എന്നാൽ, ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഏതോ സായിപ്പ് നിർമിച്ചതാണെന്നാണ് ചന്ദ്രമതിയുടെ അഭിപ്രായം. റോഡുകളും മറ്റും ഇത്രത്തോളം വികസിതമല്ലാതിരുന്ന അക്കാലത്ത് ജലപാതയായിരുന്നു ജനങ്ങളുടെ ഏക ആശ്രയം. കായംകുളം മാർക്കറ്റിലേക്ക് ചരക്കുകയറ്റിയ വലിയകേവുവള്ളങ്ങളും മത്സ്യബന്ധന വള്ളങ്ങളുമെല്ലാം കടന്നുവന്നിരുന്നതും കായലിെന്റ കവാടമായ കോട്ടക്കടവ് ഭാഗത്തുകൂടിയായിരുന്നു. ദിശതെറ്റി പലപ്പോഴും വള്ളങ്ങൾ കായലിൽ ചുറ്റിത്തിരിയുന്നത് പതിവായി. ഇതേത്തുടർന്ന് അന്നത്തെ ഭരണാധികാരികൾ ഒരു തീരുമാനമെടുത്തു. മലഞ്ചരക്കുകളും മറ്റുമായി കായംകുളത്തേക്കുള്ള പ്രധാന ജലപാതയായ കരിപ്പുഴതോടും കായംകുളം കായലും സംഗമിക്കുന്ന തോടുമുഖപ്പിൽ ഒരു വിളക്കുകാൽ സ്ഥാപിച്ച് അതിൽ തിരി തെളിയിക്കുക. അങ്ങനെയാണ് നഗരസഭയുടെ 37ാം വാർഡിൽ ദേശീയപാതയിലെ ഹൈവേ പാലത്തിനു പടിഞ്ഞാറ് വനിത പോളിടെക്നിക്കിനു സമീപം തോട്ടുമുഖപ്പിലെ പുറമ്പോക്കു ഭൂമിയിൽ 35 അടിയിലേറെ ഉയരത്തിൽ വിളക്കുകാൽ സ്ഥാപിച്ചതും അതിൽ ചില്ലുകൂടുണ്ടാക്കി വിളക്കു തെളിച്ചു തുടങ്ങിയതും. വിളക്കുതെളിക്കാൻ അക്കാലത്തെ സമീപതാമസക്കാരായ മൂന്ന് സായ്പന്മാരുടെ കുടുംബത്തേയും ഭരണാധികാരികൾ ഏൽപിച്ചു. മണ്ണെണ്ണ വാങ്ങാനായി പ്രത്യേക പെർമിറ്റും അനുവദിച്ചു. സ്വാതന്ത്ര്യാനന്തരം കേരളത്തിൽ തന്നെ താമസക്കാരായ സായ്പ്പന്മാർ തലമുറകളിൽ നിന്നും തലമുറകളിലേക്കു കൈമാറിയ ഈ ജോലി മുടക്കം കൂടാതെ ചെയ്തുവന്നിരുന്നുവെങ്കിലും ഒടുവിലത്തെ സായിപ്പ് മരണപ്പെടുന്നതിനു മുമ്പേ തോട്ടുമുഖപ്പിൽ ശിവരാമനെ ഏൽപിക്കുകയായിരുന്നു. എന്നാൽ, 85ാം വയസ്സിൽ അദ്ദേഹം അവശതയിലായപ്പോൾ മകൾ ചന്ദ്രമതിയെ അരികെ വിളിച്ചു പറഞ്ഞു. ''ഇത്രയുംനാൾ ആ വിളക്കു ഞാൻ തെളിച്ചു. ഇനി എെന്റ മകൾ വേണം അതു തെളിക്കാൻ. ഒരിക്കലും മുടക്കം വരരുത്.''

