കൽപറ്റ: അവധിക്കാല ഒഴിവുദിനങ്ങൾ തള്ളിനീക്കാൻ വെറുതെ നീന്തൽ പഠിക്കാൻ പോയ പെൺകുട്ടി ഇന്ന് ലോക മത്സരത്തിനുള്ള കുട്ടികളുടെ പരിശീലകയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ്. സെപ്റ്റംബർ ഒന്നു മുതൽ സ്പെയിനിൽ നടക്കുന്ന ലോക അക്വാട്ടിക് വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകയായിട്ടാണ് ബത്തേരിക്കാരി ബിജി വർഗീസിന്റെ നിയമനം.
സുൽത്താൻ ബത്തേരി കുപ്പാടി വടക്കേപുറത്ത് കുടിയിൽ പരേതനായ വർഗീസിന്റെയും കുഞ്ഞമ്മയുടെയും മൂന്നു മക്കളിൽ ഇളയവളാണ് ബിജി. കുപ്പാടി കടമാൻ ചിറയിൽ നിന്നാണ് നീന്തലിന്റെ ബാലപാഠം സ്വായത്തമാക്കുന്നത്. ഒമ്പതാം ക്ലാസിലെ അവധിക്കാലത്താണ് നീന്തൽ പഠിക്കണമെന്ന ആഗ്രഹം ബിജിക്ക് ഉണ്ടാവുന്നത്. വെള്ളലിത്തിറങ്ങിയാൽ മുങ്ങുന്ന പെൺകുട്ടി കാലക്രമേണ ഒഴുക്കിനൊപ്പവും ഒഴുക്കിനെതിരെയും നീന്തിത്തുടങ്ങി.
അസംപ്ഷൻ സ്കൂളിൽ നിന്നും പത്താം ക്ലാസിന് ശേഷം തുടർ വിദ്യാഭ്യാസം സെന്റ് മേരീസ് കോളജിലായിരുന്നു. പത്താം ക്ലാസു മുതൽ ദേശീയ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. 2011ലെ റാഞ്ചിയിൽ നടന്ന ദേശീയ ഗെയിംസിൽ വാട്ടർപോളോയിൽ ടീം സ്വർണ മെഡൽ സ്വന്തമാക്കി.
അതോടെ മത്സര രംഗത്തുനിന്നും പിൻവാങ്ങി. പിന്നെ പരിശീലകയുടെ കുപ്പായമണിഞ്ഞു. വൈകുന്നേരങ്ങളിൽ വയനാട് ക്ലബിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. കുട്ടികൾ ഒത്തിരി വന്നു പരിശീലിക്കുന്നുണ്ടെങ്കിലും 12 കുട്ടികളാണ് സ്ഥിരം പരിശീലനത്തിന് എത്തുന്നത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് ഒരുമാസത്തെ പരിശീലനം. ജൂലൈ 31ന് പരിശീലനം തുടങ്ങും. രണ്ട് കോച്ചുകളാണ് ഉണ്ടാവുക.
ബിജിക്ക് പുറമെ ബംഗാളിൽനിന്നുള്ള മറ്റൊരു കോച്ചുമുണ്ട്. ബത്തേരി ടെക്നിക്കൽ സ്കൂളിലെ സോഷ്യൽ സയൻസ് അധ്യാപികയാണ്. കെ.എസ്.ഇ.ബി എൻജിനീയറായ മൂലങ്കാവ് പാലക്കുന്നേൽ ജോഷിയാണ് ഭർത്താവ്. മക്കൾ: പ്ലസ് വൺകാരനായ എൽദോ ആൽവിൻ ജോഷി, ഏഴാം ക്ലാസിൽ പഠിക്കുന്ന ആദ്യ മരിയ ജോഷി. മക്കൾ രണ്ടാളും സംസ്ഥാനതലത്തിൽ മത്സരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.