ചെറുതുരുത്തി: പ്രായം വെറും നമ്പർ മാത്രമെന്ന് തെളിയിച്ച് പരിമിതികളോട് പടവെട്ടി പ്ലസ് ടു തുല്യത പരീക്ഷ ജയിച്ച് മാതൃകയാവുകയാണ് 64കാരിയായ വീട്ടമ്മ.ദേശമംഗലം പഞ്ചായത്ത് 14ാം വാർഡ് കടുകശ്ശേരി തച്ചൻകുന്നിന് സമീപം കളത്തിലായിൽ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ പ്രസന്നയാണ് പഠനത്തിൽ നേട്ടം കൊയ്ത് നാടിന്റെ ആദരം ഏറ്റുവാങ്ങുന്നത്.
പഞ്ചായത്തിൽ ആദ്യമായാണ് 64 വയസ്സുള്ള വീട്ടമ്മ പ്ലസ് ടു പാസാകുന്നത്. 13 വർഷം മുമ്പാണ് ഭർത്താവ് ഗോവിന്ദൻ നായർ മകളുടെ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം മരിച്ചത്. മകളുടെ കല്യാണ കടങ്ങളും മറ്റും വലിയ ബാധ്യതയായിരുന്നു ഇവർക്ക്. കൂലിപ്പണി എടുത്തും പശുവിനെ വളർത്തി പാല് വിറ്റും കടങ്ങൾ വീട്ടി. മകൾ പ്ലസ് ടു വരെ പഠിച്ചു. മൂത്ത മകൻ ശിവശങ്കരനും രണ്ടാമൻ രാജകുമാരനും പത്താം ക്ലാസ് വരെ പഠിച്ചു.
മക്കളെ പഠിപ്പിച്ച് നല്ല നിലയിൽ എത്തിക്കണമെന്ന് ഗോവിന്ദൻ നായർ ആഗ്രഹിച്ചിരുന്നു. എന്നാൽ, അവർ കൂടുതൽ മുന്നോട്ട് പോയില്ല. മരിക്കുമ്പോൾ ഭർത്താവ് പറഞ്ഞ വാക്കിന് വില കൽപിച്ചാണ് വടക്കാഞ്ചേരി സ്കൂളിൽ 46 വിദ്യാർഥികളിൽ ഏറ്റവും പ്രായം ചെന്ന പഠിതാവായായി പ്രസന്ന പത്ത്, പ്ലസ് ടു തുല്യത പഠിക്കാൻ പോയത്. 2021ലാണ് പത്താം ക്ലാസ് പരീക്ഷ പാസായത്. ഈ വർഷമാണ് പ്ലസ് ടു നല്ല മാർക്കോടെ വിജയിച്ചത്. ഈ സമയം അത്രയും തൊഴിലുറപ്പ് ജോലിക്ക് രാവിലെ മുതൽ വൈകീട്ടു വരെ പോവുകയും ശനി, ഞായർ ദിവസങ്ങൾ സ്കൂൾ പഠനവുമായി മുന്നോട്ടു പോവുകയുമായിരുന്നു. അമ്മയെ പഠനത്തിൽ സഹായിക്കാൻ രണ്ട് ആൺമക്കളും ഉണ്ടായിരുന്നു.
ബുദ്ധിമുട്ടി പഠിക്കണമെന്ന വാശിയോടെയാണ് ഈ പ്രായത്തിൽ പഠിക്കാൻ പോയത്. അതിൽ താൻ വിജയം കണ്ടു എന്നാണ് പ്രസന്ന പറയുന്നത്. ഇതോടെ പഞ്ചായത്തിൽനിന്ന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. കടുകശ്ശേരി തച്ചകുന്നു അംഗൻവാടിയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസന്നയെ വാർഡ് അംഗം സി.പി. രാജൻ പൊന്നാട അണിയിച്ചും മെമന്റോ നൽകിയും ആദരിച്ചു. സാമ്പത്തികനില മോശമായതിനാൽ ഗവ. കോളജിൽ ഡിഗ്രിക്ക് സീറ്റ് കിട്ടിയാൽ പഠിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രസന്ന പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.