വിളക്ക് തകരുന്നു

ഇതിനിടയിൽ കേരളത്തെ നടുക്കിയ 99ലെ വെള്ളപ്പൊക്കവും അതിനുശേഷം പലപ്പോഴുണ്ടായ പ്രളയവും മറ്റു പ്രകൃതിക്ഷോഭങ്ങളുമൊക്കെ വിളക്കുകാലിെന്റ മുകൾഭാഗം പതിനഞ്ചടിയോളം തകർത്തു. ചില്ലുകൂടും ഇല്ലാതായി. ആരോട് പരാതിപ്പെടണമെന്നറിയാതെ ചന്ദ്രമതി കുഴങ്ങിയെങ്കിലും അവർ നിരാശയായില്ല. തുടർന്ന് മുടങ്ങാതെ വിളക്കുതെളിക്കുമെന്ന് അച്ഛനോടു ചെയ്ത വാഗ്ദാനം നിറവേറ്റാനായി അവശേഷിച്ച പതിനഞ്ചടിയോളം ഉയരമുള്ള വിളക്കുകാലിൽ തടിയുംപലകയും ചില്ലും മറ്റും ഉപയോഗിച്ചു പ്രത്യേക കൂടുണ്ടാക്കി അതിൽ മണ്ണെണ്ണ വിളക്കു സ്ഥാപിച്ചു. തുടർന്ന് തിരിതെളിച്ചുതുടങ്ങി. തലമുറകളിലൂടെ തന്റെ കൈകളിൽ എത്തിച്ചേർന്ന ആ ജോലി 75ാം വയസ്സിലും മുടങ്ങാതെ ചെയ്യുമ്പോൾ ചന്ദ്രമതിയുടെ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം, സംതൃപ്തി. എന്നാൽ, തിരിതെളിക്കാനുള്ള മണ്ണെണ്ണ വാങ്ങാനായി പ്രതിമാസം എഴുന്നൂറു രൂപ ലഭിക്കുന്നുണ്ടെങ്കിലും ആ തുക മണ്ണെണ്ണ വാങ്ങാൻ തികയില്ലെന്നു പറയുന്നു രാവന്തിയോളം കയർ പിരിച്ച് കുടുംബം പോറ്റുന്ന ചന്ദ്രമതി.

ആ തുക ആരുടേത്?

മാസംതോറും മണ്ണെണ്ണ വാങ്ങാനായി ചന്ദ്രമതിയുടെ അക്കൗണ്ടിൽ എത്തുന്ന തുക സർക്കാർ നൽകുന്നതാണെന്നാണ് നാട്ടുകാർ കരുതുന്നത്. എന്നാൽ, സത്യം അതല്ല, ഒരു വ്യക്തിയാണ് തന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിക്കുന്നത് എന്നാണ് ചന്ദ്രമതി പറയുന്നത്. താൻ ഒരു ഇടനിലക്കാരി മാത്രമാണെന്ന് അടുത്തകാലത്താണ് ചന്ദ്രമതിക്കു മനസ്സിലായത്. ഇപ്പോൾ മാത്രമല്ല, പിതാവിെന്റ കാലത്തും ഒരാൾ നേരിട്ടുവന്ന് പണം നൽകുകയായിരുന്നു. അച്ഛന്റെ മരണശേഷം താൻ ജോലി ഏറ്റെടുത്തതോടെ ഇപ്പോൾ തന്റെ അക്കൗണ്ടിലേക്കു തുക വരുകയാണെന്ന് ചന്ദ്രമതി പറയുന്നു. ഈ വിളക്കു തെളിക്കാൻ സർക്കാർ എത്രതുക നൽകുന്നെന്നോ ആ തുക മുഴുവനും ലഭിക്കുന്നുണ്ടോ എന്നൊന്നും അവർക്കറിയില്ല. ഈ ജോലി മുടങ്ങാതെ ചെയ്യുന്ന തന്നെ സർക്കാർ അംഗീകരിക്കാൻ തയാറായിട്ടില്ലെന്ന് ചന്ദ്രമതിക്ക് പരിഭവമുണ്ട്. സർക്കാർ രേഖകളിൽ ഒരു പക്ഷേ താനായിരിക്കില്ല ആ ജോലി ചെയ്യുന്നത് എന്ന കാരണംകൊണ്ടായിരിക്കാം അതെന്നും അവർ പറയുന്നു.

Tags:    
News Summary - That watchtower does not belong to Chandramathy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.