നീലേശ്വരം: ഒന്നിച്ച് പഠിച്ചവരുടെ വിവാഹം ഒന്നിച്ച് നടത്തി മാതൃകയാവുകയാണ് പൂർവ വിദ്യാർഥി സംഘടന. മടിക്കൈ മേക്കാട്ട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ 1990- 91 എസ്.എസ്.എൽ.സി ബാച്ച് മഴവില്ല് പൂർവ വിദ്യാർഥി സംഘടനയാണ് സഹപാഠികളുടെ വിവാഹത്തിന് നേതൃത്വം വഹിച്ചത്.
മടിക്കൈ എരിക്കുളം ഒളയത്ത് പരേതനായ നിട്ടടുക്കൻ കുഞ്ഞിക്കേളുവിന്റെയും പുലിക്കോടൻ വീട്ടിൽ നാരായണയുടെയും മകൻ പി. സുരേഷിന്റെയും ചാളകടവിലെ പരേതനായ കടയങ്ങൻ കുഞ്ഞിക്കണ്ണന്റെയും പള്ളിപ്പുറം വീട്ടിൽ തമ്പായിയുടെയും മകൾ ഗീതയുടെയും വിവാഹമാണ് നടത്തിയത്. കുടുംബനാഥനെ പോലെ വിവാഹാലോചനയും ചടങ്ങ് ചർച്ചയും നടത്തിപ്പുമെല്ലാം കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു.
ഗീത നേരത്തെ വിവാഹിതയായിരുന്നുവെങ്കിലും ഭർത്താവ് മരണപ്പെടുകയായിരുന്നു. ബാച്ച് യോഗങ്ങളിൽ ഗീതയെ കണ്ട് കാര്യങ്ങൾ അറിഞ്ഞതോടെ അവിവാഹിതനായിരുന്ന സുരേഷ് ഭാരവാഹികളോട് ഗീതയെ വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചു.
തുടർന്ന് സഹപാഠികൾ ഇടപെട്ട് ഇരു വീട്ടുകാരുടെയും സമ്മതത്തോടെ കക്കാട്ട് മഹാവിഷ്ണുക്ഷേത്രത്തിൽ വിവാഹം നടത്തി. സഹപാഠി മഴവില്ല് ഭാരവാഹികളായ സഹദേവൻ കൊല്ലിക്കാൽ, പീതാംബരൻ എരികുളം, വി.വി. ഗോപി കാലിച്ചാംപൊതി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.